ഗുരു തരുന്ന തിരിച്ചറിവുകള്‍

സിദ്ദീഖ് മുഹമ്മദ്

27 March, 2018

+ -
image

ലബനോനിലെ അതിപ്രാചീനമായ ഒലിവ് മരങ്ങൾക്കിടയിലൂടെ നടക്കുകയായിരുന്നു ഗുരുവും ശിഷ്യനും.

ഭൂമിയിൽ ആഴ്ന്നിറങ്ങിയ വേരുകളും, ആകാശത്തേയ്ക്ക് വിസ്തൃതമായ ശിഖരങ്ങളുമുള്ള ആ മഹാവൃക്ഷത്തെ നോക്കി ഗുരു മൗനിയായി.

അല്പസമയത്തിനു ശേഷം കണ്ണുകൾ തുറന്ന ഗുരു ഒരു ദീപ്തസ്വരത്തിൽ പറഞ്ഞു :

'മൗനപൂർണ്ണിമയിൽ, അവാച്യമായ നിർമ്മമതയോടെ, ക്രിയാത്മകതയുടെ പരകോടിയിൽ നിശ്ചലമായിരിക്കുന്ന ഈ വൃക്ഷങ്ങളെ നോക്കൂ.

സ്രോതസ്സിനോട് മാത്രം ബന്ധിതമായി, സൂര്യനിൽ നിന്നു പ്രകാശം സ്വീകരിച്ച്‌ നിതാന്ത വിശ്രാന്തിയിൽ വിരിഞ്ഞു വളർന്ന് നിലകൊള്ളുന്നു ഈ മഹാവൃക്ഷങ്ങൾ.

ഇവയിലൂടെയാണ് 
മാനുഷ്യകത്തിന് മുഴുവൻ ആഹാരവും ശുദ്ധവായുവും പകർന്നു നൽകപ്പെടുന്നത്.

സാമാന്യബോധത്തിലിരി ക്കുന്നവർ, നിശ്ചലവും നിശ്ചേതനവുമെന്ന് കരുതുന്ന ഇടങ്ങളിലാണ് പലപ്പോഴും ഏറ്റവും ക്രിയാത്മകവും
ചേതനയുറ്റതുമായ കർമ്മങ്ങൾ നടക്കുന്നത്.

ഈ ലോകത്തെ ഏറ്റവും ജീവസ്സാർന്ന ദൈവികതയുടെ കാവ്യപ്രകാശനങ്ങളാണ് ചെടികളും മരങ്ങളും.

ഈ കാവ്യബോധത്തിലിരുന്നാണ് ലബനോനിന്റെ പ്രിയകവി ഖലീൽ ജിബ്രാൻ ഇങ്ങനെ പറഞ്ഞത് :'

'ഭൂമി ആകാശത്തെഴുതിയ കവിതയത്രെ മരങ്ങൾ.'

ഇത്രയും പറഞ്ഞശേഷം, ദൃശ്യമാക്കപ്പെട്ട ഈ ഉപമയെ ഗുരു ഇങ്ങനെ വിശദീകരിച്ചു:

'ദൈവികതയുടെ പ്രകാശാക്ഷരങ്ങളായി, വചനപൂർണ്ണതയായി അവതരിക്കുന്ന ഗുരുക്കന്മാർ ഈ മഹാവൃക്ഷങ്ങളെ പോലെ ലോകത്ത് നിലക്കൊള്ളുന്നു.

ജീവന്റെ സ്രോതസ്സിലേയ്ക്ക് വേരുകളായി നീണ്ടു നീണ്ട് ചെല്ലുന്ന പ്രണയാഭിവാഞ്ഛയോടെ, ആകാശങ്ങൾ
ക്കപ്പുറത്തെ 
പ്രകാശങ്ങളുടെ പ്രകാശത്തിൽ നിന്ന് ജ്ഞാനദീപ്തി ആത്മാവിൽ സ്വീകരിക്കുകയും ചെയ്യുന്നു ഗുരു.

എന്നിട്ട്, അത് സർവ്വലോകത്തിനുമായി പകർന്നു നൽകി സമ്പൂർണ്ണമായ ക്രിയാത്മകതയിൽ, പൂർണ്ണവിശ്രാന്തിയിൽ, നിർമ്മമമായി നിലകൊള്ളുന്നു.

