ബഹുസ്വര ഭൂമികയിലെ മുസ്‌ലിം ജീവിതം

22 April, 2016

+ -

അസഹിഷ്ണുതയും വര്‍ഗീയഭ്രാന്തും മുസ്ലിംകളെ കുരുതികൊടുക്കുന്നത് വര്‍ധിച്ച് വരുന്ന ദയനീയ സാഹചര്യമാണ് മതേതരത്വ ഇന്ത്യയില്‍ നിലവിലുള്ളത്. ചേരിതിരിഞ്ഞ് മുസ്ലിം സഹോദരന്മാരെ ചൂഷണം ചെയ്യുന്നവര്‍ ഇസ്ലാമിന്റെ നിയമസംഹിതയും ഇസ്ലാം മുന്നോട്ട് വെക്കുന്ന പ്രത്യയശാസ്ത്രവും മനസ്സിലാക്കുന്നില്ല. വാളെടുക്കാനും ഭരണം കൈയാളാനും നാടുകള്‍ കീഴ്‌പെടുത്താനും വേണ്ടത്ര അവസരം ലഭിച്ചിട്ടും അന്യമതസ്ഥന്ന് നേരെ അന്യായമായി വിരല്‍ ചൂണ്ടുവാന്‍ വരെ ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന ഒരു വ്യക്തി പോലും തയ്യാറായിരുന്നില്ല. സഹിഷ്ണുത, സമത്വം എന്നിവയാണ് ഇസ്‌ലാമിന്റെ എക്കാലത്തെയും മുഖമുദ്ര. മദീനയിലേക്ക് പലായനം ചെയ്ത പ്രവാചകന്‍ (സ്വ) ആദ്യം അവിടത്തെ ജൂത ഗോത്രങ്ങളുമായി സന്ധിയുണ്ടാക്കുകയായിരുന്നു. ഇസ്‌ലാമിക നാഗരികയുടെ സുപ്രധാന സവിശേഷകളിലൊന്നായി മതസഹിഷ്ണുതയെ ഡോ. മുസ്തഫസ്സ്വിബാഇ തന്റെ ഇസ്‌ലാമിക നാഗരികത ശോഭന ചിത്രങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. മുസ്‌ലിംകളുടെ ബലഹീനതയല്ല മറിച്ച് മാനുഷിക മൂല്യങ്ങളായിരുന്നു അവരെ ഇത മതസ്ഥരുമായി അടുപ്പിച്ചത്. എല്ലാ മതങ്ങളും ഒരേ സ്രോതസ്സില്‍ നിന്നാണെന്നും എല്ലാവരും മുന്നോട്ട് വെക്കുന്ന തത്വദീക്ഷയുടെ അടിത്തറ ഒന്നാണെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഖുര്‍ആനും, ഹദീസും, പ്രവാചക ജീവിതവും, ഖലീഫമാരുമെല്ലാം മതമൈത്രി പ്രോത്സാഹിപ്പിക്കുന്നണ്ട്.

സഹിഷ്ണുത: ഖുര്‍ആനില്‍

സഹിഷ്ണുതയുടെയും മാനുഷിക മൂല്യങ്ങളുടെയും പ്രഖ്യപനങ്ങള്‍ നടത്തിയ ഏറ്റവും മഹത്തായ ദൈവികഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍. ദീനില്‍ ബലാല്‍കാരമില്ല, സന്മാര്‍ഗ്ഗം ദുര്‍മാര്‍ഗ്ഗത്തില്‍ നിന്ന് വേര്‍ത്തിരിഞ്ഞിരിക്കുന്നു(2:256)' 'അവിശ്വാസികളില്‍ ആരെങ്കിലും നിങ്ങളോട് രക്ഷ തേടിയാല്‍ നിങ്ങള്‍ അവര്‍ക്ക് രക്ഷ നല്കുക(6:9)'എന്നീ വചനങ്ങള്‍ ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന സഹിഷ്ണുതാ മനോഭാവം വ്യക്തമാക്കുന്നുണ്ട്. ദീനില്‍ ബലാല്‍കാരമില്ല എന്ന സൂക്തത്തിലൂടെ ആരും നിര്‍ബന്ധിത പരിവര്‍ത്തനത്തിന് വിധേയരല്ലെന്ന് ഖുര്‍ആന്‍ പറയുന്നു. ഇസ്‌ലാം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഫലപൂര്‍ണമല്ലെന്ന് നിന്റെ നാഥനുദ്ദേശിച്ചാല്‍ ഈ ഭൂമിയിലുള്ള സര്‍വരും വിശ്വസിക്കുമായിരുന്നു. പിന്നെന്തിനാണ് അവര്‍ വിശ്വാസികളാവാന്‍ നീ നിര്‍ബന്ധിക്കുന്നത്(10:99) എന്ന സൂക്തത്തിലൂടെ അള്ളാഹു വ്യക്തമാക്കുന്നുണ്ട്. അന്യ മതസ്ഥരെയും അവരുടെ ആരാധനാലയങ്ങളെയും ആദരിക്കണമെന്നും ഖുര്‍ആന്‍ കണിഷമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്. മുസ്ലിം മസ്ജിദുകള്‍ പോലെ അവയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മനുഷ്യരില്‍ ചിലരെ മറ്റു ചിലരെ കൊണ്ട് നാം പ്രതിരോധിച്ചില്ലായിരിന്നുവെങ്കില്‍ ദൈവനാമം കൂടുതല്‍ ഉച്ചരിക്കപ്പെടുന്ന സന്യാസി മഠങ്ങളും ചര്‍ച്ചുകളും ജൂത ദേവാലയങ്ങളും മുസ്ലിം പള്ളികളുമെല്ലാം തകര്‍ക്കപ്പെടുമായിരുന്നു (22:40) എന്ന ആയത്ത് അവരുടെ ദേവാലയങ്ങളും പരിപാലിക്കപ്പെടേണ്ടതാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. നിങ്ങള്‍ അവിശ്വാസികളുടെ ആരാധനമൂര്‍ത്തികളെ ആക്ഷേപിക്കരുത്,അപ്പോള്‍ അറിവില്ലായ്മ കൊണ്ടവര്‍ അല്ലാഹുവിനെ ശത്രുവായിട്ട് ആക്ഷേപിക്കും (6:108) എന്നതിലൂടെ അവിശ്വാസികളുടെ ആരാധനാമൂര്‍ത്തികളെയും ദൈവങ്ങളെയും യാതൊരുവിധത്തിലും അപഹാസ്യരാക്കരുതെന്ന് സ്പഷ്ടമാക്കുന്നുണ്ട്. അവരുടെ ദേവാലയങ്ങള്‍, ദൈവങ്ങള്‍,ആചാരങ്ങള്‍ എന്നിവയെ ആക്ഷേപിക്കുന്നത് ഹലാലല്ലെന്നും അത് തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കലാണെന്നും തഫസീറുല്‍ ഖുര്‍തുബിയില്‍ പറയുന്നുണ്ട്. നന്മ,ബന്ധം,ആതിഥ്യം ഇവക്കൊന്നും മതപരമായ ഭിന്നത വിഘാതമാവരുതെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്. ഇതര മതസ്ഥരോടൊള്ള പെരുമാറ്റവും സംസാര രീതിയും നല്ല നിലയിലാക്കണമെന്നും,യുദ്ധം ചെയ്യേണ്ടവരോട് മാത്രമേ യുദ്ധം ചെയ്യാന്‍ പാടുളളുവെന്നും ഖുര്‍ആന്‍ കല്‍പ്പിക്കുന്നു. ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന സഹിഷ്ണുതയും സഹവര്‍ത്തിത്വവും അനല്‍പവും അദിത്വീയവുമാണ്. മാനുഷികമൂല്യങ്ങളുടെ അതുല്യ പ്രഖ്യാപനം തന്നെയാണ് ഖുര്‍ആന്‍. മനുഷ്യര്‍ക്കിടയില്‍ ഇഴയടുപ്പം കാത്തുസൂക്ഷിക്കാനാണ് വിശുദ്ധഗ്രന്ഥം ആജ്ഞ നല്‍കുന്നത്. പക്ഷെ, ഖുര്‍ആനികവാക്യങ്ങളെ യുക്തിയുടെ അളവുകോല്‍ കൊണ്ട് തിട്ടപെടുത്തി വികലമാക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ തീര്‍ത്തും അപലപനീയമാണ്. പ്രവാചക ജീവിത്തില്‍ ഭൗതികലോകത്തെ സന്തുലിതാവസ്ഥ നിലനില്‍ക്കണമെങ്കില്‍ സര്‍വ മതങ്ങളുടെയും നിലനില്‍പ്പ് അനിവാര്യമാണെന്ന് മറ്റുള്ളവരേക്കാളേറെ നബി(സ്വ) മനസ്സിലാക്കിയിരുന്നു. പ്രവാചകന്‍(സ്വ)മതകീയവും മതേതരത്വവുമായ കാര്യങ്ങളില്‍ വെന്നിക്കൊടി നാട്ടിയിരുന്നുവെന്നാണ് വിശ്വപ്രസിദ്ധ സാഹിത്യകാരനും നോബേല്‍ ജേതാവുമായ ജോര്‍ജ്ജ് ബര്‍ണാഡ്ഷാ തങ്ങളെ വിശേഷിപ്പിക്കുന്നത്. മദീനയില്‍ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അസ്ഥിവാരം പടുത്തുയര്‍ത്താന്‍ തങ്ങള്‍ ആദ്യം ജൂതരുമായി സന്ധിയുണ്ടാക്കുകയായിരുന്നു. കരാറനുസരിച്ച് പരസ്പര വിശ്വാസം സംരക്ഷിക്കുവാനും യുദ്ധമുഖത്ത് ശത്രുക്കളെ ഐക്യകണ്‌ഠേനെ പ്രതിരോധിക്കാനും മുസ്‌ലിംകളും ജൂതരും പ്രതിജ്ഞാബദ്ധരായിരുന്നു. ജിസ്‌യ(നുകുതി) നല്‍കുന്ന അവിശ്വാസികള്‍ ഇസ്‌ലാമിക ഭരണകൂടത്തില്‍ നിര്‍ഭയരായിരക്കണം എന്ന് പ്രവാചകന്‍ കല്‍പിക്കുന്നുണ്ട്. അബ്ദുല്ലാഹു ബ്‌നു ജറാദ് ഉദ്ദരിക്കുന്നു: ആരെങ്കിലും ജിസ്‌യ നല്‍കുന്ന അവിശ്വാസികളെ (ദിമ്മിയ്യിനെ) ഉപദ്രവിച്ചാല്‍ അന്ത്യ നാളില്‍ ഞാന്‍ അവന്റെ എതിരാളിയായിരിക്കും. ഇസ്‌ലാമിക ഭരണകൂടം മുസ്‌ലിംകള്‍ക്ക് മാത്രമല്ല അന്യമതസ്ഥര്‍ക്കും അവകാശങ്ങളും സംരക്ഷണവും നല്‍കുന്നുണ്ട് എന്ന് ഈ ഹദീസിലൂടെ തന്നെ നബി (സ) വ്യക്തമാക്കുന്നുണ്ട്. ഒരിക്കല്‍ നജ്‌റാനില്‍ നിന്ന് എഴുപതോളം വരുന്ന ക്രിസ്ത്യാനി സംഘം മദീനയിലെത്തിയപ്പോള്‍ നബി അവരെ ഊഷ്മളമായി സ്വീകരിക്കുകയും മദീന പള്ളിയുടെ ഒരു ഭാഗത്ത് അവര്‍ക്ക് ആരാധനാകര്‍മങ്ങള്‍ക്കുള്ള സൗകര്യം ചെയ്തുക്കൊടുക്കുകയും ചെയ്തു. നബിയുടെ അയല്‍ക്കാരില്‍ വേദക്കാരും അവിശ്വാസികളും ഉണ്ടായിരുന്നു. നബി അവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും അവരില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിക്കുകുയും ചെയ്തിരുന്നു. അതിനാലാണ് ഖൈബര്‍ യുദ്ധത്തില്‍ സൈനബ് എന്ന ജൂത സ്ത്രീ നബിക്ക് വിഷം പുരട്ടിയ ആടു മാംസം നല്‍കിയത്. അന്യ മതസ്ഥരായ രാജാക്കന്മാരോടും നബി സുഹൃദ്ബന്ധം സ്ഥാപിച്ചിരുന്നു. സന്ധി സംഭാഷണവുമായി പ്രവാചക ദൂതന്മാര്‍ കിസ്‌റാ, കൈസര്‍, മുഖൗഖിസ് തുടങ്ങിയവരുടെ അടുത്തേക്ക് പലപ്പോഴും യാത്ര ചെയ്യാറുണ്ടായിരുന്നു. മതപരമായ ഭിന്നതകള്‍ക്കൊപ്പം പവിത്രമായ സഹൃദ്ബന്ധം നബി പലരോടും കാത്തുസൂക്ഷിച്ചിരുന്നു. ഈജിപ്ഷ്യന്‍ ഭരണാധികാരി മുഖൗഖിസ് ആണ് പ്രവാചകരുടെ സൗഹൃദ്‌വലയങ്ങളിലെ പ്രധാനി. അദ്ദേഹം സമ്മാനമായി നല്‍കിയ മാരിയത്തുല്‍ ഖിബ്ത്വിയ്യ (റ) എന്ന അടിമസ്ത്രീയില്‍ നബിക്ക് ജനിച്ച കുട്ടിയായാണ് ഇബ്രാഹീം (റ). മാരിയ്യ (റ) വിന്റെ വംശമായ ഖിബ്ത്വികളോട് (കോപ്റ്റിക്ക്) സ്‌നേഹബന്ധം സ്ഥാപിക്കാന്‍ നബി (സ) ഉപദേശിക്കാറുണ്ടായിരുന്നു. വാക്കിലൊതുങ്ങുന്ന ജല്‍പനങ്ങള്‍ക്ക് പകരം മതമൈത്രിയുടെ മഹത് സന്ദേഷം മനസ്സില്‍ കൊണ്ടുനടന്ന മഹദ്‌വ്യക്തിത്വമായിരുന്നു പ്രവാചകന്‍(സ്വ).

