കേരളീയ ഗൃഹാന്തരീക്ഷങ്ങളില്‍ ജീലാനി ഇന്നും പെയ്തിറങ്ങുന്നു

ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

26 December, 2017

+ -
image

റബീല്‍ ആഖിര്‍ കടന്നുവന്നതോടെ മുസ്‌ലിം ഗൃഹങ്ങള്‍ ഖുതുബുല്‍ അഖ്താബ് ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ സ്മരണകളില്‍ മുഴുകിക്കഴിഞ്ഞു. മൗലിദുകളും റാത്തീബുകളും ഖുതുബിയ്യത്തുകളും അനുസ്മരണങ്ങളുമായി സ്വന്തം ആത്മികതയെ കൂടുതല്‍ തിളക്കമാര്‍ന്നതാക്കാനുള്ള വ്യഗ്രതയിലാണ് എല്ലാവരും. കേരളീയ മുസ്‌ലിം മനസ്സുകള്‍ ശൈഖ് ജീലാനി നേടിയ സ്വാധീനം അല്‍ഭുതകരമാണ്. ഔലിയാക്കളുടെ നേതാവായ മഹാനവര്‍കളെ ലോകം ആദരിച്ചപ്പോള്‍ കേരള മുസ്‌ലിംകളും അതേ അളവില്‍ അദ്ദേഹത്തെ നെഞ്ചിലേറ്റി. മനസ്സിലും ്അനുഷ്ഠാനങ്ങളിലും രചനകളിലും കവിതകളിലും വെളിച്ചമായി കേരളീയ ഗൃഹാന്തരീക്ഷങ്ങളില്‍ ശൈഖ് ജീലാനി ഇന്നും പെയ്തിറങ്ങുന്നു. അത് എന്നും നിലനില്‍ക്കുകയും ചെയ്യും.

ഇത്തരുണത്തില്‍, കേരളീയ മുസ്‌ലിം  ജീവിത പരിസരത്തില്‍ തസ്വവ്വുഫും ജീലാനീ ദര്‍ശനങ്ങളും നേടിയ സ്വാധീനങ്ങളെ കുറിച്ച് ചില കാര്യങ്ങള്‍ പങ്കുവെക്കുകയാണിവിടെ. 

സൂഫീ ഇടപെടലിന്റെ 15 ഉം 16 ഉം നൂറ്റാണ്ടുകള്‍

സൂഫിസമാണ് കേരള മുസ്‌ലിം ജീവിതത്തിന്റെ ആത്മാവ്. കേരളത്തിലെ ആദ്യകാല പ്രബോധകരും സൂഫീ മിഷ്‌നറികളായിരുന്നു. സൂഫീ സ്പര്‍ശമില്ലാത്ത കേരളീയ ഇസ്‌ലാമിക ലോകത്തെ സങ്കല്‍പിക്കുക പോലും സാധ്യമല്ല. ഖുര്‍ആനിലും ഹദീസിലുമൂന്നിയ ആദ്ധ്യാത്മിക സരണി ഹിജ്‌റ ഒന്നാം നൂറ്റാണ്ടു മുതല്‍തന്നെ ഇവിടെ പ്രവര്‍ത്തിച്ചുതുടങ്ങി എന്നു  വേണം വിശ്വസിക്കാന്‍. എഡി. പതിനൊന്ന്- പന്ത്രണ്ട് നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്ത് സൂഫീ സരണികള്‍ രൂപപ്പെട്ടുവന്നതോടെ ആത്മീയതയുടെ സംഘടിത വഴികള്‍ എന്ന നിലക്ക് അവ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഒട്ടും വൈകാതെ തുടര്‍ന്നു വന്ന കാലത്തുതന്നെ മലബാറിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ സമാരംഭം കുറിക്കപ്പെട്ടു. 

