ഫാസിസത്തെ ചെറുക്കാന്‍ നമുക്ക് ഒരുമിച്ചുനില്‍ക്കാം

സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍

30 November, 2017

+ -
image

ജാതി-മത-കക്ഷി വിദ്വേഷങ്ങള്‍ വെടിഞ്ഞ് മാനവ നന്മക്കായി സമൂഹങ്ങള്‍ ഒന്നിച്ചുനില്‍ക്കേണ്ട സമയാണിത്. പരസ്പരം രക്തം ചിന്തിയും അക്രമങ്ങള്‍ അഴിച്ചുവിട്ടും തെറിയഭിഷേകം നടത്തിയും ഭിന്നിച്ചു കഴിയുന്നത് വന്‍ നഷ്ടങ്ങള്‍ക്ക് വഴിവെക്കും. വിശിഷ്യാ, ഇടകലര്‍ന്ന് ജീവിക്കുന്ന നാം കേരളീയര്‍ക്ക്. ജാതിയും മതവും പാര്‍ട്ടിയും ഏതുതന്നെയായാലും അതിലപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു സ്‌നേഹ മനസ്സ് നമ്മില്‍നിന്നും ഒരിക്കലും അണഞ്ഞുപോകരുത്. ഇന്ത്യയില്‍ ഇന്ന് നടക്കുന്ന പല സംഭവങ്ങളും ആ സൗഹാര്‍ദ്ദ മനസ്സ് അസ്തമിച്ചുപോയോ എന്ന ആശങ്ക കനപ്പിക്കുന്നതാണ്. 

ജാതി-മത ഭേദമന്യേ എല്ലാവരും ഒരുമയോടെ ജീവിച്ചുവന്ന നാടാണ് ഇന്ത്യ. ഇവിടെ 700 വര്‍ഷക്കാലം മുസ്‌ലിംകള്‍ ഭരണം നടത്തിയിട്ടുണ്ട്. സൂഫികളും ആത്മജ്ഞാനികളും സൗഹൃദത്തിന്റെ കാഹളം മുഴക്കി കടന്നുപോയിട്ടുണ്ട്. അജ്മീരിലെ മുഈനുദ്ദീന്‍ ചിശ്തി (റ) യും ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഔലിയ (റ) യും ബഖ്തിയാറുല്‍ കാക്കി (റ) യുമെല്ലാം ജാതി-മത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സ്വീകാര്യരും ആശ്രയ കേന്ദ്രങ്ങളുമായിരുന്നു. ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയും ശൈഖ് അഹ്മദ് സര്‍ഹിന്ദിയും ബാബാ ഫരീദ് ശക്കര്‍ഗഞ്ചിയും ഇതേ പാതയിലൂടെ ജീവിച്ചുപോയവരാണ്. അവര്‍ പ്രതിനിധീകരിച്ചിരുന്ന ഇന്ത്യ സൗഹൃദത്തിന്റെതും സ്‌നേഹത്തിന്റെതുമായിരുന്നു. ഇന്ത്യന്‍ ജനതക്കിടയില്‍ ഈ സ്‌നേഹ മനസ്സ് എന്നും തുടര്‍ന്നുപോവേണ്ടതുണ്ട്. വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സൂഫികള്‍ തീര്‍ത്ത ഈ സ്‌നേഹച്ചരടുകള്‍ ഒരിക്കലും അറ്റുപോകരുത്.

കേരളത്തിന്റെ അവസ്ഥയും ഇതില്‍നിന്നും ഭിന്നമല്ല. കേരളീയ സമൂഹങ്ങള്‍ കാലാകാലങ്ങളായി നിലനിര്‍ത്തിപ്പോന്നിരുന്ന പരസ്പര സ്‌നേഹവും ബഹുമാനവും പ്രസിദ്ധമാണ്. തങ്ങളുടെ ആദര്‍ശവും വിശ്വാസവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രശ്‌നരഹിതവും സന്തോഷ പൂര്‍ണവുമായ ഒരു സാമൂഹിക ജീവിതം സാധ്യമാക്കാന്‍ എല്ലാവരും ഒരുപോലെ ശ്രദ്ധിച്ചിരുന്നതായി കാണാം. ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ക്രൈസ്തവനെന്നോ വ്യത്യാസമില്ലാതെയാണ് സാമൂഹിക ജീവിതത്തില്‍ അവര്‍ പരസ്പരം കണ്ടിരുന്നത്. കൊടുത്തും വാങ്ങിയും പകുത്തുനല്‍കിയും അവര്‍ സന്തോഷത്തെടെ ജീവിച്ചു. പൊതു കാര്യങ്ങളിലുള്ള ഈ ഐക്യവും സ്‌നേഹവുമാണ് കേരളത്തെ ഇത്രമാത്രം സുന്ദരമാക്കിയിരുന്നതും.