ഖിലാഫത്ത് കാലഘട്ടത്തില്‍

പ്രവാകന്‍ (സ) മുറുകെപിടിച്ച ജീവിത ശൈലി അപ്പാടെ ജീവിതത്തില്‍ പകര്‍ത്തിയവരായിരുന്നു ഖുലഫാഉറാശിദീങ്ങള്‍. അതിന്റെ വ്യക്തമായ അടയാളങ്ങള്‍ അവരുടെ ജീവിതത്തില്‍ നമുക്ക് വീക്ഷിച്ചെടുക്കാവുന്നതാണ്. ഇവര്‍ക്ക് ശേഷം വന്ന അമവിയ്യ, അബ്ബാസിയ്യ, ഉസ്മാനിയ്യ ഖിലാഫത്തുകളിലും മതസഹിഷ്ണുതയുടെ ഉത്തമോദാഹരണങ്ങള്‍ നമുക്ക് ദര്‍ശിക്കാവുന്നതാണ്. പല ഖലീഫമാരുടെയും മന്ത്രിമാരോ രാജസദസ്സിലെ അംഗങ്ങളോ അന്യമതസ്ഥരായിരുന്നു. ഈജിപ്ത് ഗവര്‍ണര്‍ അംറുബ്‌നു ആസ്വ് (റ) ഒരു ക്രിസ്തീയ സ്ത്രീയുടെ വീട് നിര്‍ബന്ധപൂര്‍വ്വം പള്ളിയിലേക്ക് ചേര്‍ക്കുകയുണ്ടായി. ആ സ്ത്രീ ഖലീഫ ഉമര്‍ (റ)നോട് പരാതി പറഞ്ഞപ്പോള്‍ ഖലീഫ സത്യാവസ്ഥ അന്വേഷിക്കുകയും പളളി പൊളിച്ച് ആ സ്ത്രീയുടെ വീട് പുനര്‍നിര്‍മ്മിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. ഖലീഫമാരുടെ സഹവര്‍ത്തിത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. മുഹമ്മദുല്‍ ഫാതിഹ് കോണ്‍സ്റ്റാന്റിനോപ്പ്ള്‍ കീഴടക്കിയപ്പോഴും, സുല്‍ത്താന്‍ സലാഹുദ്ധീന്‍അയ്യൂബി ജറുസലേം കീഴടക്കിയപ്പോഴും ഇതേഅവസ്ഥ നമുക്ക് കാണാവുന്നതാണ്. കുരിശുയുദ്ധ ക്രിസ്ത്യാനികളെപ്പോലെ കീഴടക്കുന്ന പ്രദേശങ്ങളിലെല്ലാം നിരപരാധികളുടെ ചോരപ്പുഴയൊഴുക്കുന്ന പതിവ് മുസ്ലിംകള്‍ക്കില്ലായിരുന്നു. ഹാറുന്‍ റശീദ്, മന്‍സൂര്‍, മുതവക്കില്‍ തുടങ്ങിയ ഖലീഫമാരെല്ലാം സഹിഷ്ണുതയുടെ ഉത്തമ മാതൃകകളായിരുന്നു. പ്രശസ്ത ജൂത പണ്ഡിതന്‍ മോസസ് ബ്ന്‍ മയ്മൂന്‍(മയ്‌മൊനൈഡ്‌സ്) മാലികി പണ്ഡിതനും തഹാഫതുതഹാഫത് എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ രചയിതാവുമായ ഇബ്‌നു റുശ്ദിന്റെ ശിഷ്യനായിരുന്നു. മയ്‌മൊനൈഡ്‌സും പോപ് സില്‍വസ്റ്റര്‍ രണ്ടാമനും വിദ്യ അഭ്യസിച്ചിരുന്നത് ഫാത്വിമ അല്‍ ഫിഹ്‌രി സ്ഥാപിച്ച ഖാറാവിയ്യീന്‍ യൂണിവേഴ്സ്റ്റിയിലായിരുന്നു. ചരിത്ര പണ്ഡിതന്മാര്‍ സൂചിപ്പിക്കുന്നതനസുരിച്ച് ഇതര മതസ്ഥരും പ്രസ്ഥാനക്കാരുമായ പണ്ഡിതന്മാരുടെ വിജ്ഞാന സദസ്സുകള്‍ ബസ്വറയിലും കൂഫയിലുമുണ്ടായിരുന്നു.

