ആരാണ് ശരിക്കുമിവിടെ മതങ്ങളെ ചീത്ത വിളിക്കുന്നത്?

ശുഐബുല്‍ ഹൈത്തമി

28 February, 2018

+ -
image

എം എം അക്ബറിനെ പോലുള്ള സംവാദകർ എന്ത് കൊണ്ട് സംശയനിഴലിലാവുന്നു എന്ന മതാന്ധര്‍ വിശകലനമല്ല ഈ കുറിപ്പ്.

വിപണിയും രാഷ്ട്രീയവും മാത്രമല്ല , വിശ്വാസവും സംസ്ക്കാരവുമെല്ലാം ആഗോളവൽകൃതമായ കാലമാണിത്. അത് കൊണ്ട് തന്നെ ഇക്കാലത്ത് ഒരു ഇഷ്യു അതിന്റെ പ്രാദേശിക സ്വഭാവം നിലനിർത്തുമ്പോൾ തന്നെ അതിനെ രൂപപ്പെടുത്തുന്ന ആഗോള രീതി ശാസ്ത്രവും ഉണ്ടാവും. ഈ ഇഷ്യുവിനും കാണാനാവും അങ്ങനെയൊരു ആഗോള മുഖം.

സത്യത്തിൽ ഇതിന്റെയൊക്കെ ഇടയിലൂടെ രൂപപ്പെട്ട സാമൂഹികബോധം നാം എത്രത്തോളം ശ്രദ്ധിച്ചിട്ടുണ്ട്? കേരളീയമായിട്ടല്ല ,ലോകാടിസ്ഥാനത്തിൽ തന്നെയാണ് പറയുന്നത്.

മറ്റുള്ളവർക്ക് ആകാം ,ചെയ്യാം പക്ഷെ മുസ്ലിംകൾക്ക് പാടില്ല എന്നൊരു പ്രത്യേക കാറ്റഗറി നിലവിൽ വന്നിട്ടുണ്ട്. ഇസ്ലാം വിമർശനവും മുസ്ലിം പ്രതീകങ്ങളെ പരിഹസിക്കലും ഒരിക്കലും ഒരിടത്തും മതവിദ്വേശമാവുന്നില്ല. അതേ സമയം മുസ്ലിംകൾ ഏതെങ്കിലും ഒരു വിഷയത്തിൽ ഇസ്‌ലാം പറയുന്നത് മാത്രമേ ശരിയുള്ളൂ എന്ന് പറഞ്ഞാൽ തന്നെ പരമത ആക്ഷേപമാവുകയായി, കേസായി പിന്നെ, ഗുലുമാലിന്റെ അവിലും കഞ്ഞിയും കാഞ്ഞ് കഴിഞ്ഞോളണം പിന്നെ അങ്ങനെ പറഞ്ഞവർ.

ലോകത്ത് ഏറ്റവുമധികം പരമത വിദ്വേശ്യം പ്രചരിപ്പിക്കുന്നത് യുക്തിവാദികളാണ്. ഇസ്ലാമിക വ്യാപനം അതിശീഘ്രമായ അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നാസ്തിക പ്രഭാഷകന്മാർക്കും ബുദ്ധിജീവികൾക്കും പ്രത്യേകം ആനുകൂല്യങ്ങൾ നൽകിയാണ് വലതുപക്ഷ ഭരണകൂടങ്ങൾ ഇസ്ലാമിനെ ചെറുക്കാൻ ശ്രമിക്കുന്നത്.