കുഞ്ഞാലി മരക്കാന്മാരും സാമൂതിരിയും മമ്പുറം തങ്ങളും കോന്തു നായരും മങ്ങാട്ടച്ഛനും കുഞ്ഞായിന്‍ മുസ്‌ലിയാരുമെല്ലാം കേവലം ഒറ്റപ്പെട്ട ചരിത്ര പുരുഷന്മാരായിരുന്നില്ല. മറിച്ച്, മതേതര സ്‌നേഹത്തെ പ്രതിനിധീകരിക്കുന്ന വിവിധ കാലങ്ങളുടെ മഹാചരിത്രങ്ങളായിരുന്നു. അയ്യപ്പനും വാവരും മനുഷ്യരുടെ പരസ്പര സ്‌നേഹത്തെ എന്നും സജീവമായി നിര്‍ത്തുന്ന ഘടകങ്ങളാണ്. മഖ്ദൂം പണ്ഡിതന്മാരും കോഴിക്കോട് ഖാസിമാരും മനുഷ്യ മനസ്സുകളെ അടുപ്പിച്ചുനിര്‍ത്തി. പള്ളിയും ക്ഷേത്രങ്ങളും ചര്‍ച്ചുകളുമെല്ലാം പരസ്പരം സ്‌നേഹവും ബഹുമാനവും പ്രചരിപ്പിക്കാനാണ് ഇവിടെ നിലനിന്നിരുന്നത്. ഇടകലര്‍ന്നുള്ള കേരളത്തിലെ സാമൂഹികാന്തരീക്ഷത്തില്‍ മറ്റു പലയിടങ്ങളിലെയും പോലെ വര്‍ഗീയ കലാപങ്ങളോ വര്‍ഗീയ സംഘര്‍ഷങ്ങളോ ഉണ്ടാവാതെ പോയത് ഈ പരസ്പര തിരിച്ചറിവും ഉള്ളറിഞ്ഞുകൊണ്ടുള്ള സ്‌നേഹവുംകൊണ്ട് മാത്രമാണ്. ഈയൊരു സമാധാനാന്തരീക്ഷം നിലനിര്‍ത്തുകയാണ് ഇന്ന് സമസ്ത ചെയ്യുന്നത്.

എന്നാല്‍, ഈ നല്ല കാലത്തിന് അറുതി വന്നതുപോലെയാണ് ഇന്നത്തെ പല സംഭവങ്ങളും. മതവും ജാതിയും പാര്‍ട്ടിയുമെല്ലാം ഇന്ന് വര്‍ഗീയ വിവേചനത്തിന്റെ വേദികളായി മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യത്വം എന്ന വിശാല കുടക്കു കീഴില്‍ സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നതിനു പകരം ഓരോരുത്തരും തന്നിലേക്കും തന്റെ സങ്കുചിത മനസ്ഥിതിയിലേക്കും മാത്രം ഉള്‍വലിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് മഹാദുരന്തമാണ് വരുത്തിവെക്കുകയെന്ന് ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്.

അതേസമയം, വര്‍ഗീയ ദ്രുവീകരണവും സാമൂഹിക സംഘര്‍ഷങ്ങളുമുണ്ടാക്കുന്ന വിവിധ ഘടകങ്ങള്‍ ഇന്ന് ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിനെ തിരിച്ചറിയാനും കരുതിയിരിക്കാനും ജാതി, മത ഭേദമന്യേ എല്ലാവര്‍ക്കും കഴിയേണ്ടതുണ്ട്. കാലങ്ങളായി കേരളക്കര ആസ്വദിച്ചുപോരുന്ന മതേതര പാരസ്പര്യത്തെ വെല്ലുവിളിക്കുന്നതാണ് ഈ ഘടകങ്ങളെന്ന കാര്യം ആരും വിസ്മരിക്കരുത്.

നാടുനീളെ കൊലവിളിയുയര്‍ത്തി നടക്കുന്ന മത, വര്‍ഗീയ തീവ്രവാദം അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. രാജ്യത്തെ ഹിന്ദു-മുസ്‌ലിം സൗഹൃദം തകര്‍ക്കുകയും അതിന്റെ മറവില്‍ രാജ്യത്താകമാനം വര്‍ഗീയ വിവേചനം കൊണ്ടുവരികയുമാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ലക്ഷീകരിക്കുന്നത്. രാജ്യത്തിന്റെ പാരമ്പര്യത്തെയും ഭരണഘടനയെയും വെല്ലുവിളിച്ചുകൊണ്ടാണ് അവരിന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മത ന്യൂനപക്ഷങ്ങള്‍ക്കും ഈഴവ-ദലിത് വിഭാഗങ്ങള്‍ക്കുമെതിരെ അവര്‍ നടത്തുന്ന ക്രൂരതകള്‍ ആരെയും ലജ്ജിപ്പിക്കുന്നതാണ്. മതേതര എഴുത്തുകാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പോലും ഇല്ലായ്മ വരുത്തിക്കൊണ്ടാണ് ഗോഡ്‌സെയുടെ പിന്‍മുറക്കാരായവര്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. 

