വര്‍ഗസ്പര്‍ദ്ധയുടെ കാലത്ത് പാണക്കാട് തരുന്ന പ്രതീക്ഷകള്‍

സിദ്ധീഖ് നദ്‌വി ചേരൂര്‍

03 December, 2017

+ -
image

പണ്ട്, വളരെ പണ്ട് ബുദ്ധിമാനായ ഒരു തയ്യല്‍ക്കാരന്‍ ജീവിച്ചിരുന്നു. പ്രായമായ അദ്ദേഹത്തോടൊപ്പം തന്റെ പേരക്കുട്ടിയും കൂട്ടിനുണ്ടാകും. ഒരു ദിവസം തന്റെ വില പിടിപ്പുള്ള കത്രിക കൊണ്ട് കയ്യിലുള്ള മനോഹരമായ ശീല തുണ്ടം തുണ്ടമാക്കി. ശേഷം കത്രിക കാലിന്നടിയിലൂടെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു. കുട്ടി ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തുടര്‍ന്നു അയാള്‍ സൂചിയെടുത്തു കഷ്ണിച്ച ശീലക്കഷ്ണങ്ങള്‍ കൂട്ടിയോജിപ്പിച്ചു നല്ല ഒരുടുപ്പ് തയ്യാറാക്കി. ആ സൂചിയെടുത്തു തലയിലെ തലപ്പാവില്‍ തിരുകി വച്ചു.

ഇതോടെ കുട്ടിക്ക് തന്റെ ജിജ്ഞാസ അടക്കിവെക്കാനായില്ല. വിലപിടിപ്പുള്ള കത്രികയെ താഴെ മൂലയിലേക്ക് വലിച്ചെറിഞ്ഞു, ഇത്തിരിയുള്ള സൂചിയെ പ്രത്യേക പരിഗണന നല്‍കി തലപ്പാവില്‍ തിരുകി വച്ചതെന്തിനാണെന്ന് ആ കുട്ടിക്കറിയണം.

അനുഭവജ്ഞാനിയായ ആ പ്രപിതാവ് കുട്ടിക്ക് വിശദീകരിച്ചു കൊടുത്തു. 

മോനേ, നോക്കൂ, ഈ കത്രികയുടെ ജോലി ഒന്നിച്ചു നില്‍ക്കുന്നതിനെ ഭിന്നിപ്പിക്കകയാണ്. ഒട്ടിനില്‍ക്കുന്നതിനെ അകറ്റുകയാണ്. അത് നമുക്കിഷ്ടമല്ല. അടുപ്പിക്കുന്നവരെയാണ് നമുക്കിഷ്ടം. സൂചി അതാണ് നിര്‍വഹിക്കുന്നത്. അതിനാല്‍ സൂചി നമ്മുടെ പ്രത്യേക ശ്രദ്ധയും പരിഗണനയും അര്‍ഹി ന്നുണ്ട്. 

വളരെ പ്രസക്തവും ശ്രദ്ധേയവുമായ ഒരു വിഷയത്തിലേക്കാണാ വയോധികന്‍ തന്റെ പേരക്കുട്ടിയുടെ ശ്രദ്ധ ക്ഷണിച്ചത്.

മറ്റൊരിക്കല്‍ ഒരു രാജാവ് തനിക്ക് വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കിയ ജ്ഞാനിയെ ആദരിച്ചു, പാരിതോഷികമായി ഒരു സ്വര്‍ണ നിര്‍മിത കത്രിക നല്‍കിയ സംഭവം ഉദ്ധരിക്കാറുണ്ട്. ദര്‍ശനികനായ ആ ജ്ഞാനി അത് സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. പകരം അത്രയൊന്നും വിലയില്ലാത്ത സൂചിയാണയാള്‍ സ്വീകരിച്ചത്.

ഇവിടെ സൂചിയും കത്രികയും രണ്ട് പ്രതീകങ്ങളാണ്. ഒന്നിന്റെ ദൗത്യം അകറ്റലും ഭിന്നിപ്പിക്കലുമാണെങ്കില്‍ കൂട്ടിച്ചേര്‍ക്കലും ഒന്നിപ്പിക്കലുമാണ് സുചി യിലൂടെ സാധ്യമാക്കുന്നത്.

