നമുക്ക് ഐക്യപ്പെടാം, എന്തിനിങ്ങനെ വിഘടിച്ച് കഴിയണം?

ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

23 January, 2018

+ -
image

അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയില്‍ വിശ്വസിക്കുന്ന കേരള മുസ്‌ലിംകളുടെ മുഖ്യധാരാ കൂട്ടായ്മയാണ് സമസ്ത. 1925 മുതല്‍ ഇത് സജീവമായി കര്‍മപഥത്തിലുണ്ട്. വിശ്വാസികളുടെ ഈമാനിനെ വഴികേടില്‍നിന്നും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് അന്നത്തെ പ്രഗല്‍ഭരായ പണ്ഡിതന്മാര്‍ ഇങ്ങനെയൊരു സംരംഭത്തെക്കുറിച്ച് ചിന്തിച്ചത്. ഇന്നിത് വളര്‍ന്ന് പന്തലിച്ച് കേരളമുസ്‌ലിംകളുടെ ഐഡന്റിറ്റിയെ നിര്‍ണയിക്കുന്ന ഒരു മഹാ പ്രസ്ഥാനമായി മാറിക്കഴിഞ്ഞു.

വിദ്യാഭ്യാസം മുതല്‍ കുടുംബജീവിതം വരെ എല്ലാ മേഖലകളിലും ഇസ്‌ലാമിക വഴി പറഞ്ഞുകൊടുക്കുന്ന ഒരു വിപുല ഏജന്‍സിയാണ് ഇന്ന് സമസ്ത. ജനങ്ങള്‍ നന്മയില്‍ ഐക്യപ്പെടാനും തിന്മയോട് അകന്നു നില്‍ക്കാനുമാണ് അത് പഠിപ്പിക്കുന്നത്. സമസ്തയുടെ പൂര്‍വ്വകാല പണ്ഡിതന്മാര്‍ ജീവിച്ചുകാണിച്ചുതന്നതും അങ്ങനെയായിരുന്നു.   

രാജ്യത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് സംഘടന പ്രവര്‍ത്തിച്ചുവരുന്നത്. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുന്നതോടൊപ്പം ഓരോരുത്തര്‍ക്കും തങ്ങളുടെ വിശ്വസമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം വകവെച്ചുനല്‍കാന്‍ അത് ശക്തമായി പോരാടുകയും ചെയ്യുന്നു.

മുസ്‌ലിം ഉമ്മത്തിനെതിരെയുള്ള കുത്സിത അജണ്ടകളുമായി ഇസ്‌ലാമിക ശത്രുക്കള്‍ രംഗത്തിറങ്ങിയ ഇക്കാലത്ത് എല്ലാ ജന വിഭാഗങ്ങളുമായി കൈകോര്‍ത്ത് അതിനെതിരെ പോരാടാന്‍ സമസ്ത പ്രതിജ്ഞാബദ്ധമാണ്. ആദര്‍ശത്തില്‍നിന്നും അണുകിട വ്യതിചലിക്കാതെ തന്നെ ഈ നിലപാട് തുടരാന്‍ കഴിയുമെന്നതാണ് സമസ്തയുടെ ഇത്രയും കാലത്തെ ചരിത്രം വ്യക്തമാക്കുന്നത്.

 രാജ്യത്ത് ഇസ്‌ലാമിക ചിഹ്നങ്ങള്‍ക്കെതിരെ പോലും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുമ്പോള്‍ പൊതു തലത്തില്‍ ജനതതി മൊത്തം നന്മക്കു വേണ്ടി ഐക്യപ്പെടേണ്ടതുണ്ട്. വിശിഷ്യാ, മുസ്‌ലിംകള്‍ ഐക്യപ്പെടല്‍ കൂടിയേതീരൂ. അല്ലാത്ത പക്ഷം ശത്രുക്കള്‍ ഈ അനൈക്യം മുതലെടുക്കും. ഇസ്‌ലാമിക ശിആറുകളെ തകര്‍ക്കാന്‍ ധൈര്യം കാണിക്കുകയും ചെയ്യും. 

