മുസ്‌ലിംചരിത്രം പറയുന്ന ഓര്‍മപുസ്തകം

യൂനുസ് ചെമ്മാട്

21 September, 2017

+ -
image

ഉത്തരവാദിത്വബോധമുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാവെന്ന നിലയില്‍ മുസ്ലിംകളെക്കുറിച്ച് സല്‍മാന്‍ ഖുര്‍ഷിദിനു പറയാനുള്ള ഓര്‍മകളും ആശയങ്ങളും പങ്കുവെക്കുന്നതാണ് അദ്ധേഹത്തിന്റെ പുതിയ പുസ്തകം At Home In India Muslim Saga. പേരിലെന്ന പോലെ വീരഗാഥകള്‍ പാടുന്ന പതിവുപക്ഷിയെന്നതിലുപരി അനുഭവം കൊണ്ട് ബോധ്യപ്പെട്ട ഭരണീയരെ വിലയിരുത്തുകയാണ് കക്ഷി. നിഗമനങ്ങളിലെ പാകതകളും അപാകതകളും മുന്‍നിറുത്തി നാലു പതിറ്റാണ്ടിലേക്കു നീളുന്ന രാഷ്ട്രീയ ജീവിതത്തിലെ ജനങ്ങളുമായുള്ള അടുപ്പവും അകല്‍ച്ചയും ഒരു പോലെ ഗ്രഹിച്ചെടുക്കാനാവുമെന്നറിഞ്ഞും, രാഷ്ട്രീയ പ്രാധാന്യമുള്ള മറ്റുരണ്ടു പുസ്തകങ്ങള്‍ക്കും പുറമെ വീണ്ടും പുതിയ സാഹസിത്തിനു മുതിരുമ്പോള്‍ പുസ്തകം ഒരുപിടി പ്രതീക്ഷകള്‍ക്കു വകതരുന്നുണ്ട്.  

വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതിര്‍ന്ന ഒരു മുസ്‌ലിം മന്ത്രിയുമായി ഞാന്‍ കൂടിക്കാഴ്ച്ച തീരുമാനിച്ചു. നിശ്ചയിച്ച സമയത്തിനു മുമ്പേ അവിടെയെത്തി കാത്തിരിപ്പായി ഞാന്‍. കുറച്ചു കഴിഞ്ഞ് ഒരുദ്യോഗസ്ഥന്‍ വന്നു പറഞ്ഞു. ഇന്ന് മന്ത്രിയുടെ സന്ദര്‍ഷക ലിസ്റ്റില്‍ പതിവില്‍ കൂടുതല്‍ മുസ്‌ലിംകളാണ്. 

അത് കൊണ്ട് താങ്കള്‍ക്കിന്ന് മന്ത്രിയെക്കാണാനാവില്ല. ഞങ്ങള്‍ക്കത് ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ബാലന്‍സ് ചെയ്യേണ്ടതുണ്ട്. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു മുസ്‌ലിമിന്റെ, സമുദായത്തോട് ആവേണ്ടുന്ന കൂറു പോലും പുലര്‍ത്തുന്നതില്‍ ഭീതിയുമായി കഴിയുന്ന ചിത്രമാണ് മുന്‍കേന്ദ്ര വിദേശകാര്യമന്ത്രി തന്റെ ഈ അനുഭവത്തിലൂടെ എടുത്തുകാണിക്കുന്നത്. ഇങ്ങനെ തുടങ്ങി സമുദായം പറയാനാഗ്രഹിക്കുന്ന പ്രശ്‌നങ്ങള്‍, ആഗ്രഹങ്ങള്‍ എന്നിവ തുറന്നുകാട്ടുകയാണ് പുസ്തകമെന്നാണ് ഗ്രന്ധകര്‍ത്താവു പറയുന്നത്. 
ഇന്ത്യ മുസ്‌ലിംകള്‍ക്ക് അനുഭവത്തില്‍ വീടുതന്നെയാണ്. തീവ്രവാദം, സാമുദായിക കലാപങ്ങള്‍, ഏകസിവില്‍കോഡ് തുടങ്ങിയ  അതിമൃദുപ്രകൃതിയായ വിഷയങ്ങളില്‍പോലും അവര്‍ ഇവിടെ ഭീരുക്കളായി മാറിനില്‍ക്കാറില്ല. അവരുടെ സ്വരം ശക്തമാണ്. എന്നാല്‍ പ്രാപ്തിയുള്ള നേതൃത്വത്തിന്റെ അഭാവം അവരില്‍ നിഴലിച്ചു കാണാനുണ്ട്. ഉന്നതപദവികളിലെത്തിയത് മുതല്‍ വോട്ടുചെയ്ത ജനങ്ങളെ മറക്കുന്നതാണ് പൊതുവിലുള്ള ശീലം.