ശൈഖ് ഫരീദ് ഔലിയ എന്ന പേരില്‍ പൊന്നാനിയെ കേന്ദ്രീകരിച്ച് ജീവിക്കുകയും അവിടത്തെ തദ്ദേശീയരായ ആളുകളെ സമുദ്ധരിക്കുന്നതില്‍ വ്യാപൃതനാവുകയും ചെയ്ത പ്രമുഖനായൊരു സൂഫിയുണ്ടായിരുന്നു. അദ്ദേഹം ഖുറാസാനില്‍നിന്നും വന്നതാണെന്നാണ് വിശ്വാസം. പെരിങ്ങത്തൂരില്‍ അന്ത്യവിശ്രമം കൊള്ളുന്ന അലിയ്യുല്‍ കൂഫിയും ഉള്ളാളം ദര്‍ഗയിലെ സയ്യിദ് മദനിയും ഈ ഗണത്തില്‍ ആദ്യ കാലങ്ങളില്‍ ഇവിടെ എത്തിയവരില്‍ ചിലരാണ്. സൂഫികളില്‍ പലരും ഇവിടെ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇവിടെത്തന്നെ മരണപ്പെടുകയും ചെയ്തു. പലരും തങ്ങളുടെ ദൗത്യനിര്‍വഹണത്തിനു ശേഷം പുതിയ ഇടങ്ങള്‍ തേടിയോ സ്വന്തം നാടുകളിലേക്കോ തിരിച്ചുപോയി. ഇത്തരം സഞ്ചാരികളായ സൂഫികളുടെ ഇടപെടലുകള്‍ കേരള ഇസ്‌ലാമിന്റെ ക്രിയാത്മക മണ്ഡലത്തെ ക്രമപ്പെടുത്തുന്നതിലും സജീവമാക്കുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 

പതിനഞ്ച്-പതിനാറ് നൂറ്റാണ്ടുകള്‍ ആയപ്പോഴേക്കും കേരളം സൂഫിസത്തിന്റെ കേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നുവെന്നതാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അന്നത്തെ സാഹചര്യത്തില്‍ ഇത് സ്വാഭാവികം മാത്രമാണെങ്കിലും കേരളത്തിന് ഈയൊരു ഭാഗ്യം ലഭിച്ചു. വിവിധ സൂഫീ സരണികളിലെ ജ്ഞാനികള്‍ ഈ തീരത്തണയുകയും സാമൂഹിക സമുദ്ധാരണ പ്രക്രിയയില്‍ വ്യാപൃതരാവുകയും ചെയ്തു. വിശ്വാസികളെല്ലാം ഏതെങ്കിലുമൊരു സൂഫീ വഴിയില്‍ അംഗമായി ജീവിതം നയിച്ച കാലമായിരുന്നു അത്. ആദര്‍ശപരമായും ആത്മികമായും അത്രമാത്രം തെളിച്ചവും വിശുദ്ധിയും കാത്തവരായിരുന്നു അന്നത്തെ ആളുകള്‍. മതം ഒരാത്മിക കവചമായി എന്നും അവരോടൊപ്പമുണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യ ഘട്ടമായപ്പോഴേക്കും അനവധി സൂഫീ സരണികള്‍ ഒരേ സമയം കേരളത്തില്‍ പ്രവര്‍ത്തിച്ചതായി കാണാന്‍ കഴിയും. ഖാദിരി, രിഫാഈ, നഖ്ശബന്തി, ഖാസറൂനി എന്നിങ്ങനെ നാലു ത്വരീഖത്തുകള്‍ സജീവമായി ഇവിടെ നിലനിന്നിരുന്നതായി   മാപ്പിള മുസ്‌ലിംകളെക്കുറിച്ച്  പുതുതായി വന്ന പഠനങ്ങള്‍പോലും വ്യക്തമാക്കുന്നുണ്ട്. ഇവയോരോന്നും ഇവിടെ ആവേശപൂര്‍വ്വം പിന്തുടരപ്പെടുകയും വളര്‍ന്ന് പന്തലിക്കുകയും ചെയ്തു. വൈവിധ്യമാര്‍ന്ന് ഇവിടത്തെ സാഹിത്യങ്ങളുടെ വളര്‍ച്ചയിലും ആചാരാനുഷ്ഠാനങ്ങളുടെ ക്രമീകരണത്തിലുമെല്ലാം ഊ സൂഫീ സരണികള്‍ വലിയ പങ്ക് വഹിച്ചതായി കാണാം. 