മഹാനായ ശംസുല്‍ ഉലമ കാണിച്ചുതന്നത് ഈയൊരു വഴിയാണ്. ശരീഅത്ത് പ്രശ്‌നം കത്തിയാളിയിരുന്ന കാലത്ത് സര്‍ക്കാറിനു മുമ്പില്‍ ഈ വിഷയത്തില്‍ മുസ്‌ലിംകളെല്ലാം ഒറ്റക്കെട്ടാണെന്ന് കാണിക്കല്‍ അനിവാര്യമായി വന്നു. മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡിന്റെ ഉത്തരവാദപ്പെട്ട വ്യക്തിയെന്ന നിലക്ക് അബുല്‍ ഹസന്‍ അലി നദ്‌വിയായിരുന്നു അന്ന് ഈ പോരാട്ടത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍, ശരീഅത്ത് സംരക്ഷണ പോരാട്ടത്തിന് സമസ്തയുടെ എല്ലാവിധ പിന്തുണയും അറിയിച്ചുകൊണ്ട് ശംസുല്‍ ഉലമ പരിപാടിയില്‍ സംബന്ധിക്കുകയുണ്ടായി.

ഇന്ത്യന്‍ മുസ്‌ലിമിന്റെ ഭാവിയെക്കുറിച്ച് ദീര്‍ഘവീക്ഷണമുള്ള ഒരു പണ്ഡിതന്‍ എന്ന നിലക്കാണ് ശംസുല്‍ ഉലമ ഈയൊരു നിലപാട് സ്വീകരിച്ചിരുന്നത്. അത് അനിവാര്യമായിരുന്നുവെന്ന് പിന്നീട് കാലം തെളിയിക്കുകയും ചെയ്തു.

ഇതുതന്നെയാണ് ഇന്നും സമസ്തയുടെ നിലപാട്. മുസ്‌ലിംകളുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളില്‍ സഹകരിക്കേണ്ടവരോടെല്ലാം സഹകരിച്ച് പ്രവര്‍ത്തിക്കാനും മുസ്‌ലിം ഉമ്മത്തിന്റെ നന്മക്കാവശ്യമായതെല്ലാം ചെയ്യാനും അത് ശ്രദ്ധിക്കുന്നു. എന്നാല്‍, ആദര്‍ശത്തിന്റെ കാര്യത്തില്‍ അത് അന്നും ഇന്നും എന്നും ഒരേ നിലപാടാണ് സ്വീകരിച്ചുവരുന്നത്. അതില്‍ ആരുമായും യാതൊരു വിധ വിട്ടുവീഴ്ച്ചക്കും തയ്യാറല്ല. കാരണം, ആദര്‍ശത്തില്‍ സമസ്തയുടെ നിലപാട് മശാഇഖന്മാരുടെ നിലപാടാണ്. അവരുടെ നിലപാട് ഇസ്‌ലാമിന്റെ നിലപാടാണ്. അത് ഒരിക്കലും മാറുന്നതല്ല.

സലഫികളോട് മിണ്ടരുതെന്നോ പുഞ്ചിരിക്കരുതെന്നോ സമസ്ത ഒരിക്കലും പറയുന്നില്ല. ആദര്‍ശ പ്രചരണത്തില്‍ അവരോട് സഹകരിക്കുകയോ അവരെ പിന്തുണക്കുകയോ ചെയ്യരുതെന്നേ അത് പറയുന്നുള്ളൂ. അതാണ് മുന്‍കാല പണ്ഡിതന്മാര്‍ പഠിപ്പിച്ചിട്ടുള്ളത്.

