നബിദിനം എനിക്ക് ഏറ്റവും വലിയ പെരുന്നാള്‍

പി.ടി നാസര്‍

01 December, 2017

+ -
image

ചെറുപ്പത്തില്‍ നാല് പെരുന്നാളുകളായിരുന്നു. ചെറിയ പെരുന്നാളും വലിയ പെരുന്നാളും അത്രവലിയ പെരുന്നാളുകളായി അനുഭവപ്പെട്ടില്ല. അതിന് ചില ഔപചാരിക സ്വഭാവങ്ങള്‍ ഉണ്ടായിരുന്നു. ഉപ്പാന്റെ കൂടെത്തന്നെ പള്ളിയില്‍ പോകണം. അതുകഴിഞ്ഞുവന്നാല്‍ കെട്ടിച്ചയച്ച പെങ്ങന്മാരുടെ വീട്ടില്‍ പോകണം. അവര്‍ അന്നുതന്നെ വരുന്നുണ്ടെങ്കില്‍ വരുന്നതു വരെ കാത്തുനില്‍ക്കണം. പെങ്ങന്മാരാണെങ്കില്‍ പത്തുപേരുണ്ട്. 

വര്‍ഷത്തില്‍ ഓരോരുത്തരെ കെട്ടിക്കും. ഓരോവര്‍ഷം കഴിയും തോറും പെരുന്നാള്‍ എന്നാല്‍ ബസ്സില്‍ കേറല്‍ മാത്രമായി. പുതിയ കുപ്പായമിട്ട് ബസ്സില്‍ കയറുക. അതിലൊരു രസവുമില്ലാതായി. ആകെയൊരു രസമുള്ളത് തലേദിവസം നെയ്യപ്പം ചുടാന്‍ ഉമ്മാന്റെ കയ്യാളായി അടുക്കളയില്‍ നില്‍ക്കാം എന്നതാണ്. പെങ്ങന്മാരുടെ പടയുണ്ടെങ്കിലും അന്ന് ഉമ്മ കൂടെ നിര്‍ത്തും.

പിന്നെയൊരു പെരുന്നാളുണ്ടായിരുന്നത് ഫാത്തിമാബീവിയുടെ ആണ്ട് ആയിരുന്നു. അത് ഉമ്മാന്റെ വകയുള്ള പെരുന്നാളാണ്. രണ്ട് കോഴികളെ അന്നത്തേക്ക് മാത്രമായി ഉമ്മ കരുതിവെച്ചതുണ്ടാകും. വൈകുന്നേരമാണ് മൗലൂദ്. രാവിലെ മുതല്‍തന്നെ പണിയുണ്ടാകും. കോഴിയെ അറുത്തുകൊണ്ടുവരാന്‍ പള്ളിയിലേക്ക് കൊണ്ടുപോകണം. അറുത്തുകൊണ്ടുവന്നാല്‍ ചൂടുള്ള വെള്ളത്തിലിട്ട് തൂവലുകള്‍ പറിച്ചെടുക്കാന്‍ കൂടണം. ഉമ്മ കോഴിയെ മുറിച്ചു കഴിയുന്നതുവരെ കൂടെ ഇരിക്കണം. പിടിച്ചുകൊടുക്കണം. പെങ്ങന്മാര്‍ തയ്യാറാണെങ്കിലും ആ കോഴികളെ ഉമ്മ ആരെക്കൊണ്ടും തൊടീക്കൂല. 