ഇയ്യിടെ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ഒരു ഇസ്ലാമിക് ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയിൽ ഇസ്ലാമിക നിഷ്ഠ പാലിക്കുന്നവരെ പരിഗണിച്ച് സ്ത്രീ - പുരുഷന്മാർക്ക് പ്രത്യേകം ഇരിപ്പിടമൊരുക്കുകയുണ്ടായി. അതല്ലാത്തവർക്ക് പൊതുവായ ഇരിപ്പിടങ്ങൾ വേറെയും ഒരുക്കിയിരുന്നു. ഇംഗ്ലണ്ടിൽ മുസ് ലിം തീവ്രവാദികൾ ഇസ്ലാം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന് വ്യാപകമായ പ്രചരണം നടന്നു. ഈ പ്രചരണം ഏറ്റടുത്തത് പ്രമുഖ എയ്തിസ്റ്റ് ഗ്രൂപ്പുകളായിരുന്നു. 
യുക്തിവാദികളുടെ ലോക ' ആത്മീയ നേതാവും ' ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ റിച്ചാർഡ് ഡോക്കിൻസ് ഉടൻ പ്രതികരണവുമായി പ്രത്യക്ഷപ്പെട്ടു.
"ലിംഗവിവേചനം വെറുക്കപ്പെട്ട മത പോക്കിരികളുടെ ധിക്കാരമാണ് " എന്നായിരുന്നു ഡോക്കിൺസ് പറഞ്ഞത്. പക്ഷെ , ജൂത ക്രൈസ്തവ സദസ്സുകളിൽ ലിംഗഭേദയിരിപ്പിടങ്ങൾ ഒരുക്കുന്നത് ഡോക്കിൺസ് വിമർശിക്കാറില്ല. 
ഈ വൈരുധ്യത്തെക്കുറിച്ച് ഡോക്കിൺസന്റെ വിമർശകനായ നാതൻ ലീൻ 'സാലൺ' ബ്ലോഗിൽ കുറിച്ചത് ഇങ്ങനെയാണ്.

''ന്യൂയോര്‍ക്കിലെ ബാര്‍ക്ലേസ് സെന്ററില്‍ ഈയിടെ ഇസ്രയേലി വയലിനിസ്റ്റ് ഇത്സാക് പേള്‍മാന്റെ കച്ചേരി നടന്നപ്പോള്‍ യാഥാസ്ഥിതിക ജൂതന്മാര്‍ക്കു വേണ്ടി സ്ത്രീ പുരുഷന്മാര്‍ക്ക് വെവ്വേറെ ഇരിപ്പിടങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ഇസ്രയേലിന്റെ ഔദ്യോഗിക വ്യോമ കമ്പനിയായ എല്‍ ആല്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഒരു ഫ്‌ളോറിഡക്കാരിയെ നിര്‍ബന്ധിച്ച് സീറ്റ് മാറ്റിയിരുത്തിയിരുന്നു-അടുത്ത സീറ്റിലെ യാഥാസ്ഥിതിക ജൂതപുരോഹിതന്റെ ആവശ്യപ്രകാരമായിരുന്നു അത്. ഇതൊന്നും ഡോക്കിന്‍സ് അറിഞ്ഞുകാണില്ല; അറിഞ്ഞാല്‍ തന്നെ ശ്രദ്ധിക്കുകയുമില്ല.''

ഡോക്കിന്‍സിനെ പോലെ ക്രിസ്റ്റഫര്‍ ഹിച്ചന്‍സ്, സാം ഹാരിസ് തുടങ്ങിയ മറ്റു 'നവ നാസ്തികരും' അയുക്തികമായ വര്‍ഗീയമനോഭാവം പുലര്‍ത്തുന്നുണ്ടെന്ന് ലീന്‍ സമര്‍ഥിക്കുന്നു. ഡോക്കിന്‍സ് ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറാണ്. ഹാരിസും അന്തരിച്ച ഹിച്ചന്‍സും ഉന്നത ബുദ്ധിജീവികളായി അറിയപ്പെടുന്നവരാണ്. അമേരിക്കന്‍ ചിന്തകനും മാസച്ചുസറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രഫസറുമായ നോം ചോംസ്‌കി ഇവരെ വിളിക്കുന്നത്. 'മതഭ്രാന്തന്മാര്‍' എന്നാണ്. മതേതരത്വത്തെപ്പറ്റിയുള്ള സ്വന്തം വീക്ഷണങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പിച്ചുകൊണ്ട് ഇവര്‍ സ്വന്തം സങ്കുചിത വീക്ഷണത്തെ രാഷ്ട്രത്തിന്റെ മതമായി അവതരിപ്പിക്കുന്നു. 'യഥാര്‍ഥ ശാസ്ത്രജ്ഞന്‍ തെളിവു കണ്ടാല്‍ മനസ്സ് മാറ്റാന്‍ തയാറുള്ളവനാണ്; മൗലികവാദിയുടെ മനസ്സാകട്ടെ ഒന്നു കൊണ്ടും മാറില്ല' എന്ന് ചോംസ്‌കി.