കേരള മുസ്‌ലിംകളുടെ വെളിച്ചമായ സമസ്തയില്‍ നിന്നും 1989 ല്‍ ചിലയാളുകള്‍ക്ക് പുറത്തുപോവേണ്ടിവന്നു. സമസ്തയുടെ മഹാരഥന്മാരായ ആലിമീങ്ങളെ വേദനിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ലോകത്തിന് ഐക്യത്തിന്റെയും ഒരുമയുടെയും പ്രധാന്യം പഠിപ്പിക്കാനാണ് സമസ്ത നിലവില്‍ വന്നത്. എന്നാല്‍, പിശാചിനൊരിക്കലും ഈ നന്മയുടെ കൂട്ടായ്മ സഹിക്കില്ലല്ലോ. അവന്‍ പണിയെടുത്ത് തുടങ്ങിയതിനെ തടുര്‍ന്ന് ചിലര്‍ പുറത്തുപോയി. ശംസുല്‍ ഉലമയെയും കണ്ണിയത്ത് ഉസ്താദിനെയും പോലുള്ളവര്‍ ഇതില്‍ വ്യസനിക്കുകയും കണ്ണീര്‍ വാര്‍ക്കുകയും ചെയ്തു.

കേരള മുസ്‌ലിംകള്‍ എന്നും സമസ്ത എന്ന കുടക്കുകീഴില്‍ സംഘടിച്ചിരിക്കണമെന്നാണ് അവര്‍ ആഗ്രഹിച്ചിരുന്നത്. പക്ഷെ, ഈ സംഭവത്തിലൂടെ അതിന് വിള്ളല്‍ വീണു. തങ്ങളുടെ ജീവിത കാലത്തു തന്നെ സുന്നികള്‍ ഒന്നിക്കണമെന്ന് അവര്‍ മോഹിച്ചിരുന്നു. പക്ഷെ, അത് നടന്നില്ല. അണികളെ സംബന്ധിച്ചിടത്തോളം അവര്‍ ഒന്നുമറിയാത്തവരാണ്. പിശാച് തന്നെയാണ് അതിനു മുമ്പില്‍ വിലങ്ങായി എന്നും നിലയുറപ്പിച്ചത്. ഈ പൈശാചിക ആധിപത്യം തകര്‍ത്ത് കേരളത്തിലെ സുന്നികള്‍ ഒന്നിക്കേണ്ടതുണ്ട്. 

എന്നും അതിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നുകിടക്കുകയാണ്. മുസ്‌ലിംകള്‍ ഇവിടെ ഒരു നേതൃത്വത്തിനു കീഴില്‍ സംഘടിക്കുന്നതുകൊണ്ട് ആര്‍ക്കും ഒരു നഷ്ടവും വരാനില്ല. മറിച്ച്, അനവധി നേട്ടങ്ങള്‍ അതുവഴി വന്നുചേരും. അണികള്‍ക്കിടയില്‍ സ്‌നേഹത്തോടെ കഴിയുന്ന നല്ലൊരു അന്തരീക്ഷമുണ്ടാവും. 

വൃഥാ, പണവും സമയവും ആരോഗ്യവും പരസ്പരം കടിച്ചുകീറുന്നതില്‍ ചെലവായിപ്പോകില്ല. ഒരുമയുടെ കേന്ദ്രങ്ങളായി മാറേണ്ട പള്ളികളും മദ്‌റസകളും അനൈക്യത്തിന്റെ കേന്ദ്രങ്ങലാകില്ല. എല്ലാറ്റിനുമപ്പുറം, സര്‍വ്വ ശക്തനായ അല്ലാഹുവിനടുത്തുനിന്നും വലിയ പ്രതിഫലം ലഭിക്കും. വിശ്വാസികള്‍ എന്നും ഐക്യത്തോടെ കഴിയാനാണല്ലോ അവന്‍ ഖുര്‍ആനിലൂടെ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. നിങ്ങള്‍ ഒന്നിച്ചുനില്‍ക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ ഭിന്നിച്ചുപോകുമെന്ന് പുണ്യനബിയും നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