ഫാത്തിമാബീവിയോട് ഏറ്റവും ഇഷ്ടമുള്ളവരാണ് അതൊക്കെ ചെയ്യേണ്ടത് എന്നാണ് ഉമ്മാന്റെ ശര്‍ത്ത്. തേങ്ങാച്ചോറും, മോരുകാച്ചിയതും, പപ്പടം പൊരിച്ചതും അങ്ങനെ ആണ്ടിനുവേണ്ടി ഉണ്ടാക്കുന്നതൊക്കെയും രുചിനോക്കാന്‍ പ്രത്യേക അവകാശം ഉമ്മ വകവെച്ചു തന്നിട്ടുണ്ട്. മൗലീദിന് ഉസ്താദും രായിമുസ്ല്യാരും മൊല്ലാക്കയും ആള്‍ക്കാരുമൊക്കെ വരും. വന്നയുടന്‍ അവര്‍ക്ക് കറി കൊടുക്കും. അരിപ്പിടിയില്‍ മധുരം ചേര്‍ത്ത കറി. അതൊക്കെ ഉണ്ടാക്കി തീരുന്നതുവരെ ഉമ്മാന്റെ കൂടെ നില്‍ക്കാം. അന്ന് എത്ര പണിയാണെങ്കിലും ഉമ്മാക്ക് ദേഷ്യം വരില്ല. 

ചുണ്ടിലെപ്പോഴും ഒരു മൂളിപ്പാട്ടായിരിക്കും. ഓര്‍മവെച്ച കാലംമുതല്‍ കേള്‍ക്കുന്നതെങ്കിലും എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന  താരാട്ട്. ഇന്നും ഉമ്മാനെ ഓര്‍ക്കുമ്പോള്‍ ചെവിയില്‍ ഒരു സ്പര്‍ശംപോലെ ആ താരാട്ടു വന്ന് മൂളുന്നുണ്ട്- ധീരനാം അലിയാരുടേ വീരകഥകള് കേള്‍ക്കണം, ധീരനായി നീ വളരണം... ഓമനപ്പൂം പൈതലേ....

പുറത്തെ മൗലൂദ് കഴിഞ്ഞ്, വന്നവര്‍ പോയിക്കഴിഞ്ഞാല്‍ അകത്ത് ഉമ്മയും പെങ്ങന്മാരും ഇരിക്കും. മൂത്തമ്മയുമുണ്ടാകും. വേരൊറു തരം മൗലൂദാണവിടെ. ഫാത്തിഹ ഓതലും ദുആ ഇരക്കലും എല്ലാം ഉമ്മതന്നെ. എന്നിട്ട് ഉമ്മ കഥ പറയാന്‍ തുടങ്ങും. റസൂലിന്റെ പുരയിലെ കഥകള്‍. ഖദീജ ബീവി മരിക്കുന്നതും ഫാത്തിമാബീവിയെ അലിയാരെക്കൊണ്ട് കെട്ടിക്കുന്നതും, ഹസ്സൈനാരും ഹൂസ്സൈനാരും കളിച്ചുവളരുന്നതും ഹുസ്സൈനാരെ തോളിലിരുത്തി നബിതങ്ങള്‍ പള്ളിയിലേക്ക് പോകുന്നതും പിന്നെ നബിതങ്ങള്‍ വഫാത്താകുന്നതും പിന്നാലെ ഫാത്തിമാ ബീ വഫാത്താകുന്നതും ഹുസൈനാരും മൂപ്പരെ മക്കളും കര്‍ബലയില്‍ ശഹീദാകുന്നതും വരെ പറഞ്ഞുതീരുമ്പോഴേക്ക് ഉമ്മ തേങ്ങാന്‍ തുടങ്ങും. 

അപ്പോഴേക്ക് സുബഹി ബാങ്ക് കേള്‍ക്കും. അന്ന് രാത്രി ഉറങ്ങാന്‍ പാടില്ലെന്നാണ് ഉമ്മ പറയുക. മൗലൂദ് ചൊല്ലിക്കഴിഞ്ഞ് മദ്ഹ് പറയാന്‍ തുടങ്ങിയാല്‍ ഫാത്തിമാബീ വരുമെന്നും ബീവി വീട്ടിലുള്ളപ്പോള്‍ വീട്ടിലുള്ളവര്‍ ഉറങ്ങരുത് എന്നുമാണ്  ഉമ്മ പറയുക. ആ പെരുന്നാല്‍ അങ്ങനെ ഫാത്തിമാ ബീവിയോടൊപ്പം കഴിയും.

