സിറിയന്‍ ആഭ്യന്തര യുദ്ധം: ബൂത്വിയുടെ നിലപാട് ശരിയായിരുന്നോ?

റാശിദ് ഹുദവി കൊടുവള്ളി

03 March, 2018

+ -
image

സിറിയയില്‍ നടന്ന് കൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധം മൂലം രാജ്യം ഏതാണ്ട് തരിപ്പണമായിരിക്കുകയാണ്. ഒരു ഭാഗത്ത് തലയറുക്കല്‍ പ്രക്രിയ സജീവമായി നടത്തുന്ന ഐ.എസ്.ഐ.എസ്, അതിനെ പ്രതിരോധിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുന്ന ബശ്ശാര്‍ അസദിന്റെ സര്‍ക്കാര്‍, ഐസിസിനെ തകര്‍ക്കാന്‍ വ്യോമാക്രാമണം ശക്തമാകുന്ന പാശ്ചാത്യ രാജ്യങ്ങള്‍, എല്ലാ ആക്രമങ്ങളുടെയും ദുരന്തം ഏറ്റു വാങ്ങി കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ അതല്ലെങ്കില്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷ തേടാന്‍ വീടും നാടും ഉപേക്ഷിച്ച് മെഡിറ്റേറിയനിലൂടെ യൂറോപ്പ് കടക്കുകയോ ചെയ്യുന്ന ജനങ്ങള്‍, ഇതാണ് സിറിയയിലെ ഇന്നത്തെ ചരിത്രം. 

ചുരുക്കിപ്പറഞ്ഞാല്‍ സിറിയയില്‍ ജനാധിപത്യാവകാശത്തിനായി തുടങ്ങിയ ജനകീയ സമരം വന്‍പരാജയം തന്നെയാണെന്ന് എല്ലാവരും സമ്മതിച്ചിരിക്കുകയാണ്. അക്രമ നടപടികളുള്ള അസദിന്റെ അപ്രമാദിത്യ സിറിയയായിരുന്നു തീര്‍ത്തും അരക്ഷിതമായ ഇന്നത്തെ സിറിയയേക്കാള്‍ നല്ലതെന്ന് സമ്മതിക്കാത്തവരുണ്ടാകില്ല. സമരം തുടങ്ങുമ്പോള്‍ തന്നെ ഇത് മുന്‍കൂട്ടി കാണുകയും അത് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ഒരു സിറിയന്‍ പണ്ഡിതനുണ്ടായിരുന്നു, സഈദ് റമളാന്‍ അല്‍ ബൂത്വി.

തുര്‍ക്കിയില്‍ ജനിച്ച റമളാന്‍ അല്‍ ബുത്വി കമാല്‍ പാഷയുടെ മതനിരാസ ഭരണകാലത്താണ് സിറിയയിലേക്ക് കുടിയേറുന്നത്. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നിന്നാണ് അദ്ദേഹം തന്റെ പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്. 

ശിയാ വിഭാഗക്കരനായ ബശ്ശാര്‍ അല്‍ അസദിനെ താഴെയിറക്കാനുള്ള പ്രക്ഷോഭത്തിന് സിറിയയിലെ സുന്നികളില്‍ നിന്ന് വന്‍പിന്തുണയാണ് ലഭിച്ചിരുന്നത്. എന്നാല്‍ സുന്നീ ധാരയിലെ ഏറ്റവും പ്രഗത്ഭ പണ്ഡിതരിലൊരാളും അശ്അരീ സരണിയുടെ വക്താവുമായ ബൂഥി ഭരണകൂടത്തെ പിന്തുണക്കുന്നതാണ് കണ്ടത്. 