1969 ല്‍ മരണപ്പെട്ട സാകിര്‍ ഹുസൈനു ശേഷം അത്രയും പ്രാപ്തിയുള്ള നേതാവുണ്ടായില്ല. മൗലാനാ ആസാദ്, റാഫി അഹ്മദ് കിദ്വായി, ശൈഖ് അബ്ദുല്ല, ഹുമയൂണ്‍ കബീര്‍ എന്നവരെല്ലാം പകര്‍പ്പുകളാവശ്യമുള്ള നേതാക്കളാണ്. ഇന്നുള്ളവരാകട്ടെ ബോളിവുഡ് താരങ്ങളും മറ്റുമാണ്. നൂറ്റാണ്ടുകള്‍ പിന്നിലുള്ള സമുദായത്തിന്റെ രാഷ്ട്രീയ ചരിത്രം ശ്ലഥചിത്രങ്ങളായി അങ്ങിങ്ങ് തൊട്ടു തൊട്ടു വിലയിരുത്തുന്ന പുസ്തകത്തിനു ചേര്‍ന്ന തലക്കെട്ട് ഓര്‍മക്കുറിപ്പാണെന്നാണ് പൊതുവേ നിരൂപകപക്ഷം. 

ഇന്ത്യയുടെ ദര്‍ശനങ്ങളോട് ഇഴകിച്ചേര്‍ന്ന മുസ്‌ലിംകളുടെ ബോധം പക്വതയുള്ളതാണെന്നതിനാല്‍ തന്നെ കേവല വികാരങ്ങളില്‍ പൊട്ടിപ്പുറപ്പെടുന്ന കോലാഹലങ്ങള്‍ അവരെ അസ്വാരസപ്പെടുത്താറില്ല. പാകിസ്താന്‍ ഒരടഞ്ഞ അധ്യായമാണ്. ദേശീയതക്കപ്പുറം അവരുടെ ഉണര്‍ന്നപൊതുബോധത്തിനു മറ്റൊന്നിനോടും പ്രതിപത്തിയില്ല. കാശ്മീര്‍ പ്രശ്‌നം ഇന്ത്യന്‍ മുസ്‌ലിംകളുടെയൊന്നടങ്കം ഉറക്കം കെടുത്താറില്ല. പക്ഷെ എന്നിട്ടും പോലീസും അധികാരവൃന്ദവും അവര്‍ക്കുനേരെ നീട്ടുന്ന സംശയത്തിന്റെ കണ്ണ് വിശ്വസത്തില്‍ വന്ന വീഴ്ച്ച തുറന്നുകാട്ടുന്നതാണെന്നും ഖുര്‍ഷിദ് അടിവരയിടുന്നു. മതേതരമെന്ന വിവക്ഷക്കുപുറത്ത് വിശാലാര്‍ഥത്തില്‍ ലിബറല്‍ എന്ന പദം നാം ഉപയോഗിച്ചു ശീലിക്കണമെന്നും പുസ്തകം നിര്‍ദേശിക്കുന്നുണ്ട്.