മുസ്‌ലിം സ്ത്രീയുടെ സാമൂഹിക ഇടപെടലുകള്‍

ഇമാം സൈദ് ശാക്കിര്‍

30 March, 2018

+ -
image

സ്ത്രീസമൂഹത്തെ സാമൂഹിക ഇടപെടലുകളില്‍നിന്നും തടഞ്ഞുനിര്‍ത്തുന്നുവെന്നതാണ് ഇസ്‌ലാമിനുനേരെ നിരന്തരം ഉയര്‍ന്നുവരുന്ന ഒരു ആക്ഷേപം. വീടിനു പുറത്ത് നടക്കുന്ന സംരംഭങ്ങളിലോ സമൂഹത്തിന് പൊതുവായി ബാധിക്കുന്ന തരത്തിലോ ഉണ്ടാവേണ്ട അവളുടെ ഇടപെടലുകള്‍ നിയന്ത്രിക്കപ്പെടുന്നുവത്രെ. ക്രിയാത്മകമായ സാമൂഹിക തലത്തില്‍ പങ്കാളിയാകുന്നതില്‍നിന്നും പിന്നോട്ടുവലിക്കുക വഴി ഇസ്‌ലാം അവളെ വീടിന്റെ അകത്തളങ്ങളില്‍, പുരുഷ നിരീക്ഷണത്തിനും നിയന്ത്രണത്തിനും കീഴില്‍, തളച്ചിടുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍, ഈയൊരു വാദം ഈ വിഷയത്തിലുള്ള ഇസ്‌ലാമിക നിലപാടിനെ സാധൂകരിക്കുന്നില്ല എന്നതാണ് സത്യം. ശേഷമുള്ള ചര്‍ച്ചയില്‍നിന്നും അത് ബോധ്യമാകും.

ഇസ് ലാം ഒരു സാമൂഹിക പദ്ധതി ആവിഷ്‌കരിക്കുമ്പോള്‍ സ്ത്രീയുടെ ഗാര്‍ഹികമായ പങ്കിന് ഊന്നല്‍ നല്‍കുന്നതോടൊപ്പംതന്നെ പൊതു കാര്യങ്ങളിലുള്ള അവരുടെ ക്രിയാത്മകമായ പങ്കാളിത്തത്തിനും അനുയോജ്യമായ ഇടം നിര്‍ണ്ണയിച്ചിട്ടുണ്ട്. ഖുര്‍ആനിനെയും പ്രവാചകാധ്യാപനങ്ങളെയും മുന്നിറുത്തി സ്ത്രീയുടെ സാമൂഹിക ഇടപെടലുകളെ അന്വേഷിക്കുകയാണ് ഈ ലേഖനം. അതിനു മുമ്പായി ഇസ് ലാമില്‍ സ്ത്രീ-പുരുഷന്മാര്‍ തമ്മിലുള്ള സമത്വ സങ്കല്‍പത്തെക്കുറിച്ചും ചെറിയൊരു വിവരണമാണ് നല്‍കിയിരിക്കുന്നത്.

ഇസ്‌ലാമിലെ സ്ത്രീ-പുരുഷ മൗലിക സമത്വം 

ഭൗതിക, ആത്മീയ നിര്‍മിതിയില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. 'ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു' (17:70) വെന്ന വാക്യം ഇതാണ് മനസ്സിലാക്കിത്തരുന്നത്. ലിംഗ മേന്മയുടെ ഏതു തരം അവകാശവാദങ്ങളെയും ഈ ആദരവ് തള്ളിക്കളയുന്നത് കാണാം. ശാരീരിക, ആത്മീയ രൂപീകരണത്തില്‍ ഉണ്ടായേക്കാവുന്ന അപകര്‍ഷതയെയും ഇത് യഥായോഗ്യം നേരിടുന്നു. ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ലാത്ത ലിംഗ കേന്ദ്രീകൃത പീഡനങ്ങളെ അത് നിഗ്രഹിക്കുന്നു.

'നാം മനുഷ്യനെ ഏറ്റവും ഉത്തമമായ രൂപത്തില്‍ സൃഷ്ടിച്ചിരിക്കുന്നു' (95:4) വെന്ന് ഖുര്‍ആനില്‍ മറ്റൊരിടത്ത് കാണാം. മനുഷ്യ സൃഷ്ടിപ്പിന്റെ ഈ പ്രക്രിയകളൊന്നും ഒരിക്കലും ഏതെങ്കിലും ഒരു ലിംഗത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല. അതില്‍ സ്ത്രീയും പുരുഷനും ഒരുപോലെ വരുന്നുണ്ട്. മനുഷ്യര്‍ എന്ന നിലക്ക് ഇരു വിഭാഗവും ഉത്തമ രൂപത്തില്‍തന്നെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അവര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള കഴിവ് വ്യത്യസ്ത കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരിക്കലുമത് അവരുടെ ശാരീരിക വ്യത്യാസങ്ങളെ ആശ്രയിക്കുന്നില്ല. 

ദൈവ ഭക്തിയുടെ കാര്യത്തിലും സ്ത്രീ-പുരുഷന്മാര്‍ തുല്യരാണെന്നാണ് ഇസ്‌ലാം പറയുന്നത്. പുരുഷനായതു കൊണ്ടോ സ്ത്രീ ആയതുകൊണ്ടോ മാത്രം അത് ആരുടെയും ഭക്തി കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നില്ല. ആരാണെങ്കിലും വ്യക്തിപരമായി അതിന്റെ തോത് വ്യത്യാസപ്പെട്ടേക്കാമെന്നു മാത്രം. ഉദാഹരണത്തിന്, സ്ത്രീ അവളുടെ തലമുടി മറക്കാനും പുരുഷന്‍ അവന്റെ ഭാര്യക്ക് ചെലവിന് കൊടുക്കാനും കല്‍പിക്കപ്പെട്ടിരിക്കുന്നു. ആധുനികതയുടെ കാഴ്ച്ചപ്പാടില്‍ ഇവ രണ്ടും ഒരുതരം അടിച്ചമര്‍ത്തല്‍ നിലപാടാണ്. എന്നാല്‍, മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത് ഭക്തിയുടെ വ്യത്യസ്തമായ രണ്ടു രീതികള്‍ മാത്രമാണ്. 'അല്ലാഹു ഒരിക്കലും തന്റെ അടിമകളെ പ്രയാസപ്പെടുത്തുകയില്ലെന്ന' കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട് (40:31). 

എല്ലാറ്റിനുമപ്പുറം, സ്ത്രീക്കും പുരുഷനും തങ്ങള്‍ ചെയ്ത നന്മകള്‍ക്ക് തുല്യമായ പ്രതിഫലമാണ് നല്‍കപ്പെടുന്നത്.