ബശ്ശാര്‍ അല്‍ അസദിന്റെ അക്രമ ഭരണത്തിനുള്ള ഗുഡ് സര്‍ട്ടിഫിക്കറ്റ് ആയിരുന്നില്ല അത്. മറിച്ച് ഇസ്ലാമിക കര്‍മ്മശാസ്ത്രത്തിലധിഷ്ഠിതമായിരുന്നു ആ നിലപാട്. ഭരണാധികാരി പരസ്യമായി സത്യനിഷേധത്തിന് മുതിരുകയോ നിസ്‌കാരം നിരോധിക്കുകയോ ചെയ്യാത്ത കാലത്തോളം ഭരണാധികാരിയെ അയാള്‍ അക്രമകാരിയാണെങ്കിലും അനുസരിക്കണമെന്നാണ് കര്‍മ്മശാസ്ത്രം പഠിപ്പിക്കുന്നത്. 

അത്‌കൊണ്ടാണ് പലവിധ പുത്തന്‍ വാദങ്ങളുമായി രംഗപ്രവേശനം ചെയ്ത മുഅ്തസിലീ വിശ്വാസധാര പിന്തുടരുകയും അതിനെ എതിര്‍ക്കുന്നവരെ നിഷ്‌കരുണം വകവരുത്തുകയും ചെയ്ത അബ്ബാസി ഖലീഫമാരെ പുറത്താക്കാന്‍ അക്കാലത്തെ പണ്ഡിതന്മാര്‍ തയ്യാറാവാതിരുന്നത്. എന്നാല്‍ അത്തരം ആശയങ്ങളെ തങ്ങളുടെ നാവ് കൊണ്ടും പേന കൊണ്ടും അവര്‍ സധൈര്യം നേരിട്ടു. അതിന്റെ പേരില്‍ കഠിനമായ മര്‍ദ്ദനങ്ങള്‍ അവര്‍ക്ക് ഏറ്റ് വാങ്ങേണ്ടി വന്നു. 

മുഅ്തസിലീ വാദങ്ങള്‍ക്കെതിരെ ശക്തമായി നിലകൊണ്ടതിനാല്‍ ഹന്‍ബലീ മദ്ഹബിന്റ ഇമാം അഹ്മദ് ഇബ്‌നു ഹന്‍ബല്‍ (റ)ന് ഖലീഫ മഅ്മൂനില്‍ നിന്ന് കിരാത മര്‍ദ്ദനം ഏറ്റ്വാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം നടത്താന്‍ അവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നില്ല. ഈ പണ്ഡിത പാരമ്പര്യം മുറുകെ പിടിച്ചാണ് സഈദ് റമളാന്‍ അല്‍ ബൂത്വി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. 

അദ്ദേഹം സിറിയന്‍ ജനതയോട് പറഞ്ഞു, 'പള്ളികളെ നശിപ്പിക്കാനും രാജ്യത്ത് കുഴപ്പമുണ്ടാക്കാനും ശ്രമിക്കുന്നവരുടെ ആഹ്വാനങ്ങള്‍ക്ക് നിങ്ങള്‍ ചെവി കൊടുക്കരുത് '.

എന്നാല്‍ ബൂഥിയുടെ വാക്കുകളോട് നേര്‍വിപരീതമായിരുന്നു ഇഖ്‌വാാനീ പണ്ഡിതനായ യൂസുഫ് അല്‍ ഖറദാവിയുടെ നിലപാട്. അസദിന്റെ ഭരണത്തിനെതിരെ ശക്തമായി പ്രതികരിച്ച ഖറദാവി അസദിനെ പിന്തുണക്കുന്നവരെയും നശിപ്പിക്കാന്‍ പ്രക്ഷോഭകാരികളോട് ആഹ്വാനം ചെയ്തിരുന്നു. 

ഇസ്രായേലിനെതിരെ പോരാടുന്നതിനേക്കാള്‍ മഹത്തരമാണ് അസദിനെപ്പോലെയുള്ള അക്രമകാരികളായ ഭരണാധികാരികള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്നതെന്ന് വരെ പറഞ്ഞ ഖറദാവി ബൂഥിയെ കണക്കിന് വിമര്‍ശിക്കാനും മറന്നില്ല.