കടല്‍ യാത്രക്കാര്‍ക്കും കപ്പലോട്ടക്കാര്‍ക്കുമിടയില്‍ ആഴത്തില്‍ വേരിറങ്ങിയ സൂഫീ വഴികളിലൊന്നായിരുന്നു ഖാസറൂനീ വഴി. പേര്‍ഷ്യയിലെ ഒരു ശൈഖിലേക്കു ചേര്‍ത്തിയായിരുന്നു ഇതിന്റെ വികാസം. ഇബ്‌നൂ ബത്തൂത്ത കേരളത്തിലെത്തിയപ്പോള്‍ കോഴിക്കോട്ടും കൊല്ലത്തും ഈ സരണിയില്‍പെട്ട രണ്ടു സൂഫികളെ കണ്ടെത്തുകയുണ്ടായി. കപ്പല്‍ യാത്രികള്‍ അവര്‍ക്കായി പല സാധനങ്ങളും നേര്‍ച്ചയാക്കുകയും സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു. ഖാന്‍ഖാഹ് സമാനമായ ഒരു ഇടത്തിലായിരുന്നു അവരുടെ അധിവാസമെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. കേരളത്തില്‍ നിലനിന്ന സൂഫിസത്തിന്റെ ഒരു തലമാണ് ഇത് പരിചയപ്പെടുത്തുന്നത്. ഉത്തരേന്ത്യയിലും പുറത്തും വ്യാപകമായി ഉണ്ടായിരുന്ന ഖാന്‍ഖാഹ് സംസ്‌കാരം വ്യാപകമായി കേരളത്തില്‍ ഇല്ലായിരുന്നുവെങ്കിലും അതിന്റെ ചെറിയ സാധ്യതകള്‍ ഇവിടെ ഉണ്ടായിരുന്നോ എന്ന് ചിന്തിപ്പിക്കുന്നതാണ് ഇത്തരം സൂചനകള്‍. ഈയൊരു പശ്ചാത്തലത്തില്‍ 1600 കള്‍ക്കു മുമ്പത്തെ കേരളത്തിലെ സൂഫിസം പ്രത്യേകം ഊന്നലുകളോടെ പഠിക്കപ്പെടേണ്ടതുതന്നെയാണ്. മുഹ് യിദ്ദീന്‍ മാലക്കു മുമ്പത്തെ കാലമാണ് കേരളത്തില്‍ സൂഫിസത്തിന്റെ സുവര്‍ണ കാലമെന്ന് കണ്ടെത്താനാവും ഈ മേഖലയിലേക്ക് ഗവേഷണത്തിനിറങ്ങുമ്പോള്‍. സൂഫീ ചിന്തകളുടെ പാരമ്യത നിലനില്‍ക്കുന്ന ഒരു കാലത്താണ് മുഹ് യിദ്ദീന്‍ മാലയെന്ന ഒരു മഹല്‍ രചനയുടെ സൃഷ്ടി പോലും സംഭവിക്കുന്നത്. കേരള മുസ്‌ലിം ജീവിതത്തിലും ചിന്തയിലും ഇതിന്റെ സ്വാധീനം അളന്നു മനസ്സിലാക്കാവുന്നതിലുമപ്പുറത്താണ്. 

ആദര്‍ശ സുരക്ഷയുടെ മൗലിക ഇടപെടലുകള്‍ 

കാലങ്ങളായി തുടര്‍ന്നുവന്നിരുന്ന ഖാസി പരമ്പരകളെയും ആ സ്ഥാനങ്ങള്‍ അലങ്കരിച്ച സൂഫീജ്ഞാനികളെയും കേന്ദ്രീകരിച്ചാണ് കേരളത്തിലെ ഇസ്‌ലാമിക ചിന്തയും പ്രവര്‍ത്തനങ്ങളും നൂറ്റാണ്ടുകളായി നിലനിന്നുപോന്നിരുന്നത്. ആദ്യ പത്തു പള്ളികളിലെ ഖാസിമാരായിരിക്കും ഇതിന്റെ വേര് തേടി പിന്നോട്ടു പോകുമ്പോള്‍ ലഭിക്കുന്ന ആദ്യത്തെ മഹാത്മാക്കള്‍. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളാവുന്നതോടെ ഈയൊരു ഉത്തരവാദിത്തം വന്നുപെടുന്നത് പ്രധാനമായും കോഴിക്കോട് ഖാസിമാരുടെയും പൊന്നാനിയിലെ മഖ്ദൂമുമാരുടെയും കരങ്ങളിലാണ്. വളപ്പട്ടണവും കാസര്‍കോടും ഈ മേഖലയില്‍ പ്രശോഭിച്ച നമുക്കറിയാവുന്ന മറ്റു ചില പഴയ കേന്ദ്രങ്ങളാണ്. ഇതുപോലെ കേരളത്തില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു നിലക്ക് ശോഭിച്ച വേറെയും കേന്ദ്രങ്ങളുണ്ടായിരുന്നു. 