വര്‍ത്തമാനകാലത്ത് സൂചിയും കത്രികയും കൂടി ഒരു മണ്ഡലത്തില്‍ മല്‍സരിക്കാനിറങ്ങിയാല്‍ വോട്ടു കൂടുതല്‍ നേടി ജയിക്കുക കത്രികയായിരിക്കുമെന്ന് തോന്നിപ്പിക്കുന്ന അന്തരീക്ഷമാണ് നമുക്ക് ചുറ്റും രുപപ്പെട്ടിരിക്കുന്നത്.

അല്ലെങ്കില്‍ കത്രികയ്ക്ക് വോട്ട് ചോദിച്ചു നടക്കുന്നവരാണിവിടെ ഭരിക്കുന്നതും കളം നിറഞ്ഞു നില്‍ക്കുന്നതും. മനസ്സുകളെ എങ്ങനെ അകറ്റാനും ധ്രുവീകരിക്കാനും കഴിയുമെന്ന ഗവേഷണമാണിവിടെ കാര്യമായി നടക്കുന്നത്. മതം, ജാതി, ഭാഷ, ദേശം എല്ലാം സ്വത്വം ഉറപ്പിക്കാനുള്ള ഉപാധിയും ഉരുപ്പടിയും ആണെങ്കിലും മതമാണ് ഏറ്റവും വൈകാരികമായി ജനങ്ങളെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന വസ്തുവെന്ന് ചിലര്‍ കണ്ടെത്തിയിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ മുഖമുദ്ര മതനിരാസവും യുക്തിവാദവുമായിരുന്നെങ്കില്‍ 21 ാം നൂറ്റാണ്ട് മതങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും നിറഞ്ഞാടന്‍ പറ്റിയ കാലമായി മാറിയിട്ടുണ്ട്.

ഏറ്റവും വ്യക്തമായും പ്രകടമായും ഒരു മതത്തിന്റെ മുദ്രകള്‍ പുറത്തു കാണിച്ചു ഇതര മതക്കാര്‍ക്കെതിരെ കലിയും കൊലവിളിയും മുഴക്കുന്നവരെ കാണുമ്പോള്‍ നമുക്ക് സങ്കടമാണോ അതോ നിസ്സംഗതയാണോ അനുഭവപ്പെടുന്നത്? 

മനുഷ്യ മനസ്സില്‍ ആത്മീയ ചിന്തയും സഹിഷ്ണതയും വളര്‍ത്തേണ്ട മതബോധത്തെ നഗ്‌നമായി ചൂഷണം ചെയ്തു വിപരീത ദിശയിലേക്ക് വലിച്ചുകൊണ്ടു പോകുന്നവരെ നോക്കി അരുതെന്ന് പറയാന്‍ ത്രാണി കാണിക്കുന്നവരെ അറുകൊല ചെയ്യുന്നിടത്തേക്ക് കൂടി കാര്യങ്ങള്‍ കടന്നെത്തിയിട്ടുണ്ട്.

ഇത്തരമൊരു ഇരുട്ടില്‍ നിന്ന് കൊണ്ട് ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്ന വിരുദ്ധ നീക്കങ്ങളെ എത്ര ആഹ്ലാദത്തോടെയാകും മനുഷ്യമനസ്സ് സ്വീകരിക്കുക?

താല്‍ക്കാലിക നേട്ടമോ വ്യക്തിപരമായ ലാഭമോ ഉന്നം വയ്ക്കാതെ മനുഷ്യത്വത്തിന്റെ ഉദാത്ത ഭാവങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നീക്കങ്ങള്‍ ശ്രദ്ധയില്‍ പെടുമ്പോള്‍ സന്തോഷം കൊണ്ട് പൊട്ടിക്കരയണോ വിസ്മയം കൂറി അന്തം വിട്ടു നില്‍ക്കണോ എന്നറിയാത്ത പരുവത്തിലാണ് മനസ്.
ഇത്രയും എഴുതിയത് പാണക്കാട് കുടുംബത്തിലെ ഒരംഗം ഇടപെട്ടു തമിഴ് നാട്ടുകാരനായ ഒരു സഹോദരന്റെ വധശിക്ഷ ഒഴിവായിക്കിട്ടാന്‍ വഴിതെളിഞ്ഞ സംഭവം മുന്നില്‍ കണ്ടാണ്.

