റസാന്‍ നജ്ജാര്‍: ഇസ്രയേല്‍ ക്രൂരതയില്‍ പൊലിഞ്ഞ ഫലസ്തീന്‍ മാലാഖ

സലീം ദേളി

03 June, 2018

+ -
image

ഭയമില്ലാത്തവര്‍, മരണത്തിന് മുന്നില്‍ കീഴടങ്ങാന്‍ മടിയില്ലാത്തവര്‍... ഫലസ്തീന്‍ ജനത അങ്ങനെയാണ്. അതീജീവന പോരാട്ടത്തില്‍ ചോരാത്ത ധൈര്യവും കരുത്തുമാണ് അവരുടെ ശക്തി. പോരാട്ടം ജീവിത വഴിയാക്കിയവരുടെ നാട്ടില്‍ യുദ്ധമുഖത്തേക്ക് ഓടിയടുക്കുന്ന വൃദ്ധരെ, യുവാക്കളെ, കുട്ടികളെ, സ്ത്രീകളെ പരിചരിക്കുന്ന നഴ്‌സായിരുന്നു റസാന്‍ അഷറഫ് നജ്ജാര്‍.

ഇസ്രായേല്‍ അതിര്‍ത്തിയിലെ ദക്ഷിണ ഗാസയുടെ കിഴക്കുവശമായ ഖാന്‍ യൂനിസിലായിരുന്നു റസാന്റെ ദൗത്യം. വെള്ള യൂണിഫോമണിഞ്ഞ് ഓടിനടന്ന് പരിക്കേറ്റവരെ ശുശ്രൂശിക്കുന്നതിനിടയിലാണ് 21 കാരിയെ ഇസ്രയേല്‍ നരാധമന്മാര്‍ കരുണയില്ലാത്ത വിധം നെഞ്ചിലേക്ക് വെടിയുതിര്‍ത്ത് വധിച്ചുകളഞ്ഞിരിക്കുന്നത്. 

ഇസ്രയേല്‍ സേനയുടെ വെടിയേറ്റ് പരുക്കേല്‍ക്കുന്നവരെ ചികില്‍സിക്കാനാണ് പാരാ മെഡിക്കല്‍ സംഘത്തിലെ അംഗമായ റസാന്‍ ഗാസ മുനമ്പില്‍ എത്തിയത്. 

സ്ത്രീകള്‍ക്കും രാജ്യത്തിനു വേണ്ടി പലതും ചെയ്യാന്‍ കഴിയുമെന്ന് അവള്‍ പലപ്പോഴും പറയുമായിരുന്നു. പരുക്കേറ്റവര്‍ക്ക് ആദുര സ്പര്‍ശനം നല്‍കാന്‍ അവര്‍ മുന്നോട്ടു വരുന്നത് അങ്ങനെയാണ്. ഗാസ അതിര്‍ത്തിയിലെ 'മാലാഖ' എന്നു പോലും ഇതോടെ അവര്‍ വിശേഷിപ്പിക്കപ്പെട്ടു.

തന്റെ കൈകളുയര്‍ത്തി താന്‍ നഴ്‌സാണെന്ന് പറഞ്ഞിരുന്നെങ്കിലും രക്തദാഹികള്‍ അവളുടെ ഉടലില്‍ നിന്ന് ജീവന്‍ അപഹരിക്കുകയായിരുന്നു.

ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍

മാര്‍ച്ച് 30 മുതലാണ് 'ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍' എന്ന പ്രക്ഷോഭ പരിപാടി തുടങ്ങിയത്. ഭൂമി ദിനത്തോടനുബന്ധിച്ച് തുടങ്ങിയ പ്രതിഷേധം മെയ് 15ന് നക്ബ ദിനം വരെ തുടരാനായിരുന്നു പദ്ധതി. എന്നാല്‍ മെയ് 14 ന് ഇസ്റാഈലില്‍ യു.എസ് എംബസി തുറക്കുന്ന ചടങ്ങിനെതിരെ ഗസ്സയില്‍ വ്യാപക പ്രതിഷേധമുണ്ടാവുകയും വ്യാപക വെടിവയ്പ്പു നടക്കുകയും ചെയ്തു. പിന്നീട്, പ്രക്ഷോഭം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. അതിന്റെ ഭാഗമായി ഈ വെള്ളിയാഴ്ചയും അതിര്‍ത്തിയില്‍ പ്രതിഷേധ പരിപാടി നടന്നു.

1948ല്‍ ഇസ്റാഈല്‍ രാഷ്ട്രം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് 7.5 ലക്ഷം അറബികള്‍ ഫലസ്തീനില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടതിന്റെ ഓര്‍മ്മയായാണ് എല്ലാവര്‍ഷവും മെയ് 15ന് നക്ബ ദിനം (മഹാദുരന്ത ദിനം) ആചരിക്കുന്നത്. ഇസ്റാഈലികള്‍ കയ്യേറിയ തങ്ങളുടെ വീടും സ്ഥലവും തിരിച്ചുനല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് ഇപ്പോള്‍ 'ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍' നടത്തുന്നത്.

ഈ പോരാട്ട വഴിയും തന്നാലാവുന്നത് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു റസാന്‍ നജ്ജാര്‍. അതാണ് ഇസ്രയേല്‍ സൈന്യം അവസാനിപ്പിച്ചിരിക്കുന്നത്.

അവസാനമായി പോലും അവള്‍ പറഞ്ഞ വാക്കുകള്‍ തന്റെ ധീരത വിളിച്ചറിയിക്കുന്നതായിരുന്നു. 'hit me with your bullets. I am not afraid.' നിലക്കാത്ത സ്ഥൈര്യത്തിന്റെ ഉര്‍ജ്ജമാണ് റസാന്‍ നജ്ജാര്‍. ഒരോ ഫലസ്തീനിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി ഈ സ്‌നേഹ മാലാഖ എന്നും ശേഷിക്കും.