ആളുകളെ വഴികേടിലേക്ക് നയിക്കുന്ന ബുദ്ധിശൂന്യനായ വ്യക്തിയാണ് ബൂത്വിയെന്നായിരുന്നു ഖറദാവി തുറന്നടിച്ചത്. ഖറദാവിയുടെ നിലപാടിനെതിരെ ബൂത്വിയും രംഗത്തെത്തി. പിഴച്ച മാര്‍ഗമാണ് ഖറദാവി പിന്തുടരുന്നതെന്നും ഫിത്‌നയുടെ വാതില്‍ തുറക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ബൂത്വി തിരിച്ചടിച്ചു.

ബൂത്വി-ഖറദാവി അഭിപ്രായ ഭിന്നതയോടെ പണ്ഡിതന്മാര്‍ ഈ പക്ഷത്തും ചേര്‍ന്നു. സൂഫി സരണി പിന്‍പറ്റുന്ന പണ്ഡിതര്‍ ബൂത്വിയെ പിന്തുണക്കുകയാണ് ചെയ്തത്. തന്റെ നിലപാടിന് ബൂത്വി കൊടുക്കേണ്ടത് സ്വന്തം ജീവനായിരുന്നു. 2011 മസാറയില്‍ 84 പേരുടെ ജീവനപഹരിച്ച ചാവേറാക്രമണത്തില്‍ ബൂത്വിയും കൊല്ലപ്പെട്ടു. 60 ഗ്രന്ഥങ്ങള്‍ രചിച്ച സലഫി ഇഖ്വാനി ധാരകള്‍ക്കെതിരെ ശക്തമായ തെളിവുകളുമായി സന്ധിയില്ലാ സമരം ചെയ്ത വലിയൊരു പണ്ഡിതനെയാണ് സുന്നി ലോകത്തിന് അതോടെ നഷ്ടമായത്.

ബൂത്വിയുടെ മരണത്തെ അനുശോചിച്ചെങ്കിലും പഴയ നിലപാടിന്റെ പേരില്‍ അദ്ദേഹത്തെ വെറുതെ വിടാന്‍ അപ്പോഴും ഖറദാവി തയ്യാറായിരുന്നില്ല. മരണ വാര്‍ത്തയറിഞ്ഞ ഖറദാവി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: അദ്ദേഹം തന്റെ സഹോദരനായിരുന്നു, എന്നാല്‍ യഥാര്‍ഥ മാര്‍ഗത്തിന് വിരുദ്ധമായാണ് അദ്ദേഹം മരണപ്പെട്ടത്. 

ബൂത്വി എന്താണോ ഭയപ്പെട്ടത് അത് തന്നെ സിറിയയില്‍ സംഭവിച്ചു. 2011 ഫെബ്രുവരിയില്‍ തുടങ്ങിയ പ്രക്ഷോഭം തുടങ്ങുമ്പോള്‍ സമാധാനപരമായിരുന്നെങ്കിലും പിന്നീടത് രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധമായി പരിണമിച്ചു. പ്രക്ഷോഭകാരികള്‍ ഫ്രീ സിറിയന്‍ ആര്‍മിയെന്ന പേരില്‍ ശക്തിപ്രാപിച്ചു. അല്‍ നുസ്‌റ ഫ്രണ്ട് എന്ന സലഫീ കക്ഷിയും ഇതില്‍ ചേര്‍ന്നതോടെ ഫ്രീ സിറിയന്‍ ആര്‍മി ഗവണ്‍മെന്റ് സേനക്കെതിരെ ശക്തമായ മുന്നേറ്റം നടത്തി. ഇതര രാജ്യങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ സേനയെ സഹായിച്ചത് പോലെ പാശ്ചാത്യ രാജ്യങ്ങള്‍ സിറിയന്‍ പ്രതിപക്ഷത്തിന് അത്യാധുനിക ആയുധങ്ങള്‍ നല്‍കി സഹായിച്ചു. 