ഖുര്‍ആനിലുടനീളം ഐക്യത്തിനുള്ള ആഹ്വാനമാണ് നിറഞ്ഞുനില്‍ക്കുന്നത്. തിരുസുന്നത്തിലും പണ്ഡിതന്മാരുടെ പ്രസ്താവങ്ങളിലും ഇത് നമുക്ക് ധാരാളമായി കാണാന്‍ കഴിയും. നിങ്ങള്‍ അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക, നിങ്ങള്‍ ഭിന്നിച്ചുപോകരുത് എന്ന് സൂറത്തു ആലുഇംറാനില്‍ അല്ലാഹു പറയുന്നുണ്ട്.

വ്യക്തമായ തെളിവുകള്‍ വന്നതിനു ശേഷവും പല കക്ഷികളായി പിരിഞ്ഞ്, ഭിന്നിച്ചുപോയ പഴയ കാല സമൂഹങ്ങളെ അല്ലാഹു ശക്തമായ ഭാഷയില്‍ താക്കീത് ചെയ്യുന്നതായും ഖുര്‍ആനില്‍ കാണാം (ആലു ഇംറാന്‍: 105). അവര്‍ പിന്നീട് നശിപ്പിക്കപ്പെട്ടതുപോലും ഈ ഭിന്നിപ്പിനെ തുടര്‍ന്നായിരുന്നുവെന്ന് പണ്ഡിതന്മാര്‍ ഈ സൂക്തത്തെ വിശദീകരിച്ചുകൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്. 

എന്നിരിക്കെ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒന്നിച്ചിരിക്കല്‍ തന്നെയാണ് നാം സുന്നികള്‍ക്ക് ഉചിതം. നമ്മളുടെ വാശി കാരണം സമുദായം ഒരിക്കലും രണ്ടായി പിളര്‍ന്നുപോകരുത്. അതിന് തീര്‍ച്ചയായും നാം അല്ലാഹുവിനോട് മറുപടി പറയേണ്ടിവരും.

ഭൗതികമായ സ്ഥാനമാനങ്ങളും നേട്ടങ്ങളും നാം ഒന്നിച്ചിരിക്കുന്നതിന് വിഘാതമായിക്കൂടാ. അതെല്ലാം അല്ലാഹു നല്‍കുന്നതാണെന്നും അവന്‍ വിചാരിക്കുമ്പോള്‍ അവന്‍ തന്നെ അത് തിരിച്ചെടുക്കുമെന്നും വിശ്വസിക്കുന്നവരാണല്ലോ നമ്മള്‍. 

എന്നിരിക്കെ, ഇപ്പോഴുള്ള ഈ പോക്ക് തന്നെയാണ് ഐക്യമെന്നും ലയനം അസാധ്യമാണെന്നും പറയുന്നത് ശരിക്കും ഒരു ഒളിച്ചോട്ടമാണ്. രാഷ്ട്രീയ പാര്‍ട്ടികളെ പോലെ കാണേണ്ടതല്ലല്ലോ മത സംഘടനകള്‍. അല്ലാഹുവിന്റെ ദീനിനെ ശക്തിപ്പെടുത്താനായുള്ള ഒരു സംവിധാനമായിട്ടാണല്ലോ നമ്മളതിനെ കാണുന്നത്. ആയതിനാല്‍, ഭൗതികമായ സര്‍വ്വ തടസ്സങ്ങളും മാറ്റിവെച്ച്, മനസ്സുകൊണ്ട് നാം ഐക്യപ്പെടാന്‍ തീരുമാനിച്ചാല്‍ തീര്‍ച്ചയായും അല്ലാഹുവിന്റെ സഹായമുണ്ടാകും. അതിനെ തട്ടിമാറ്റാന്‍ ഒരാള്‍ക്കും സാധ്യമല്ല. 