ചരിത്രത്തിലും സ്‌കൂള്‍ കരിക്കുലത്തിലും ക്ലാസ് മുറിയിലും വരെ അവരിന്ന് കാവി കലര്‍ത്തിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ ബഹുസ്വരതക്കും ഭരണഘടനക്കും വിരുദ്ധമായ ഇത്തരം ശ്രമങ്ങളെ മതസൗഹാര്‍ദത്തിലൂന്നിയ മതേതര കൂട്ടായ്മകളിലൂടെ പരാജയപ്പെടുത്താന്‍ കഴിയേണ്ടതുണ്ട്. ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെട്ടാല്‍ മാത്രമേ ഈ ബഹുസ്വര ഇന്ത്യയില്‍ എല്ലാ മതക്കാര്‍ക്കും സന്തോഷകരമായ ജീവിതം സാധ്യമാവുകയുള്ളൂ. അത് ഉണ്ടാക്കിയെടുക്കാനും നിലനിര്‍ത്താനുമാണ് ഓരോ ഭരണകൂടവും ശ്രദ്ധിക്കേണ്ടത്.  

ഇത്തരം, അക്രമ രാഷ്ട്രീയത്തെയും വര്‍ഗീയ വിദ്വേഷങ്ങളെയും തുടച്ചുമാറ്റി, മത സൗഹാര്‍ദത്തിന്റെ ബഹുസ്വര രാജ്യം സാധ്യമാവേണ്ടതുണ്ട്. പരസ്പരം സ്‌നേഹം നല്‍കിയും നന്മ കാംക്ഷിച്ചും അന്യന്റെ ജീവന് സ്വന്തം ജീവന്റെ വില കല്‍പിച്ചും കഴിയുന്നവരുടെ രാജ്യം. അപ്പോഴേ എല്ലാ മതങ്ങളും സ്വപ്‌നം കാണുകയും ഓരോ മനുഷ്യനും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു സ്‌നേഹ ലോകം സാധ്യമാകുന്നുള്ളൂ. 

ഇനി ഒരു ഫൈസ്വലും ഇവിടെ വധിക്കപ്പെടരുത്. ഒരു റിയാസ് മൗലവിയുടെ കഴുത്തിലും കത്തി വീഴരുത്. ഒരു ദാദ്രിയും ഉണ്ടാവരുത്. വര്‍ഗീയതയുടെ പേരില്‍ ഒരു നാട്ടിലും അഗ്നി പുകയരുത്. പശുവിന്റെ പേര് പറഞ്ഞ് പഹ്‌ലു ഖാനും അഖ്‌ലാഖും ജുനൈദും പിടഞ്ഞ് മരിക്കരുത്. 

സമൂഹത്തില്‍ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്നത് കൊലയെക്കാള്‍ അപകടകരമാണെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. നല്ല കാര്യങ്ങളില്‍ പരസ്പരം സഹകരിക്കുകയും അധര്‍മങ്ങളില്‍നിന്നും അകന്നുനില്‍ക്കാന്‍ പരസ്പരം ഉപദേശിക്കുകയും വേണം. നാടും വീടും ഗോത്രവും തറവാടുമെല്ലാം പരസ്പരം തിരിച്ചറിയാനുള്ള കേവലം ഐഡന്റിറ്റി മാത്രമാണ്. വിശുദ്ധ ഖുര്‍ആനില്‍ ഇക്കാര്യം പറയുന്നത് കാണുക: 

'ഓ ജനങ്ങളെ, നിങ്ങളെയും നാം ഒരു ആണില്‍നിന്നും പെണ്ണില്‍നിന്നും സൃഷ്ടിച്ചു. നിങ്ങളെ ഗോത്രങ്ങളും വിഭാഗങ്ങളുമാക്കി മാറ്റിയത് നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്. നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ നിങ്ങളില്‍ ഏറ്റവും ഭക്തിയുള്ളവരാണ്' (ഹുജ്‌റാത്ത്: 13).

പേരിന്റെയും ഊരിന്റെയും പേരില്‍ കലഹവും കലാപവും ഉണ്ടാക്കുന്നതെന്നാണ് അല്ലാഹു വ്യക്തമാക്കുന്നത്. ഭക്തിയും തെളിഞ്ഞ ഹൃദയവുമുള്ളവര്‍ക്കാണ് ആത്യന്തികമായ വിജയം. അത് നേടിയെടുക്കുന്നതിനു വേണ്ടിയായിരിക്കണം ഓരോരുത്തരുടെയും ജീവിതാന്വേഷണം.