കോഴിക്കോടും പൊന്നാനിയുമായിരുന്നു വൈജ്ഞാനിക മുന്നേറ്റത്തില്‍ ഇതില്‍ ഏറ്റവും മികച്ചുനിന്നത്. ഒരു കാലത്ത് കേരളമുസ്‌ലിം ചിന്തയുടെ ആസ്ഥാന നഗരികളായിരുന്നു ഇവ. പ്രഗല്‍ഭരായ ഒരു പിടി ജ്ഞാനികള്‍ ഇവിടെ ഉയര്‍ന്നുവരികയും അതതു കാലത്തെ ഇസ്‌ലാമിക സമൂഹത്തിനു നേതൃത്വം നല്‍കുകയും ചെയ്തു. ഖാസി സൈനുദ്ദീന്‍ റമദാന്‍ ശാലിയാത്തി, ഖാസി ഫഖ്‌റുദ്ദീന്‍ അബൂബക്കര്‍, ഖാസി അബ്ദുല്‍ അസീസ്, ഖാസി മുഹമ്മദ് തുടങ്ങിയവര്‍ പതിനഞ്ച്-പതനാറ് നൂറ്റാണ്ടുകളില്‍ കോഴിക്കോടിനെ കേന്ദ്രീകരിച്ച് കേരളത്തില്‍ കത്തിനിന്ന ജ്ഞാനികളാണ്. സൂഫിസത്തില്‍ ഊന്നിയുള്ള അവരുടെ പ്രവര്‍ത്തനങ്ങളും വിവിധ വിഷയങ്ങളില്‍ പരന്നുകിടന്ന ഗ്രന്ഥങ്ങളും കേരള മുസ്‌ലിം ചിന്താരൂപീകരണത്തില്‍ ആഴത്തില്‍ സ്വാധീനിച്ചിച്ചുണ്ട്. 

പൊന്നാനിയെ കേന്ദ്രീകരിച്ച് വികസിച്ചുവന്ന വൈജ്ഞാനിക വിപ്ലവവും ആത്മീയ നേതൃത്വവും ഗ്രന്ഥരചനയുമാണ് സ്വാധീനത്തില്‍ കേരളത്തെ ഏറ്റവും കൂടുതല്‍ ആവേശിച്ച ഘടകം. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനിലൂടെ സമാരംഭം കുറിച്ച ഈയൊരു ലോകം പിന്നീട് കേരളമുസ്‌ലിംകളുടെ ഉള്ളുണര്‍വിന്റെ കരളും കനലുമായി മാറി. സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും സൈനുദ്ദീന്‍ മഖ്ദൂം അഖീറും മറ്റു പൊന്നാനി പണ്ഡിതന്മാരും ഈയൊരു സംരംഭത്തിന് പിന്തുടര്‍ച്ചയൊരുക്കുകയും അവരിലൂടെ ഇത് മലബാറിലെ മക്കയെന്നോണം വികസിക്കുകയും ചെയ്തു. ആദര്‍ശത്തിലും അനുഷ്ഠാനത്തിലും ആത്മീയതയിലും കേരളമുസ്‌ലിം പാരമ്പര്യത്തിന് പ്രാമാണികത നല്‍കിയത് മഖ്ദൂമീ പണ്ഡിതരായിരുന്നു. അവരുടെ വിശാലമായ അനുഭവങ്ങളും പണ്ഡിത ബന്ധവും ഇവിടത്തെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും ശക്തി പകര്‍ന്നു. കേരള മുസ്‌ലിം ചിന്താ ലോകത്തെ മുജദ്ദിദീങ്ങളായിരുന്നു മഖ്ദൂമീങ്ങളെന്ന് പറയാന്‍ കഴിയും. കാലങ്ങളായി ഇവിടെ അനുവര്‍ത്തിക്കപ്പെട്ടുവന്നിരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും തിരുത്തുന്നതിനു പകരം ശക്തിപ്പെടുത്തുകയാണ് അവര്‍ ചെയ്തിരുന്നത്. ഫത്ഹുല്‍ മുഈന്‍, മന്‍ഖൂസ് മൗലിദ്, മുര്‍ശിദുത്ത്വുല്ലാബ്, ഇര്‍ശാദുല്‍ ഇബാദ് തുടങ്ങി കര്‍മശാസ്ത്രത്തിലും തസ്വവ്വുഫിലുമായി അവരില്‍നിന്നും വന്ന ഗ്രന്ഥങ്ങള്‍ ഇന്നും കേരള മുസ്‌ലിം നിത്യജീവിതത്തിലെ പാഠപുസ്തകങ്ങളായി നിലനില്‍ക്കുന്നു. ഈയൊരര്‍ത്ഥത്തില്‍, മഖ്ദൂമീ ചിന്താവിപ്ലവത്തിന്റെ തുടര്‍ച്ചയാണ് ഇന്നും നടന്നുകൊണ്ടിരിക്കുന്നത് എന്നു പറഞ്ഞാല്‍ തെറ്റാവില്ല.