ശരിക്കും വലിയ പെരുന്നാള്‍ നബിദിനമാണ്. മദ്റസയില്‍ ഒരുക്കങ്ങള്‍ തുടങ്ങിയാല്‍ പിന്നെ കടുത്ത വിലക്കുകളില്ല. എപ്പോള്‍ വേണമെങ്കിലും മദ്റസയിലേക്ക് പോകാം. കുറേദിവസം പണിയുണ്ടാകും. വര്‍ണക്കടലാസുകള്‍ പലവിധത്തില്‍ മുറിച്ചെടുക്കണം. ഇന്നത്തെപ്പോലെ സ്റ്റേഷനറിക്കടയില്‍ ചെന്നാല്‍ റെഡിമെയ്ഡ് കൊടിയും തോരണവുമൊന്നും കിട്ടില്ല. വര്‍ണക്കടലാസുകള്‍ അട്ടിയട്ടിയായി വെച്ച് പലവിധത്തില്‍ വെട്ടിയെടുക്കണം.

 കുറേക്കടലാസുകള്‍ തയ്യല്‍ക്കാരന്റെ  അടുത്ത് കൊണ്ടുപോയി മാലയായി അടിപ്പിക്കണം. വണ്ണമുള്ള ചാക്ക്നൂല് അഥവാ വക്ക്നൂല് നീളത്തില്‍ വലിച്ചു കെട്ടി, അതിന്മേല്‍ മൈദപ്പശ തേച്ച് പലവിധത്തില്‍ മുറിച്ച വര്‍ണക്കടലാസുകള്‍ അതിന്മേലൊട്ടിച്ച് തോരണങ്ങള്‍ ഉണ്ടാക്കണം. പള്ളിക്കാട്ടില്‍ പോയി വടികള്‍ വെട്ടിക്കൊണ്ടു വരണം. അതിന്മേല്‍ മൈദപ്പശ തേച്ച്, ത്രികോണത്തില്‍ മുറിച്ച് വര്‍ണക്കടലാസുകള്‍ ഒട്ടിച്ച് കൊടികളുണ്ടാക്കണം. കുറച്ചൊന്നുമല്ല.  പത്തുമുന്നൂറ് കൊടികള്‍ വേണം. ഘോഷയാത്ര പോകുമ്പോള്‍ ഓരോരുത്തര്‍ക്കും കൈയ്യില്‍ കൊടിവേണം. 

പള്ളിക്കമ്മറ്റിക്ക് പൈസ സംഘടിപ്പിക്കുന്ന പണിയായിരിക്കും. കലാപരിപാടികള്‍ കഴിഞ്ഞാല്‍ പള്ളിയില്‍ മൗലൂദും അന്നദാനവുമൊക്കെ ഉണ്ടാകും. അതൊക്കെയായിരിക്കും അവരുടെ ചുമതല. നബിദിനത്തിന് സ്റ്റേജ് കെട്ടാനും പന്തലൊരുക്കാനുമൊക്കെ വലിയ ആള്‍ക്കാരുണ്ടാകും. ഞങ്ങള്‍, മദ്റസയിലെ വീരന്മാരുടെ പണി കൊടികളും തോരണങ്ങളുമാണ്. വയനാട് ജില്ലയിലെ മടക്കിമലയാണ് നാട്. ചെങ്ങണ മൊയ്തീന്‍, മങ്കേറ്റിക്കര അസൈനാര്‍, മാങ്കേറ്റിക്കര നാസര്‍, തച്ചറമ്പന്‍ ഹംസ, എളങ്ങോളി മമ്മൂട്ടി, വടകര മുഹമ്മദ്, വടകര മൂസ, വടകര ഹംസ, നടുത്തൊടിക ഹംസ, നടുത്തൊടിക സുലൈമാന്‍, മമ്മീസാക്കാന്റെ ബീരാന്‍, എം.സി ജമാല്‍,....