ഇവരെ നിഷ്ക്രിയരെന്നും നിസ്സംഗരെന്നും അജ്ഞാനികൾ ധരിക്കുമ്പോൾ, എല്ലാ ഋതുക്കളിലും ആത്മാന്വേഷികൾക്കു ജ്ഞാനഫലങ്ങൾ പകർന്നു നൽകുന്ന ഗുരു, ദൈവികതയുടെ പ്രണയസ്വരൂപമായി ഹൃദയങ്ങളിൽ ജീവിക്കുന്നു.

ദൈവികസ്വരങ്ങളുടെ അതിവിശിഷ്ടമായ വചനമാണ് ഗുരു.

ധ്യാനികളായ ആത്മാന്വേഷികൾക്ക് മാത്രമേ ഗുരു എന്ന അനുഗ്രഹത്തെ വരിയ്ക്കാനാവൂ. 
ഗുരു ഒരു വരമെന്ന്‌ അനുഭവിച്ചു ആശ്ലേഷിയ്ക്കാനാവുന്നതും യഥാർത്ഥ ജിജ്ഞാസുക്കൾക്കു മാത്രം.

വിശുദ്ധ ഖുർആനിൽ വിശിഷ്ട വചനമെന്ന 'ഗുരു'വിനെ ഒരു വൃക്ഷത്തോടുപമിക്കുന്നത്
നോക്കുക. 
അത് 
ആഴമേറിയ ധ്യാനത്തിലേക്ക്‌ പ്രകാശ വാതിലുകൾ തുറന്നു തരും.

വിശുദ്ധ ഖുർആൻ പതിനാലാം 
അധ്യായത്തിലെ 24,25 സൂക്തങ്ങൾ പറയുന്നു :

' വിശിഷ്ട വചനത്തിന് ദൈവം എങ്ങനെയാണ് ഉപമ നൽകിയിരിക്കുന്നത് എന്ന് കാണുക.
ഒരു വിശിഷ്ട വൃക്ഷത്തെപ്പോലെയാണത്. 

അതിന്റെ വേരുകൾ ഭൂമിയിൽ ആരൂഢവും, ശാഖികൾ ആകാശത്ത് വിസ്തൃതവുമാണ്. ദൈവഹിതത്താൽ, എല്ലാ ഋതുക്കളിലും അത് ഫലം നൽകിക്കൊണ്ടിരിക്കുന്നു. 

മനുഷ്യൻ മനനം ചെയ്ത് ഗ്രഹിക്കുന്നതിനായാണ് ദൈവം ഉപമകൾ നൽകുന്നത്. '

മുത്ത് പൊഴിയുന്നതുപോലെ ആയിരുന്നു ഗുരുവിന്റെ വചനധാരയെ ആ 
ശിഷ്യഹൃദയം സ്വീകരിച്ചത്.

ആകാശത്തേയ്ക്ക് കൈകളുയർത്തി, കണ്ണുകളടച്ച ഗുരു പിന്നെയും മൗനിയായി.

സ്വയം പ്രകാശമായിത്തീർന്ന്, ശിഷ്യരെ പ്രകാശിപ്പിക്കാൻ ശേഷിയുള്ളവനാണ് ശരിയായ ഗുരു.

പരമപരിശുദ്ധമായതിനു മാത്രമേ മറ്റുള്ളവയെ വിശുദ്ധീകരിക്കാൻ സാധിക്കുകയുള്ളൂ.

വചനമായിത്തീർന്നവൻ വചനപ്രകാശത്തെ പകരുന്നു.

അതേസമയം, തെറ്റായ ഗുരുവിന്റെ ശിഷ്യർ ഇരുട്ടിൽ തപ്പിത്തടയുന്നു ;ഒരടി പോലും മുന്നോട്ടു പോകാനാവാതെ.

ശംസ് തബ്രീസ് പറയുന്നു :

'നക്ഷത്രങ്ങളേക്കാൾ കൂടുതൽ വ്യാജഗുരുക്കന്മാർ ലോകത്തുണ്ട്. നിന്റെ ആന്തരിക സൗന്ദര്യത്തെ നിനക്ക് ദൃശ്യമാക്കിത്തരുന്നവനാണ് യഥാർത്ഥ ഗുരു. അല്ലാതെ, നിന്റെ വണക്കമോ വിധേയത്വമോ തേടുന്നവനല്ല.'

വ്യാജഗുരുക്കന്മാർക്ക് ഒരിക്കലും ആത്മവിദ്യ പകരാനാവില്ല. കാരണം, അവരെന്നും ശിഷ്യരെ അടിമകളാക്കി ഉടമ ചമയുന്നു.

എന്നാൽ, ശരിയായ ഗുരുവിന് ആരേയും അടിമയാക്കാനാവില്ല. ആരുടെയും ഉടമയായി നടിക്കുകയുമില്ല.