1500 കാലത്തെ മുസ്‌ലിം വിശ്വാസങ്ങളുടെ നേര്‍വായന

അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന വിശ്വാസങ്ങളും ആചാരങ്ങളും മനസ്സിലാക്കാനും അവക്ക് ഇന്നത്തേതുമായുള്ള ബന്ധം പരിശോധിക്കാനും ഒട്ടും പ്രയാസമുള്ള കാര്യമല്ല ഇന്ന്. മുഹ്‌യിദ്ദീന്‍ മാല മുമ്പില്‍വെച്ച് മാത്രം അന്വേഷിച്ചാല്‍ ഇക്കാര്യം വേഗത്തില്‍ വ്യക്തമാകും. പതിനാറാം നൂറ്റാണ്ടിലെ മുസ്‌ലിം വിശ്വാസങ്ങളുടെ അക്ഷരാവിഷ്‌കാരമാണ് സത്യത്തില്‍ ഖാസി മുഹമ്മദ് 1607 ല്‍ രചിച്ച മുഹ്‌യിദ്ദീന്‍ മാല. കര്‍മശാസ്ത്രത്തിന്റെ കണിശലോകത്തിനപ്പുറം സൂഫിസത്തിന്റെ ലോകത്തുനിന്നും കേരള മുസ്‌ലിംകളെ വായിക്കാനുള്ള ഒരു ശ്രമമാണിത്. തവസ്സുല്‍, ഇസ്തിഗാസ, തബര്‍റുക് തുടങ്ങി ഇന്ന് സുന്നി സര്‍ക്കിളില്‍ കൊണ്ടാടപ്പെടുന്ന എല്ലാം ഇതില്‍ വ്യാപകമായി കാണാന്‍ കഴിയും. ഇത് പുതിയ ആവിഷ്‌കരങ്ങളല്ലെന്നും മുസ്‌ലിംകളുടെ ഇന്നലെകളില്‍ മഹാ പണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ കേരളത്തില്‍ അനുവര്‍ത്തിക്കപ്പെട്ടതാണെന്നും ഇത് സാക്ഷി പറയുന്നു. 

സൂഫീ ആദരവും കറാമത്ത് പറച്ചിലും അവരെ മുന്‍നിറുത്തിയുള്ള ഇടതേടലും പ്രവാചകന്മാരുടെയും മഹത്തുക്കളുടെയും അപദാനങ്ങള്‍ വാഴ്ത്തലും ഇസ്‌ലാമിന്റെ പൊതു രീതിയായതിനാല്‍ പണ്ടേക്കുപണ്ടേ കേരളക്കരയില്‍ ഉണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഖാസി മുഹമ്മദിന്റെ കൃതികളില്‍ മാത്രമല്ല മറ്റു ആദ്യകാല കോഴിക്കോട് ഖാസിമാരുടെയും പൊന്നാനി മഖ്ദൂമുമാരുടെയും രചനകളില്‍ ഈ രീതി വ്യാപകമായി കാണാവുന്നതാണ്. തസ്വവ്വുഫും ഥരീഖത്തും അവരുടെ രചനകളിലും ചിന്തകളിലും വ്യാപകമായി കാണപ്പെട്ടിരുന്നു. 