കൊല്ലപ്പെട്ട ആളും കൊന്ന ആളും കുവൈത്തിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. അവര്‍ തമ്മിലുണ്ടായ നിസ്സാര പ്രശ്‌നം കൊലയിലേക്ക് നയിച്ചു. തമിഴ് നാട്ടുകാരനായ അര്‍ജുനന്‍ എന്ന വ്യക്തിയാണ് മലപ്പുറം ജില്ലയിലെ രാമപുരത്തുകാരനായ യുവാവിനെ കൊല ചെയ്തത്. കോടതിയില്‍ കൊല നടത്തിയത് തെളിഞ്ഞതിനാല്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. വര്‍ഷങ്ങളായി പ്രതി ജയിലിലാണ്. വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ 'ദിയാമണി' നല്‍കണം, തുടര്‍ന്നു കൊല്ലപ്പെട്ട ആളുടെ കുടുംബം മാപ്പു കൊടുക്കണം. 30 ലക്ഷം രൂപയാണ് ദിയാ മണി. അത് നല്‍കാനുള്ള ചുറ്റുപാട് ഘാതകന്റെ കുടുംബത്തിനില്ല.

അങ്ങനെയാണ് അവര്‍ പാണക്കാട്ടേക്ക് വണ്ടി കയറുന്നതും സംഖ്യ സ്വരൂപിക്കാന്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതും.

ഇവിടെ തങ്ങള്‍ സഹായിച്ച സംഭവത്തേക്കാള്‍ പ്രസക്തവും ശ്രദ്ധേയവുമായി തോന്നുന്നത് ഇങ്ങനെ ഒരു അഭ്യര്‍ത്ഥനയുമായി കയറിച്ചെന്നാല്‍ ആ കുടുംബം തങ്ങളെ നിരാശപ്പെടുത്തില്ലെന്ന അവരുടെ വിശ്വാസവും പ്രതീക്ഷയുമാണ്.

തങ്ങളുടെ നാട്ടുകാരനല്ല, ഭാഷക്കാരനല്ല. മാത്രമല്ല, കൊല്ലപ്പെട്ടയാളുടെ നാട്ടുകാരനും ഭാഷക്കാരനും മതക്കാരനും. വേട്ടക്കാരന്‍ ഇരയുടെ കൂട്ടുകാരനോട് സഹായം ചോദിക്കുന്ന അവസ്ഥ. അത്തരമൊരാള്‍ക്ക് കയറിച്ചെല്ലാന്‍ പറ്റിയ ഇടമാണ് പാണക്കാട്ടെ പടിപ്പുരയെന്ന ബോധ്യം ഒരന്യ നാട്ടുകാരന്റെ മനസില്‍ ഊട്ടിയുറപ്പിക്കാന്‍ മാത്രം വലിയ സുകൃതമായിരിക്കുമല്ലോ ആ തറവാട്ടുകാരുടെ കയ്യിരിപ്പ്.

ഇത് കേവലം ഒരു കുടുംബത്തിന്റെ വേറിട്ട മുഖമല്ല; ഇസ്‌ലാമിന്റെ മാനുഷിക മൂല്യങ്ങളാല്‍ പ്രചോദിതമായ പരമ്പരാഗത രീതിയാണെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ നാം വിജയിക്കുമോ എന്ന വെല്ലുവിളിയാണ് നമുക്ക് മുന്നിലുള്ളത്.

പാണക്കാട്ടെ തങ്ങന്‍മാരിലൂടെ പ്രസരിക്കുന്നത് അന്ത്യപ്രവാചകന്റെ ജീവിതത്തില്‍ പ്രസരിച്ച വെളിച്ചത്തിന്റെ അനേകം കീറുകളില്‍ നിന്നുള്ള ഒരു കൊച്ചു ചീന്ത് മാത്രമാണ്. അതാണ് ഇന്ന് വര്‍ത്തമാന സമൂഹത്തെയപ്പാടെ പാല്‍ക്കടലില്‍ മുക്കാന്‍ മാത്രം പോന്ന പ്രഭാപൂരമായി മാറുന്നത്. അപ്പോള്‍ അന്ത്യപ്രവാചകന്റേയും തേജസ്സാര്‍ന്ന സഖാക്കളുടേയും
ജീവിതത്തിലെ ഇത്തരം അനര്‍ഘ രംഗങ്ങള്‍ കോര്‍ത്തിണക്കി പൊതു സമൂഹത്തിന് നല്‍കിയാല്‍ അത് വരുത്തുന്ന മാറ്റം എത്ര ഉദാത്തമായിരിക്കും?