അതുപോലെ, ഗുരുവിന്റെ പ്രകാശത്തിൽ നിന്ന് വെളിച്ചമുണ്ടാക്കുന്ന വിദ്യ സ്വായത്തമാക്കുമ്പോൾ മാത്രമേ ശിഷ്യത്വം പൂർണ്ണമാവുന്നുമുള്ളൂ.

പിന്നീട്, ഗുരു ഒരു കുഞ്ഞുകഥ പറഞ്ഞു :

' വിജനവും വളരെ അപരിചിതവുമായ ഒരു വഴിയിലൂടെ രണ്ടുപേർ നടക്കുകയായിരുന്നു.

സന്ധ്യയായി ഇരുട്ട് വീണപ്പോൾ മുൻപോട്ടുള്ള വഴി കാണാതായി.
അപ്പോൾ യാത്രികരിൽ ഒരാൾ ഏതോ രണ്ട്‌ കല്ലുകൾ ഉരസി കൈയിലെ വിളക്ക് കത്തിച്ചു. 
രണ്ടുപേരും ഭയമേതുമില്ലാതെ മുന്നോട്ട് നടന്നു. 

എന്നാൽ, കുറച്ചു കഴിഞ്ഞു രണ്ടുപേരും വഴിപിരിഞ്ഞപ്പോൾ വിളക്ക് കത്തിച്ചയാൾ അതുമായി പോയി. 
മറ്റേ ആൾക്ക് ഇരുട്ടിൽ മുന്നോട്ട് പോകാൻ കഴിയാതായി.

ആയതിനാൽ, എത്ര വിശിഷ്ടനായ ഗുരുവായാലും, ആത്മവിദ്യ പകർന്നുകിട്ടിയില്ലെങ്കിൽ വഴി നഷ്ടമാവുമെന്ന സത്യം ഓരോ ആത്മാ ന്വേഷിയും അറിയേണ്ടതുമുണ്ട്.

വചനപൂർണ്ണതയിൽ ആത്മാകാശത്ത് വിസ്തൃതമായവന് മാത്രമേ, ജ്ഞാനപ്രകാശനത്തിലൂടെ എല്ലാ കാലത്തും ആത്മവിദ്യ പകരാൻ കഴിയുകയുള്ളൂ.

ആദിയിലുണ്ടായ വചനം തന്നെയാണ് പ്രാപഞ്ചികതയുടെ ജീവൽപ്രവാഹമായ ദൈവികപ്രകാശം.

പ്രണവസ്വരമായും, പ്രഥമവചനമായും (ലോഗോസ് ),പ്രപഞ്ചയാഥാർത്ഥ്യമായും (ഹഖീഖത്ത് മുഹമ്മദീ )വിളങ്ങുന്നത് ഒരേ വെളിച്ചം തന്നെ.

ആ വചനപ്രകാശം (കലിമ )ദേഹമണിഞ്ഞു പൂർണ്ണത പ്രാപിച്ചതാണ് ഗുരു.

യേശുക്രിസ്തുവിനെ വിശുദ്ധ ഖുർആൻ വചനമെന്ന് തന്നെ വിളിച്ചിട്ടുണ്ട് (വി. ഖുർആൻ 3:45).

ഗുരുപ്രകാശത്തെ തന്നിൽ നിന്ന് തന്നെ 
വ്യവച്ഛേദിച്ചറിയാനുള്ള ആത്മവിദ്യയുടെ വഴി പറയുന്നു മഹാഗുരു ശംസ് തബ്രീസ് :

'മനുഷ്യാ, 
സർവ്വപ്രപഞ്ചവും 
നിന്നിൽ തന്നെയുണ്ട്. നിന്നെ കുടുക്കാനായ് സദാ പിന്തുടർന്ന് കെണിയൊരുക്കുന്ന ഏതോ രാക്ഷസനല്ല 'ഇബ്‌ലീസ്'. 
അത് നിന്റെ തന്നെ ഉള്ളിലുള്ള, 
നിന്റെ ദേഹേച്ഛകളുടെ ശബ്ദമാണ്. 
നിന്റെ പിശാച് 
നിന്നിൽ തന്നെയാണ്. 
അതിനെ നിന്നിൽ തന്നെ കണ്ടെത്തുക ;
മറ്റുള്ളവരിലല്ല.

ഒരുവൻ തന്നിലെ പിശാചിനെ തിരിച്ചറിയുന്ന നിമിഷം, 
അവൻ തന്നിലെ ദൈവത്തെ കണ്ടെത്തുന്നു.'