1800 വരെയുള്ള ഇസ്‌ലാമിക ചിന്താ സംരംഭങ്ങള്‍ 

മുഹ് യിദ്ദീന്‍ മാലയുടെ മാത്രം കാര്യമല്ല ഇത്. ആദ്യ കാലത്ത് കേരള മുസ്‌ലിംകള്‍ക്കിടയില്‍ രചിക്കപ്പെട്ടിരുന്ന കൃതികളെല്ലാം അവരുടെ വിശ്വാസത്തെ പച്ചയായി പ്രതിഫലിപ്പിച്ചിരുന്നതായി കാണാന്‍ കഴിയും. അതിലെല്ലാം ഇന്നത്തെ പരമ്പരാഗത  വിശ്വാസത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ് കാണാന്‍ കഴിയുന്നത്. ഖാസി മുഹമ്മദിനു ശേഷം മാപ്പിള രചനാ ലോകത്ത് പ്രഖ്യാതനായ കുഞ്ഞായിന്‍ മുസ്‌ലിയാര്‍ സൂഫിസത്തിന്റെ ആത്മാവറിഞ്ഞ ജ്ഞാനിയും അകക്കണ്ണുകൊണ്ട് ജീവിതത്തെ നോക്കിക്കണ്ട ക്രാന്തദര്‍ശിയുമായിരുന്നു. അദ്ദേഹത്തിന്റെ കപ്പപ്പാട്ടും നൂല്‍ മദ്ഹും നൂല്‍ മാലയും കേരളീയ മുസ്‌ലിമിന്റെ ആത്മീയതയെ തട്ടിയുണര്‍ത്തിയ ആഖ്യാനങ്ങളാണ്. അത് ഒരാവര്‍ത്തി വായിച്ചാല്‍ മനസ്സിലാവും അന്ന് കേരള മുസ്‌ലിംകളിലുണ്ടായിരുന്ന വിശ്വാസങ്ങളും ചിന്താഗതികളും. 

തസ്വവ്വുഫിലും ആത്മീയതയിലുമൂന്നി ജീവിതത്തെ നിര്‍വ്വചിക്കാനും അത്തരമൊരു ചിന്താഗതിയിലേക്ക് ജനങ്ങളെ ക്ഷണിക്കാനുമാണ് അന്നത്തെ രചനകളും അവയുടെ കര്‍ത്താക്കളും ശ്രമിച്ചിരുന്നത്. ഇത്തരം കൃതികളുടെ നിരന്തരമായ പാരായണം പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം നിത്യജീവിതത്തില്‍ ആത്മീയതയെ പുല്‍കാന്‍ വലിയ അളവോളം സഹായകമാവുകയായിരുന്നു. 

ഹദ്‌റമീ സാദാത്തീങ്ങളുടെ വരവും ആത്മീയതയിലൂന്നിയുള്ള അവരുടെ സംസ്‌കരണ പരിപാടികളും ഇക്കാലയളവിലെ ശ്രദ്ധേയമായ മറ്റൊരു സംഗതിയാണ്. ഹദ്ദാറും റാത്തീബും മാലയും മൗലിദും വളരെ സജീവമായി വികസിക്കുന്നതും ഈയൊരു ഘട്ടത്തില്‍ തന്നെ. ആത്മീയ മേഖലയിലും ലൗകിക മേഖലയിലും ഇവ ഒരുപോലെ പ്രവര്‍ത്തിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. മമ്പുറം തങ്ങന്മാരെപ്പോലെയുള്ള സാദാത്തീങ്ങള്‍ കേരളത്തിന്റെ ആത്മീയ മണ്ഡലം ഏറ്റെടുത്തത് ഒരു പുതുയുഗത്തിന്റെ പിറവി കൂടിയായിരുന്നു.