ടൊറോണ്ടോയിലെ രാഷ്ട്രീയ ചിന്തകന്‍ മുര്‍തസാ ഹുസൈന്‍ ഇത്തരം ഇസ്‌ലാംവിദ്വേഷത്തെ വിശകലനം ചെയ്തുകൊണ്ട് ലേഖനമെഴുതിയിട്ടുണ്ട്. 'ശാസ്ത്രീയ വര്‍ഗീയത' (സയന്റിഫിക് റേസിസം) എന്നാണ് അദ്ദേഹം ഈ സമീപനത്തെ വിളിക്കുന്നത്. വംശീയതക്ക് ശാസ്ത്രീയതയുടെ പുറംപൂച്ച് നല്‍കി അവതരിപ്പിക്കുന്നതാണ് സയന്റിഫിക് റേസിസം.

ഡോക്കിന്‍സ് ഈയിടെ ട്വിറ്ററില്‍ കുറിച്ചു: ''ഖുറാന്‍ ഞാന്‍ വായിച്ചിട്ടില്ല. എന്നാല്‍, ലോകത്തുള്ള സകല തിന്മകളുടെയും ഉറവിടം ഇസ്‌ലാമാണെന്ന് എനിക്കുറപ്പുണ്ട്.'' പിന്നീട് ഇങ്ങനെ ന്യായീകരിച്ചു: ''ഇസ്‌ലാമിനെപ്പറ്റി മനസ്സിലാക്കാന്‍ ഖുര്‍ആന്‍ വായിക്കണമെന്നില്ല. നാസിസത്തെപ്പറ്റി അറിയാന്‍ ഹിറ്റ്‌ലറുടെ മൈന്‍ കാംഫ് വായിക്കേണ്ടതില്ലല്ലോ.''

ഡോക്കിന്‍സിന്റെ ശിഷ്യനായ ഹാരിസ് എഴുതി: ''ഭീകരപ്രവര്‍ത്തനം നടത്തുന്ന മുസ്‌ലിംകള്‍ ഇസ്‌ലാമില്‍നിന്ന് തെറ്റിയവരല്ല; ഇസ്‌ലാമിന്റെ ആശയങ്ങള്‍ മനസ്സിലാക്കിയവരാണ്.''

യുക്തിവാദികളുടെ ശക്തിദുർഗമായ യൂറോപ്യൻ രാജ്യങ്ങളാണ് നെതർലണ്ടും സ്വീഡനും. അവിടെ അവരുടെ നേതാവായ ഗീർട്ട് വിൽഡേഴ്സ് ഖുർആൻ കത്തിക്കണമെന്നും മറ്റൊരിക്കൽ ഖുർആൻ കറിക്കളയണമെന്നും നിയമനിർമ്മാണ സഭയിൽ പറഞ്ഞിരുന്നു. 'പാർട്ടി ഓഫ് ഫ്രീഡം' നേതാവായ ഇദ്ദേഹം 2009 പ്രവാചകനെ ആക്ഷേപിച്ചു കൊണ്ട് 'ഫിത്ന' എന്ന സിനിമയിറക്കി. ഇതിനെക്കുറിച്ച് യുക്തൻ തമ്പ്രാൻ ഡോക്കിൺസ് എഴുതി,
" രാക്ഷസന്മാരുടെ രാജാവിനെതിരെ ശബ്ദിക്കാൻ ചങ്കൂറ്റം കാണിച്ച വിൽഡേഴ്സിന് അഭിവാദ്യം " എന്ന്.
ഡോക്കിൻസിന്റെ വെബ്സൈറ്റിൽ ഒരു വട്ടം കയറിയാൽ ഇംഗ്ലീഷ് ഭാഷയിലെ സുന്ദരമായ തെറികൾ ആസ്വദിക്കാം, എല്ലാം ഇസ്ലാമിനെതിരെ . 
കൂട്ടത്തിൽ ചില ക്രൂരമായ നിലപാടുകൾ കണ്ടാൽ വിശ്വസിക്കാനാവില്ല.
''ഇറാഖിൽ കൊല്ലപ്പെട്ട മുസ്ലിംകളുടെ എണ്ണം പോരെന്നും മുസ്ലിംകളുടെ പച്ചമാംസത്തിലൂടെ ബോംബുകൾ തുളഞ്ഞുകയറുന്നത് ആലോചിക്കുമ്പോഴാണ് രസം കിട്ടുന്നത് " തുടങ്ങിയവ കൂട്ടത്തിലൊന്നാണ്.