അങ്ങനെയങ്ങനെ വീരന്മാരുടെ വലിയ നിരയുണ്ടായിരുന്നു. അവരില്‍  ചിലരെങ്കിലും മുസ്ലിയാന്മാരായി, ചിലരൊക്കെ സുന്നി പ്രസ്ഥാനങ്ങളുടേയോ മുസ്ലിം ലീഗിന്റേയോ നേതാക്കളായി. ചിലരൊക്കെ പള്ളിക്കമ്മിറ്റിയുടെ ഭാരവാഹികളായി. ജമാല് വക്കീലായി. കാലം ആ കമ്പനിയെ പിരിച്ചുവിട്ടു.

കൊടിതോരണങ്ങളെല്ലാമൊരുക്കുമ്പോഴും ഘോഷയാത്രക്ക് തൊപ്പി അടിച്ചുവാങ്ങുമ്പോഴുമൊക്കെ ഉല്ലാസം മാനംമുട്ടും. പക്ഷേ, ഘോഷയാത്ര തുടങ്ങിയാല്‍ സങ്കടം വരും. മൈക്കിലൂടെ സ്വലാത്ത് ചൊല്ലാനും മുദ്രാവാക്യം വിളിച്ചുകൊടുക്കാനും എനിക്ക് പറ്റില്ല. ഘോഷയാത്ര കഴിഞ്ഞ് കലാപരിപാടികള്‍ തുടങ്ങുമ്പോഴേക്ക് സങ്കടം കരച്ചിലാകും. അതിനൊന്നും സാധിക്കില്ല. കാരണം, വിക്കുണ്ട്. ചില്ലറ വിക്കൊന്നുമല്ല. കടുത്ത വിക്ക്. ഒരു വാക്ക് തുടങ്ങിക്കിട്ടണമെങ്കില്‍ ഒരുപാട് വിക്കണം. 

അപ്പോഴേക്ക് ആളുകള്‍ ചിരിക്കാന്‍ തുടങ്ങും. അതുപേടിച്ച് ഒഴിഞ്ഞു നില്‍ക്കും. വടകര മുഹമ്മതൊക്കെ വലിയഉസ്താദ് പ്രസംഗിക്കുമ്പോലെ പ്രസംഗിക്കും. മൂസ അങ്ങനെ തുടങ്ങും പക്ഷേ വയളായി വഴിമാറും. ജാമലും മൊയ്തീനും സംഭാഷണം തകര്‍ക്കും. ഞാന്‍ കരച്ചിലടക്കാനാകാതെ പുരയിലേക്കോടും, ഉമ്മാന്റെ മടിയില്‍ കിടന്ന് കരയും. ഉമ്മ പറയും- അതൊക്കെ മാറും. അജ്മീരിലേക്ക് വെള്ളിക്കൈയ്യ് കൊടുക്കാന്‍ നേര്‍ച്ചയാക്കീക്ക്ണ്. എന്തായാലും മാറും. മോന്‍ എല്ലാരേക്കാളും നന്നായി പ്രസംഗിക്കും. കരയണ്ട. ഞമ്മക്ക് മമ്പുറത്തെ തങ്ങളെരുത്തും പോകാം. മമ്പുറത്ത്ന്നാണ് അനക്ക് പേരിട്ടത്. അവടെ പോയി പറഞ്ഞാല്‍ എല്ലാം മാറും-