അറബി കവിതയിലെ ത്രയങ്ങളിലൊരാളായ അല്‍അഖ്തല്‍ ക്രിസ്തുമത വിശ്വാസിയായിലരുന്നു. ഉമവിയ്യാ ഭരണാധികാരികള്‍ക്കിടയില്‍ അദ്ധേഹം ഉന്നത സ്ഥാനം കൈവരിച്ചിരുന്നു. കവികളും പണ്ഡിതന്‍മാരും ജാതിമത ഭേദമന്യേ ഖലീഫമാരുടെ സദസ്സില്‍ സ്ഥാനമാനങ്ങള്‍ അലങ്കരിച്ചിരുന്നു. ഉമവിയ്യാ ഭരണകൂടത്തിന്റെ സ്ഥാപകന്‍ മുആവിയ ബ്ന്‍ അബീസുഫ്‌യാന്‍ (റ) ന്റെ കൊട്ടാര വൈദ്യന്‍ ക്രിസ്തുമത വിശ്വാസിയായ ഇബ്‌നു ഉത്താര്‍ ആയിരുന്നു. അമവിയ്യ,അബ്ബാസിയ്യ ഖലീഫമാരുടെ ആസ്ഥാന ഭിഷ്വഗരന്‍മാരും കവികളികളില്‍ പലരും ക്രിസ്തുമത വിശ്വാസികളായിരുന്നു. പല മുസ്ലിം പണ്ഡിതന്മാരും ജൂത-ക്രിസ്തു രാജാക്കന്മാരുമായും അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. പ്രശസ്ത ഭൂമിശാസ്ത്രജ്ഞനായ അല്‍ ഇദ്‌രീസി തന്റെ നുസ്ഹത്തുല്‍ മുശ്താഖ് ഫിഖ്തിറാഖില്‍ ആഫാഖ് എന്ന ഗ്രന്ഥം രചിച്ചത് റോജര്‍ രാജാവിന് സമര്‍പ്പണമായിട്ടാണ്. ഈ കിതാബിന്റെ മറ്റൊരു പേര് തന്നെ അല്‍ കിതാബുര്‍റുജ്‌രി(റോജറുടെ ബുക്ക്) എന്നാണ്. ഇത്തരത്തില്‍ മസ്ലിംകള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത സഹിഷ്ണുതയുടെയും സമത്വത്തിന്റെ വക്താളായിരുന്നു. ഗുസ്താവ് ലാബോന്‍ പറയുന്നതിങ്ങനെയാണ് : അറബികളെ പോലെ സഹിഷ്ണുക്കളായ വിജയികളെയും ഇസ്‌ലാമിനെ പോലെ സഹിഷ്ണുത പുലര്‍ത്തുന്ന മതത്തേയും ലോകത്തിന് പരിചയമില്ല. പക്ഷെ, ചരിത്രത്തെ വക്രീകരിച്ചും, ഖുര്‍ആനിക സൂക്തങ്ങളെ വളച്ചൊടിച്ചും മുസ്‌ലിംകള്‍ക്കെതിരെ ഉറഞ്ഞ് തുള്ളുന്നുവര്‍ കാലത്തിന്റെ ഏടുകളില്‍ തുന്നിച്ചേര്‍ക്കപ്പെട്ട ഇത്തരം മധുരമൂറുന്ന സംഭവങ്ങളിലേക്ക് അല്‍പമെങ്ങിലും കണ്ണോടിക്കുന്നത് നല്ലതാണ്.