അത്യന്തം അപകടകരായ ഒരന്തരീക്ഷത്തിലൂടെയാണ് സമൂഹം മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുന്നത്. 'അടുത്തു നിന്നിടു മനുജനെ പ്പോലും തടഞ്ഞു വീഴുമാറിരുണ്ടു പോയ് രംഗം' എന്ന് പാടാന്‍ മഹാകവി ടി.ഉബൈദിനെ പ്രേരിപ്പിച്ചത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അദ്ദേഹം ജീവിച്ച സാഹചര്യമായിരുന്നെങ്കില്‍ ഇന്നിപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന നിലയിലാണ്. ഇരുട്ടിന്റെ ശക്തികള്‍ തങ്ങളുടെ കൈയിരിപ്പിന് കൂടുതല്‍ കമ്പോളം നേടാനുള്ള നെട്ടോട്ടത്തിലാണ്. 'തമസ്സല്ലോ സുഖപ്രദം' എന്നാണവരുടെ മന്ത്രവും തന്ത്രവും. പരസ്പരം പകയും വിദ്വേഷവും നട്ടുവളര്‍ത്തി ഒരേ നാട്ടുകാരും അയല്‍വാസികളും തമ്മില്‍ പോലും തെറ്റുധാരണയുടെയും ശത്രുതയുടെയും കൂറ്റന്‍ മതിലുകള്‍ തീര്‍ത്തു ധ്രുവീകരിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ മനുഷ്യത്വത്തോടു പോലും വലിയ പാതകമല്ലേ ചെയ്യുന്നത്?

വോട്ടിനും അധികാരത്തിനും വേണ്ടി വെറുപ്പിന്റെ വ്യാപാരം നടത്തുന്നവരെ തിരിച്ചറിയാന്‍ വൈകുന്തോറും സമൂഹം സര്‍വനാശത്തിലേക്കാണ് കൂടുതല്‍ അടുക്കുക.

ഏതെങ്കിലും ചില സംഭവങ്ങള്‍ പൊക്കിപ്പിടിച്ചു ഇസ്‌ലാമില്‍ ഭീകരതയാരോപിക്കുന്നവര്‍ മനുഷ്യത്വത്തിന്റെ മഹിത മാതൃകകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തികളെയും കുടുംബങ്ങളേയും സംഘടനകളേയും മനസില്‍ വെച്ചു ഇസ്‌ലാമിനെ വിലയിരുത്താന്‍ ശ്രമിച്ചെങ്കില്‍ എന്ന് ആശിച്ചു പോവുകയാണ്.

അതോടൊപ്പം മുസ്ലിമാവുകയെന്നത് വലിയൊരു ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് മുസ്‌ലിംകള്‍ക്കും ഉണ്ടാകണം. ബഹുസ്വര സമൂഹത്തിലാകുമ്പോള്‍ പ്രത്യേ കിച്ചും. നമ്മുടെ അയല്‍വാസികളും അയല്‍നാട്ടുകാരും ഇപ്പോഴും ഇസ്ലാമിനെ പേടിച്ചു സുരക്ഷിത താവളത്തില്‍ ഓടിയൊളിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ഒരു പരിധി വരെ അതിനു ഹേതു നമ്മള്‍ തന്നെയെന്ന് മനസിലാക്കണം. പ്രതിബിംബം വികൃതമായതിന് കണ്ണാടിയെ മാത്രം പഴിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.

നബിദിനാഘോഷത്തിന്റെ പേരില്‍ അനാവശ്യമായ ബഹളവും പൊങ്ങച്ച പ്രകടനങ്ങളും ഒഴിവാക്കി തിരുനബി (സ) ഉയര്‍ത്തിപ്പിടിച്ച നിസ്തുലമായ മാനുഷിക ഭാവങ്ങളെ പൊതു സമൂഹത്തിനു പരിചയപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞാല്‍ അത് കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും വലിയ സുകൃതമായിരിക്കു മെന്നതില്‍ സംശയമില്ല.