ദയാവധം മനുഷ്യത്വരഹിത സമീപനം

ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

19 March, 2018

+ -
image

ദയാവധം അനുവദിക്കുന്ന നിയമനിര്‍മാണം മനുഷ്യത്വരഹിതവും കാടത്തവുമാണ്. എത്രമാത്രം ദയനീയ അവസ്ഥയിലാണെങ്കിലും ഒരു മനുഷ്യ ജീവനെ ഹനിക്കാന്‍ ഇസ് ലാം സമ്മതിക്കുന്നില്ല. അവരോട് കാരുണ്യം കാണിക്കാനും ആവശ്യമായ ചികിത്സാവഴികള്‍ തുറന്നുകൊടുക്കാനുമാണ് മതം പഠിപ്പിക്കുന്നത്.

മനുഷ്യജീവന് അത്രയും വലിയ സ്ഥാനം ഇസ് ലാം കല്‍പിക്കുന്നു. ആ ജീവിതത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതും ഫലപ്രദവുമാണ്. പാരത്രിക ജീവിതത്തിലെ മോക്ഷത്തിനായി കഠിനാധ്വാനം ചെയ്യേണ്ട സമയങ്ങളാണിത്. അതുകൊണ്ടുതന്നെ, ജീവിതത്തില്‍ എത്ര വലിയ പ്രതിസന്ധികള്‍ കടന്നുവന്നാലും വിശ്വാസി മരണത്തെ ആഗ്രഹിക്കുകപോലും പാടില്ല എന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം. 

അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇക്കാര്യം പറയുന്നുണ്ട്. അനിവാര്യമായ ഒരു ഘട്ടം വന്നാല്‍ ഇത്രമാത്രം പ്രാര്‍ത്ഥിക്കാനാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്: നാഥാ, ജീവിതം നല്ലതാകുമ്പോള്‍ എന്നെ നീ ജീവിപ്പിക്കുകയും മരണം ഉത്തമമാകുമ്പോള്‍ എന്നെ നീ മരിപ്പിക്കുകയും ചെയ്യേണമേ... അതിലപ്പുറം മറ്റൊരു കാര്യം അനുവദിക്കുന്നില്ല ഇസ്‌ലാം. ആത്മഹത്യാപ്രവണത പോലും മഹാപാപമായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തിയിട്ടുള്ളത്. 'നിങ്ങള്‍ സ്വന്തം ശരീരങ്ങളെ നാശത്തിലേക്ക് ഇടരുത്' എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.

വിശ്വാസിയെ സംബന്ധിച്ചിടത്തോളം രോഗങ്ങള്‍ അല്ലാഹുവിന്റെ പരീക്ഷണമാണ്. തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരെയാണ് അവന്‍ ഭൗതിക ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പരീക്ഷിക്കുക. പ്രവാചകന്മാരാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട വിഭാഗം. ഈ പരീക്ഷണങ്ങള്‍ ക്ഷമിക്കാനും അതുവഴി പരീക്ഷകള്‍ വിജയിക്കാനുമാണ് വിശ്വാസി ശ്രമിക്കേണ്ടത്. 

മരുന്നില്ലാത്ത ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ചികിത്സകള്‍ തേടല്‍ അതുകൊണ്ടുതന്നെ അനിവാര്യമാണ്. അല്ലാഹു തീരുമാനിച്ച സമയത്തു മാത്രമേ ഏതൊരാളും മരിക്കുകയുള്ളൂ എന്നത് സുനിശ്ചിതം. 

രോഗം ക്ഷമിക്കല്‍ പുണ്യമായപോലെത്തന്നെ രോഗിയെ സന്ദര്‍ശിക്കലും പരിചരിക്കലും വളരെ പുണ്യമുള്ള കാര്യങ്ങളാണ്. മാതാപിതാക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരെ രോഗകാലത്ത് ശുശ്രൂഷിക്കുന്നതിന് മഹത്തരമായ പ്രതിഫലമാണ് ഇസ്‌ലാം പ്രഖ്യാപിച്ചിട്ടുള്ളത്. രോഗകാലത്തും ആരോഗ്യ കാലത്തും ഇസ്‌ലാം മനുഷ്യനു നല്‍കുന്ന പരിഗണനയാണിത് വ്യക്തമാക്കുന്നത്. 

പ്രവാചകരുടെ ഒരു ഹദീസില്‍ ഇങ്ങനെ കാണാം. അവര്‍ പറഞ്ഞു: 'മുഅ്മിനിന്റെ കാര്യം അല്‍ഭുതം തന്നെ. അവന്റെ എല്ലാ കാര്യവും അനുഗ്രഹമാണ്. സന്തോഷമേകുന്ന വല്ലതും സംഭവിച്ചാല്‍ അവന്‍ അല്ലാഹുവിനെ സ്തുതിക്കും. ബുദ്ദിമുട്ടേകുന്ന വല്ലതും സംഭവിച്ചാല്‍ അവന്‍ ക്ഷമിക്കും. അതും അവന് പ്രതിഫലാര്‍ഹം തന്നെ.'

രോഗം ഒരു അനുഗ്രഹമായിട്ടാണ് ഇവിടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മനുഷ്യന്റെ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ പോലും ഇത് നിമിത്തമായേക്കും. രോഗിയെ പരിപാലിക്കുന്നത് അല്ലാഹുവിന്റെ തൃപ്തി നേടിയെടുക്കാനും നിമിത്തമാകും. എന്നിരിക്കെ, രോഗം മൂര്‍ച്ഛിച്ച, അപകടത്തില്‍ പെട്ട രോഗിയെ വധിക്കുകയല്ല വേണ്ടത്. പൂര്‍ണ ശുശ്രൂഷയും പരിചരണവും നല്‍കി കരുണ കാണിക്കുകയാണ്. അതാണ് അല്ലാഹു പഠിപ്പിച്ചിട്ടുള്ളത്. ജീവന്റെ ഉടമസ്ഥനു മാത്രമേ ജീവനെ പിടികൂടാനും അവകാശമുള്ളൂ.

ഈ പരിഷ്‌കൃത കാലത്ത് മനുഷ്യന്റെ സൗകര്യത്തിനു വേണ്ടി രോഗബാധിതരായ, കിടപ്പിലായ മാതാപിതാക്കളെ അല്ലെങ്കില്‍ ബന്ധുക്കളെ വധിക്കല്‍ അനുവദനീയമാക്കുന്ന നിയമം വരുന്നത് ഒരിക്കലും അംഗീകരിക്കാവതല്ല. മാനവിക മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ് ഇത്തരം തീരുമാനങ്ങള്‍. മരണത്തോടെ എല്ലാം തീരുകയല്ല, യഥാര്‍ത്ഥ ജീവിതം തുടങ്ങുകയാണ് എന്നു മനസ്സിലാക്കിയാല്‍ തീരുന്നതേയൂള്ളൂ ഇവിടത്തെ വിഷയം.