ഡോക്കിൺസിന്റെ ആശയവും പരിഹാസ ശൈലിയും അദ്ദേഹത്തിന്റെ ലോകമാസകലുള്ള ശിഷ്യന്മാരും ആരാധകരും ഏറ്റെടുക്കുന്നുവെന്നതാണ് അനുഭവ ചിത്രങ്ങൾ. ശിഷ്യനായ സാം ഹാരിസ് യു എസ് ട്രംപ് "ഭീകരത" ക്കെതിരായ യുദ്ധം എന്ന് പറഞ്ഞതിനെ വിമർശിച്ച് കൊണ്ടെഴുതിയത് , " ഇസ്ലാമിനോട് നമ്മുടെ യുദ്ധമെന്ന് " തുറന്ന് പറയാൻ പേടിക്കേണ്ടതില്ല എന്നാണ്.

ഈ ആഗോള രീതി തന്നെയാണ് കേരളത്തിലും. ജബ്രകളുടെ തലവനായ ജബ്ബാർ മാഷിനെ ഒരു വട്ടം യൂ ട്യൂബിൽ കേട്ടാൽ അത് മനസിലാവും. പക്ഷെ യുക്തിവാദികൾ മതത്തെ തെറി പറയുന്നത് അംബേദ്കർ പ്രത്യേകം ഇളവ് ചെയ്തതാണെന്ന് തോന്നുന്നു !
സോഷ്യൽ മീഡിയയിൽ യുക്തിവാദികളുടെ ഒരു വിധം ഗ്രൂപ്പുകളിലെല്ലാം മുഖ്യശത്രു ഇസ്ലാം തന്നെയാണ്. യുക്തിവാദികളെ സർക്കാർ പ്രമോട്ട് ചെയ്യുന്നുണ്ട്. ഇടതു ലിബറൽ യുക്തിവാദികളാണ് പ്രധാന ഇസ്ലാം - സെമറ്റിക്ക് വിമർശകർ. ദളിത് യുക്തിവാദികൾ സവർണ്ണ ഹിന്ദുത്വ യെയാണ് പ്രധാനമായും എതിർക്കുന്നത്. രാഷ്ട്രീയമായി മുസ്ലിം - ദളിത് ഐക്യം എന്നൊക്കെ പറയുമ്പോഴും ദളിത് യുക്തിവാദികൾ ഇസ്ലാം വിരുദ്ധതയിൽ പിന്നിലല്ല.

മൂരി , കോയ തുടങ്ങിയ പദങ്ങളിലൂടെ മാത്രമേ അവർ മുസ്ലിംകളെ അഡ്രസ് ചെയ്യാറുള്ളൂ. ലൗ ജിഹാദ്, പർദ്ധ വിഷയങ്ങളിലൊക്കെ ദളിത് യുക്തർ ലിബറൽ യുക്തർക്ക് കട്ട സപ്പോർട്ടായിരുന്നു.

ചൈനയാണ് മാതൃക എന്ന് ഇടത് നേതാക്കൾ പറയുന്നതിന് ഇത്ര വലിയ അർത്ഥമുണ്ടെന്ന് ഘട്ടം ഘട്ടമായാണ് അറിയുന്നത്. ഇസ്ലാമിക പ്രബോധനത്തെ അടിച്ചമർത്തലാണ് ചൈനീസ് ഭരണകൂടത്തിന്റെ ഇപ്പോഴത്തെ പ്രധാനപണി .
മതവിദ്വേശ്യം പ്രചരിപ്പിച്ച മുസ്ലിംകളെ (കുറ്റം തെളിഞ്ഞാൽ ) ഒന്നും ചെയ്യരുത് എന്നൊന്നുമല്ല ഈ പറയുന്നത്. പക്ഷെ കമ്മ്യൂണിസ്റ്റ് സർക്കാരിന് ഇക്കാര്യത്തിൽ സംഘ് പരിവാർ സർക്കാരിന്റെ നയം തന്നെയാണ്. മുസ്ലിം വിരോധം തുപ്പുന്ന ശശികല അവിടെ നിൽക്കട്ടെ, തൃപ്പൂണിത്തറ പ്രജീഷിനെതിരെ എന്ത് നടപടിയാണുണ്ടായത്? 
കേരളത്തിൽ വർഗീയതയുടെ വിഷവിത്തുകൾ പാകാൻ സംഘപരിവാർ റിക്രൂട്ട് ചെയ്ത വ്യക്തിയാണയാൾ. പത്തനംതിട്ട കിടങ്ങന്നൂരില്‍ മുരിങ്ങൂര്‍ വലിയകാലായില്‍ അഡ്വക്കേറ്റ് പ്രതീഷ് വിശ്വനാഥനെതിരെ ലൈംഗികപീഡനമടക്കമുള്ള ഗുരുതരമായ പരാതികൾ വന്നിട്ടും സംസ്ഥാനസർക്കാർ എന്ത് നടപടിയെടുത്തു എന്ന ചോദ്യം ബാക്കിയാവുന്നു. തൃപ്പൂണിത്തുറയിലെ ഘർവാപ്പസി പീഡന കേന്ദ്രത്തിൽ യുവതികളെ റിക്രൂട്ട് ചെയ്യുന്നതിലും ലൈംഗികമായി പീഡിപ്പിക്കുന്നതിലും പ്രതീഷിനുള്ള പങ്ക് ദിനേനയെന്നോണം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.

തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തില്‍ ലൈംഗിക പീഡനവും നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ യോഗ കേന്ദ്രത്തിലെ മുന്‍ ഇന്‍സ്ട്രക്ടര്‍ കൃഷ്ണകുമാര്‍ എവി ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പ്രതീഷിനെ കുറിച്ചുള്ള വിവരങ്ങളുമുണ്ടായിരുന്നു. ” അന്യമതസ്ഥരെ വിവാഹം കഴിക്കുന്ന ഹിന്ദുപെണ്‍കുട്ടികളെ ഹിന്ദുഹെല്‍പ് ലൈന്‍ വഴിയാണ് ഇവിടേക്ക് എത്തിക്കുന്നത്. ഇതിന്റെ ഓപ്പറേറ്റര്‍ പ്രതീഷ് വിശ്വനാഥന്‍ എന്നയാളാണ്. യോഗ സെന്ററിന്റെ വിവിധ ബ്രാഞ്ചുകളില്‍ രാത്രിയും പകലുമെന്നോളം പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു. യോഗ കേന്ദ്രം ജയില്‍ പോലെയാണ്. ഇവരുടെ ശിക്ഷണത്തിലായില്ലെങ്കില്‍ മയക്കുമരുന്ന് കുത്തിവെക്കുന്നു. ചൂരല്‍ പ്രയോഗം നടത്തുന്നു. നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തുന്നു. ” പരാതിയിൽ പറയുന്നു. പക്ഷെ ആരു കേൾക്കാൻ ഈ പരാതി. ഇടതു യുവാക്കൾക്ക് ചേലാകർമ്മമേ തെറ്റുള്ളൂ, ഉടലാകെ കർമ്മം തെറ്റല്ല. ലെഫ്റ്റ് എയ്തിസത്തിന്റെ രാഷ്ട്രീയമാണത്.

അതായത്, ലോക രാഷ്ട്രീയത്തിന്റെ കടിഞ്ഞാണുള്ള യൂറോപ്യൻ വലതുപക്ഷവും അവശിഷ്ട ഇടതുപക്ഷവുമെല്ലാം ഘട്ടം ഘട്ടമായി രൂപപ്പെടുത്തിയെടുത്ത പൊതുബോധം മെല്ലെ മെല്ലെ അതിനെ വിമർശിക്കുന്നവരേയും കീഴ്പ്പെടുത്തുകയാണ്.അത് കൊണ്ടാണ് നമുക്കൊക്കെ ഇടക്കിടെ 'ഇസ്ലാം തീവ്രവാദമല്ല' , ' രാജ്യസ്നേഹം വിശ്വാസത്തിന്റെ ഭാഗമാണ് ' എന്നൊക്കെ ആവർത്തിക്കേണ്ടി വരുന്നത്. 

നിരന്തരം പറഞ്ഞിട്ടും ആ പ്രസ്താവന എനിയും ആരെക്കെയോ കേൾക്കാൻ ബാക്കിയുണ്ടെന്ന മുസ്ലിം സാധു സമൂഹത്തിന്റെ തോന്നൽ , സത്യത്തിൽ യുക്തിവാദികളുടെ സംഭാവനയാണ്. വന്നുവന്നിപ്പോൾ അത്തരം പ്രസ്താവനകൾ നാം ആവർത്തിക്കുന്നത് മറ്റാരേയും കേൾപ്പിക്കാനല്ല ,സ്വയം ഓർമ്മപ്പെടുത്താനാണ് എന്ന അവസ്ഥ വന്നിരിക്കുന്നു.