ഇപ്പോള്‍ സുന്നിഐക്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നതും സമസ്ത അതിനുവേണ്ടി മുന്‍കൈ എടുക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ലയനം പോലെ പ്രത്യക്ഷ്യത്തിലെ ഒരു കേവല ലയനവും പിന്നീട് പൊട്ടിത്തകരുകയും ചെയ്യുന്ന അവസ്ഥ നമുക്ക് വേണ്ട. അല്ലാഹുവിന്റെ ദീനിനെ ഓര്‍ത്ത്, കേരളത്തിലെ മുസ്‌ലിം ഉമ്മത്തിന്റെ നല്ല ഭാവിക്കായി മനസ്സുകൊണ്ട് ഐക്യപ്പെടാനും സംഘടനാപരമായി ഒന്നാവാനുമാണ് നാം വിശാല മനസ്സ് കാണിക്കേണ്ടത്. അത് പിന്നീട് തകരാതെ അന്ത്യനാള്‍വരെ നിലനില്‍ക്കുകയും വേണം. അതിനു നാം തയ്യാറായാല്‍ ബാക്കിയുള്ളതിനെല്ലാം അല്ലാഹുവിന്റെ സഹായമുണ്ടാകുമെന്നതില്‍ ഒരു സംശയവുമില്ല.

സമസ്തയുടെ ആശയാദര്‍ശങ്ങള്‍ക്കനുസരിച്ച്, അതിന്റെ സാത്വിക നേതൃത്വമായിരുന്ന കണ്ണിയത്ത് ഉസ്താദും ശംസുല്‍ ഉലമയും കാണിച്ചുതന്ന, നിര്‍ദേശിച്ചുതന്ന വഴിയില്‍ ഐക്യപ്പെടാനും ലയിക്കാനും സമസ്ത എന്നും തയ്യാറാണ്. ഇക്കാര്യം ഞാന്‍ തന്നെ ഇക്കഴിഞ്ഞ ജാമിഅ സമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ട്. സമസ്തയുടെ മറ്റു ആലിമീങ്ങളും ഇത് പറഞ്ഞുകൊണ്ടിരിക്കുന്നു. 

ആയതിനാല്‍, സുന്നി ഐക്യത്തിനു മുമ്പില്‍ സമസ്തയുടെ വാതിലുകള്‍ എന്നും മലര്‍ക്കെ തുറന്നുവെച്ചിരിക്കയാണ്. സുന്നത്ത് ജമാഅത്തിനെ ശക്തിപ്പെടുത്തുകയെന്ന നല്ല മനസ്സുമായി ആര്‍ക്കും എപ്പോഴും അതിലേക്ക് കടന്നുവരാം. ഐക്യപ്പെടാം. ലയിച്ച് ഒന്നാവാം. അതിനാണ് സമസ്ത കഴിഞ്ഞ 28 വര്‍ഷമായി അതിന്റെ മുശാവറയില്‍ പോലും കുറച്ച് സീറ്റുകള്‍ ഒഴിച്ചുവെച്ച് കാത്തിരിക്കുന്നത്. സമസ്ത ഓരോ ദിവസവും സുന്നികളുടെ ഐക്യത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നതിനുള്ള ഏറ്റവും പ്രകടമായ തെളിവാണിത്.

ഇനിയെങ്കിലും നാം വാശിവെടിഞ്ഞ് മുന്നോട്ടുവരണം. അടുത്ത ഭാവിയിലെങ്കിലും കേരളത്തിലെ മുസ്‌ലിം ഉമ്മത്തിന് ആ സന്തോഷ നിമിഷം ആസ്വദിക്കാനുള്ള അവസരമുണ്ടാകണം. അത് സാധ്യമാക്കാന്‍ നമുക്ക് കഴിയണം. ഇന്‍ശാഅല്ലാഹ്. അതിനാണിപ്പോള്‍ സമസ്ത നാലംഗ സമിതിയെ നിയമിച്ചിരിക്കുന്നത്. അല്ലാഹു നമ്മെ സഹായിക്കട്ടെ. ആമീന്‍.

(സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടാണ് ലേഖകന്‍)