സിറിയ അതോടെ യുദ്ധക്കളമായി മാറി. കുട്ടികളും സ്ത്രീകളുമടക്കം ആയിരങ്ങള്‍ നിര്‍ദ്ദയം കൊല്ലപ്പെട്ടു. വീടുകളും സ്ഥാപനങ്ങളുമെല്ലാം ശക്തമായ ബോംബാക്രമണങ്ങളില്‍ തകര്‍ന്നടിഞ്ഞു. ആശുപത്രികളും ഇത്തരം ആക്രമണങ്ങളില്‍ നിന്നൊഴിവായില്ല. 

സര്‍ക്കാര്‍ സേനയും പശ്ചാത്യപിന്തുണയുള്ള പ്രതിപക്ഷവും തമ്മില്‍ ശക്തമായ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടയിലാണ് സര്‍വ്വ തീവ്രവാദ ഗ്രൂപ്പുകളേയും അപ്രസക്തമാക്കി ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ എന്ന പേരില്‍ ഐ.എസ്.ഐ.എസ് പിറവിയെടുക്കുന്നതും സിറിയയില്‍ ശക്തരാവുന്നതും. സിറിയന്‍ യുദ്ധം ഇതോടെ മൂന്ന് കക്ഷികള്‍ തമ്മിലുള്ളതായി.

ലോകത്തില്‍ അതുവരെ ഏറ്റവും വലിയ ഭീകരരായി കണക്കാക്കപ്പെട്ടിരുന്ന അല്‍-ഖാഇദ പോലും ഐ.സി.സി നെ തള്ളിപ്പറഞ്ഞത് അവരുടെ നടപടികള്‍ ഇസ്ലാമുമായി എത്ര അകലെയാണെന്ന് തെളിയിക്കുന്നുണ്ട്. 

അറും കൊലകള്‍ നടത്തിയും സ്മാരകങ്ങളും ഔലിയാക്കളുടെ മഖാമുകളും ഇടിച്ചുനിരത്തിയും അവര്‍ ചെയ്തത് തീര്‍ത്തും സമാനതകളില്ലാത്ത ആക്രമണങ്ങളായിരുന്നു. മുസ്ലിം അമുസ്ലിം എന്ന വ്യത്യാസമില്ലാതെ തങ്ങളെ എതിര്‍ക്കുന്ന മുഴുവന്‍ പേരുടെയും രക്തം തങ്ങള്‍ക്ക് ഹലാലെന്ന രീതിയിലാണ് അവര്‍ ആളുകളെ കൊല്ലുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സഊദിയില്‍ ഉസ്മാനിയാ ഖിലാഫത്തിനെ തൂത്തെറിയുകയും തദ്ദേശീയരായ പാരമ്പര്യ സുന്നികളെ മുര്‍തദ്ദ് ആയവരെന്ന നിലക്ക് കൊന്നും കൊള്ളയടിച്ചും ഉസ്മാനു ഇബ്‌നു മള്ഊന്‍ പോലെയുള്ള മഹാന്മാരുടെ മഖ്ബറകള്‍ തച്ചുതകര്‍ത്തും സലഫീ ധാര അടിച്ചേല്‍പ്പിക്കാന്‍ ഇബ്‌നു അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ നടത്തിയ ക്രൂരമായ നടപടികളെയാണ് അതേ സലഫീ ആശയങ്ങള്‍പിന്തുടരുന്ന ഐസിസും ഓര്‍മ്മിപ്പിക്കുന്നത്. ഐസിസ് സലഫീ ധാരയില്‍ നിന്ന് ഉയിര്‍കൊണ്ട പ്രസ്ഥാനമാണെന്ന മുന്‍ മക്ക ഇമാമും പ്രമുഖ സലഫീ പണ്ഡിതനുമായ ആദില്‍ അല്‍ കല്‍ബാനിയുടെ വാക്കുകളും ഇതാണ് സൂചിപ്പിക്കുന്നത്. 