നമ്മളറിയാതെ നാളെ നാം തീവ്രവാദികൾ ആയ്പ്പോവുമോ എന്ന് അകത്തും പുറത്തും പേടിയാണ്.

ഇതിന്റെ ഒരു സ്വാധീനം നമ്മുടെ നാട്ടിമ്പുറങ്ങളിൽ പോലും എത്രയുണ്ടെന്ന് ഒരുദാഹരണ സത്യ കഥ പറയട്ടെ,

എന്റെ ഒരു ലോഹ്യക്കാരൻ, വടകരക്കടുത്ത നാട്ടുകാരൻ. ബാംഗ്ലൂരിൽ ബിഫാമിന് പഠിക്കുകയായിരുന്നു. നല്ല എക്സിക്യൂട്ടീവ് ഫ്രീക്കനായിരുന്നു ആൾ. ഇഷ്ടപ്പെട്ട പെണ്ണ് തേച്ചു പോയതോടെ തിരിച്ചടിയുടെ തിരിച്ചറിവിൽ അവനാകെ മാറി. 
താടി നീണ്ടു. പാന്റ് കണങ്കാലിൽ ഒതുങ്ങി. തൊപ്പി ധരിച്ചു തുടങ്ങി.

വീട്ടുകാരും നാട്ടുകാരും മാറ്റം കണ്ട് അമ്പരന്നു. അവൻ പെങ്ങന്മാരോട് കടുത്ത ദീനിയ്യാത് പറയാൻ തുടങ്ങി. 
ചുരുക്കിപ്പറഞ്ഞാൽ, അവനിന്നും പെണ്ണ് കിട്ടിയിട്ടില്ല. നല്ല തറവാടും തറവീടും ഒക്കെയാണ് . പക്ഷെ എന്തോ വേണ്ടാത്ത ബന്ധമുണ്ടെന്ന് നാട്ടുകാർക്ക് പേടി. അവനാകട്ടെ വേണ്ടാത്ത ബന്ധം ഒഴിവായി ദീനിയായതാണ്. ദീനീ ചെക്കന്മാരെ അന്വേശിക്കുന്നവർക്കും അവൻ വേണ്ട. അവൻ കേട്ടു നന്നായ പ്രഭാഷകൻ താടി ഡ്രിം ചെയ്ത് ലെവലാക്കുന്ന ക്ലീൻ ഇമേജഡ് പണ്ഡിതനാണ്. പക്ഷെ അവൻ നീട്ടി വളർത്തിയ താടിയുടെ 'ഭീകരത' അവനെ വേട്ടയാടി.

ഇസ്ലാമിലെ കായിക - സായുധ സമര കഥകൾ വിസ്മരിക്കപ്പെട്ട അടരുകളിൽ നിന്ന് അസ്ഥാനങ്ങളിലേക്ക് ആനയിക്കുന്നത് സോ കോൾഡ് തീവ്രവാദ പ്രബോധകരും രാഷ്ട്രീയക്കാരുമാണെന്ന് കരുതുന്നവർ ഒരു വശം മാത്രമേ കണ്ടിട്ടുള്ളൂ. യുക്തിവാദികളുടെ വെബ് സൈറ്റുകളിലൂടെയാണ് അത്തരം ചരിത്രങ്ങൾ പുറത്തെത്തുന്നത്. ചിലർ ചട്ടുകങ്ങളായി വീണു പോവുന്നു.

'ഇസ്ലാം വാച്ച്' എന്ന സൈറ്റ് ലോകത്ത് ഉണ്ടാക്കിയത്ര മുസ്ലിം ഭീകരത മറ്റാരും ഉണ്ടാക്കിയിട്ടില്ല. അത് യുക്തിവാദികളുടെ ഇസ്ലാം സൈറ്റാണ്. പലപ്പോഴും പിന്നിൽ ജൂതരും സയണിസവുമാണെന്ന് പറയൽ ഒരു ക്ലീഷേ ആയിപ്പോയി ഇവിടെ .സത്യത്തിൽ പിന്നിൽ മേത്തിരയിനം യുക്തിവാദികളാണ്.