ആസിയ ബീവി ചരിത്രാഖ്യായിക (ഭാഗം പത്ത്)

ഇര്‍ശാന അയ്യനാരി

30 December, 2017

+ -
image

10. മാതൃകാവനിത

അല്ലാഹുവിന്റെ അംഗീകാരം ലഭിക്കുക എന്നത് ഭൂലോകത്ത് ഒരാള്‍ക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും വലിയ നേട്ടമാണ്. 

എന്നാല്‍, ഒരു സ്ത്രീ ഈ സ്ഥാനം സ്വായത്തമാക്കുന്നതിന്റെ മഹത്വം പറഞ്ഞറിയിക്കുകപോലും സാധ്യമല്ല. അത്രമാത്രം സമുന്നതവും മഹത്തരവുമാണ്.

ആസിയ ബീവി തന്റെ ജീവിത യാത്രയിലെ ത്യാഗ പുഷ്പങ്ങള്‍കൊണ്ട് ഈയൊരു സ്ഥാനം കൈവരിച്ചു. അല്ലാഹു അവരെ അംഗീകരിക്കുകയും ലോക ജനങ്ങള്‍ക്കുതന്നെ മാതൃകയായി അവതരിപ്പിക്കുകയും ചെയ്തു.

വിശുദ്ധ ഖുര്‍ആന്‍ പേര് വിളിച്ചു പ്രശംസിച്ച മഹതിയാണ് ആസിയ ബീവി. ഭൗതിക സുഖങ്ങളെ വലിച്ചെറിഞ്ഞ്, സര്‍വ്വ ഭീഷണികളെയും തട്ടിമാറ്റി, തന്റെ ജീവിതം പൂര്‍ണമായും അല്ലാഹുവിന് സമര്‍പ്പിച്ചതിനായിരുന്നു ഈ അംഗീകാരത്തിനു നിദാനം. 

നാലു സ്ത്രീകളെ എടുത്തുകാട്ടി വിശുദ്ധ ഖുര്‍ആന്‍ സൂറത്തുത്തഹ്‌രീമില്‍ ചില വസ്തുതകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ രണ്ടു സ്ത്രീകളെ ലോകത്തിനു മാതൃകയായും മറ്റു രണ്ടു സ്ത്രീകളെ ശാപമായുമാണ് പരിചയപ്പെടുത്തുന്നത്.

ഇതില്‍ ചില വിസ്മയകരമായ സംഗതികളുണ്ട്:

സച്ചരിതരും സല്‍വൃത്തരുമായ പ്രവാചകന്മാരുടെ ഭാര്യമാരാണ് ഇതില്‍ ശാപത്തിന് അര്‍ഹരായവര്‍. എന്നാല്‍, സത്യനിഷേധിയും ദുഷ്ടനുമായ ഫറോവയുയെ ഭാര്യയാണ് സ്വര്‍ഗത്തിന് അര്‍ഹയായവര്‍... അവര്‍ ലോകത്തിന് മാതൃകയുമാണ്. 

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 

''സത്യനിഷേധികള്‍ക്ക് ഉപമയായി അല്ലാഹു നൂഹിന്റെ ഭാര്യയെയും ലൂഥിന്റെ ഭാര്യയെയും എടുത്തു കാണിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്മാരില്‍ സല്‍വൃത്തരായ രണ്ടുപേരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചുകളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക് ഒഴിവാക്കിക്കൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ പ്രവേശിക്കുന്നവരോടൊപ്പം പ്രവേശിച്ചുകൊള്ളുകയെന്ന് പറയപ്പെടുകയും ചെയ്തു'' (തഹ്‌രീം: 10)

''സത്യവിശ്വസികള്‍ക്ക് ഉപമയായി അല്ലാഹു ഫറോവയുടെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്റെ രക്ഷിതാവെ, എനിക്ക് നീ നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും ഫറോവയില്‍നിന്നും അവന്റെ പ്രവര്‍ത്തനത്തില്‍നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ. അക്രമികളായ ജനങ്ങളില്‍നിന്നും എന്നെ നീ രക്ഷപ്പെടുത്തേണമേ'' (തഹ്‌രീം: 11). 

വിശുദ്ധ ഖുര്‍ആന്റെ ഈ പ്രഖ്യാപനം വരുകവഴി ലോക വിശ്വാസികള്‍ക്ക് മാതൃകയാവുകയായിരുന്നു ആസിയ ബീവി. 

സച്ചരിതയും സല്‍വൃത്തയുമായ മഹതിയുടെ ത്യാഗബോധവും സമര്‍പ്പണ മനസ്സും വിശ്വസ ദാര്‍ഢ്യതയും ചരിത്രത്തില്‍ അനശ്വരത നേടി. ഒരു വിശ്വാസിനിക്ക് എത്തിപ്പെടാന്‍പറ്റിയ സമുന്നതമായൊരു ലക്ഷ്യമായി അവര്‍ പരിഗണിക്കപ്പെട്ടു. 

ലോക ചരിത്രത്തില്‍തന്നെ ഇങ്ങനെയൊരു സ്ത്രീ ഒന്നേ വന്നിട്ടുള്ളൂ. അത് ആസിയ ബീവി മാത്രമാണ്. സമര്‍പ്പണ ബോധത്തിന്റെ മറുപേരായിരുന്നു മഹതി.

അല്ലാഹു അവരോടൊപ്പം നാളെ നമ്മെയും അവന്റെ ജന്നാത്തല്‍ ഫിര്‍ദൗസില്‍ പ്രവേശിപ്പിക്കുമാറാകട്ടെ.