സിറിയന്‍ ആഭ്യന്തര യുദ്ധം 5-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ രാജ്യം ഏതാണ്ട് തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. 3.8 കോടി ജനസംഖ്യയില്‍ 46 ലക്ഷം പേര്‍ ഇതിനകം അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്. 76 ലക്ഷം പേര്‍ ഭവന രഹിതരായി. യാതൊരു സുരക്ഷയുമില്ലാതെ യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികള്‍ ചെറുവഞ്ചിയില്‍ പാലായനം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. 

ഈ അപകടം പിടിച്ച യാത്രയില്‍ അനേകം പേര്‍ മെഡിറ്റേറിയന്‍ കടലില്‍ മുങ്ങി മരിക്കുകയും ചെയ്തിട്ടുണ്ട്. ജനസംഖ്യയുടെ പകുതിയും അഭയാര്‍ഥികളായിത്തീര്‍ണെന്ന ദുരന്തപൂര്‍ണ്ണമായ സത്യത്തിലേക്കാണ് ആഭ്യന്തര യുദ്ധം സിറിയയെ കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ അറബ് വസന്തം എന്ന പേരില്‍ നടന്ന പ്രക്ഷോഭങ്ങള്‍ രാജ്യത്തെ തീര്‍ത്തും അരക്ഷിതമാക്കിയെന്നും അത് വലിയൊരു പരാജയമായിരുന്നു എന്നും ഇന്ന് വ്യക്തമായിരിക്കുകയാണ്. 

പുതുതായി നടത്തിയ സര്‍വ്വേ പ്രകാരം ബശ്ശാറിന്റെ ഭരണത്തിനുള്ള പിന്തുണ വര്‍ധിച്ച് വരികയാണ്. ഈ സര്‍വ്വേ പ്രകാരം 47% പേരും ബശ്ശാറിന്റെ ഭരണത്തെ പിന്തുണക്കുന്നവരാണ്. വെറും 37% പേര്‍ മാത്രമാണ് ഇന്ന് ഭരണകൂടത്തെ എതിര്‍ക്കുന്നത്. അദ്ദേഹത്തോടുള്ള അനുഭാവം കൊണ്ടല്ല ഈ പിന്തുണ വര്‍ധിച്ചത്, മറിച്ച് ശാന്ത സുന്ദര ജീവിതം നയിക്കാനുള്ള ആഗ്രഹം കൊണ്ടാണ്. രാജ്യം മുമ്പൊരുക്കലും അനുഭവിച്ചിട്ടില്ലാത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതോടെ അതുവരെ പ്രക്ഷോഭത്തെ അനുകൂലിച്ചിരുന്ന ഖറദാവി പോലെയുള്ള ഇഖ്വാനി പണ്ഡിതര്‍ തിരശ്ശീലക്ക് പിന്നിലേക്ക് മറഞ്ഞു. 

ബൂത്വിയുടെ നിലപാട് ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. അതെ, ഭരണാധികാരിയെ തകര്‍ക്കാനുള്ള ശ്രമം ഒടുവില്‍ രാജ്യത്തെ തന്നെ കൂട്ടിച്ചോറാക്കി. ബൂത്വിയുടെ നിലപാട് ശരിവെച്ച് ഭരണകൂടത്തെ അംഗീകരിച്ച് നിന്നിരുന്നുവെങ്കില്‍ ഭരണകൂടത്തിന്റെ ചില അശുഭകരമായ നടപടികള്‍ മാത്രമേ ഏറ്റുവാങ്ങേണ്ടി വരുമായിരുന്നുള്ളൂ. ഇതിപ്പോള്‍ രാജ്യത്തെ തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്.