അതൊരു ആശ്വിസിപ്പിക്കല്‍ മാത്രമായിരുന്നില്ല. മമ്പുറത്ത് പലവട്ടം പോയി.  പോകുമ്പോഴൊക്കെ  പാണക്കാട്ടും കയറി. ഉമ്മ അടുക്കള ഭാഗത്തുകൂടി തങ്ങളുടെ പിന്നിലെത്തും. പിന്നെയൊരു ദിവസം അജ്മീരില്‍ പോകുന്ന ഒരാള്‍ വന്നു. വെള്ളിയിലുണ്ടാക്കിയ കൈപ്പത്തിരൂപം തലയില്‍ ഉഴിഞ്ഞ് ഉമ്മ കൊടുത്തയച്ചു. ദിവസങ്ങളും മാസങ്ങളും എത്ര കഴിഞ്ഞുവെന്നോര്‍മയില്ല. ഉസ്താദുമാര്‍ മാറി മാറി വന്നു. 

കൈതപ്പൊയിലിലെ അബൂബക്കറുസ്താദും അരീക്കോട്ടെ മുഹമ്മദലി ഉസ്താദുമൊക്കെയുള്ള കാലം. നബിദിനം വന്നു. മുഹമ്മദലി ഉസ്താദ് അടുത്തേക്ക് വിളിച്ചു. ഒരു കടലാസ് കയ്യില്‍ തന്നിട്ട് പറഞ്ഞു. ഉറക്കെവായിച്ചു പഠിച്ചിട്ട് വാ. നാളെ ക്ലാസില്‍ പ്രസംഗിച്ചു കേള്‍പ്പിക്കണം. ഉസ്താദിന്റെ മുഖത്ത് നോക്കി നിന്നപ്പോള്‍ പുറത്ത് തട്ടിക്കൊണ്ട് പറഞ്ഞു. പോയി ഉറക്കെ വായിക്ക്. ഒരു പ്രശ്നവുമില്ല. ഗംഭീരമാകും. പിറ്റേന്ന് രാവിലെ ഉപ്പ സുബഹി നിസ്‌കരിച്ചു വരുമ്പോള്‍ ഉസ്താദ് കൂടെയുണ്ട്. ചായകുടിച്ച് ഇരുന്നപ്പോള്‍ ഉസ്താദ് പ്രസംഗം കേള്‍പ്പിക്കാന്‍ പറഞ്ഞു. പറഞ്ഞുതുടങ്ങി. കുഴപ്പമുണ്ടായില്ല. ഒച്ച പോര എന്നുമാത്രം പറഞ്ഞു, ഉസ്താദ്. പിന്നെ നബിദിനം വരെ ഉ്സ്താദ് രാവിലെ വീട്ടിലേക്കു വന്നു. പ്രസംഗം ചൊല്ലിച്ചു. 

അക്കൊല്ലത്തെ നബിദിനത്തിന്‍ മൈക്കിലൂടെ എന്റെ പേരും വിളിച്ചു.  സ്റ്റേജിലേക്ക് കയറിയപ്പോള്‍ ഉസ്താദ് അടുത്തുള്ള കസേരയില്‍ വന്നിരുന്നു. പുറത്ത് തടവി. ആരും കണ്ടില്ല. മുന്നില്‍ ആരേയും കാണുന്നില്ല ഒന്നും കാണുന്നില്ല. അസ്സലാമു അലൈക്കും എന്ന് വിക്കില്ലാതെ പറഞ്ഞത് ഓര്‍മയുണ്ട്. പിന്നെ കയ്യടി കേട്ടപ്പോഴാണ് ചുറ്റും നോക്കിയത്. സ്റ്റേജിലിരുന്ന് ഉസ്താദും കയ്യടിക്കുന്നു. അതായിരുന്നു ഏറ്റവും വലിയ പെരുന്നാള്‍. പിറ്റേക്കൊല്ലം നബിദിനത്തിന് പാട്ടുപാടി- ആമിനാബീബിക്കോമന മോനേ, ആരിലും പാരിലും ഇമ്പത്തേനേ.... അതെ, നബിദിനമാണ് ശരിക്കും വലിയ പെരുന്നാള്‍.