സഹോദരിമാരുടെ റമദാന്‍: ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

ഇര്‍ശാന അയ്യനാരി

16 May, 2018

+ -
image

പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാന്‍ സ്ത്രീകളുടെതുകൂടിയാണ്. വിഭവങ്ങളൊരുക്കുന്നതിനും ഡ്രസ്സുകള്‍ തയ്ക്കുന്നതിനുമപ്പുറം ആരാധനകള്‍കൊണ്ട് ധന്യമാക്കേണ്ടതുണ്ട് ഈ മാസം. സാധാരണഗതിയില്‍ പുരുഷ കേന്ദ്രീകൃതമായാണ് നോമ്പുകാലം കാണപ്പെടാറ്. നോമ്പുതുറയിലേക്ക് തരംതരങ്ങളായ വിഭവങ്ങളൊരുക്കലും വിളമ്പലും മാത്രമായിരിക്കും സ്ത്രീകളുടെ പ്രധാന ജോലി. അതിനിടയില്‍ സമയം ഒപ്പിച്ചെടുത്ത് എന്തെങ്കിലുമൊക്കെ ആരാധനകള്‍ ചെയ്യും. അത്രമാത്രം. അതിലപ്പുറം, റമദാന്‍ കാലം ആരാധനകള്‍കൊണ്ട് സജീവമാക്കാന്‍ നമ്മള്‍ മങ്കമാര്‍ക്ക് കഴിയാറുണ്ടോ?

ഇവിടെ നാം തിരുത്തേണ്ട കുറേ ധാരണകളും മാറ്റേണ്ട കുറേ ശീലങ്ങളുമുണ്ട്. അതിലേക്കാണ് ഇവിടെ സൂചിപ്പിക്കുന്നത്.

1. റമദാന്‍ തീറ്റയുടെ മാസമല്ല

ഓരോ മനുഷ്യനും വിശപ്പിന്റെ വിളി കേള്‍ക്കാനാണ് അല്ലാഹു ഒരു മാസക്കാലം നോമ്പ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ഏറ്റവും കൂടുതല്‍ വിഭവങ്ങളൊരുക്കി കഴിക്കുന്ന ഒരു കാലമായി മാറിയിട്ടുണ്ട് ഇന്ന് റമദാന്‍ കാലം. വീടുകളില്‍ വിവിധ തരം ഭക്ഷണങ്ങളുണ്ടാക്കി പരീക്ഷിക്കുന്ന ഒരു കാലം കൂടിയാണിത്. കരിച്ചതും പൊരിച്ചതും തണുത്തതും ഫ്രൂട്‌സ് ഐറ്റംസും എല്ലാമായി നിറഞ്ഞുകവിഞ്ഞിരിക്കും ഇഫ്ത്താര്‍ സുപ്ര. 

ഇവിടെ ബലിയാടുകളായി മാറുന്നത് ഓരോ വീട്ടിലെയും പാവപ്പെട്ട സ്ത്രീകള്‍. വൈകുന്നേരത്തേക്ക് ഭക്ഷണങ്ങളൊരുക്കാന്‍ രാവിലെ മുതല്‍തന്നെ അടുക്കളപ്പണി തുടങ്ങേണ്ട അവസ്ഥയിലാണ് അവര്‍. അതിനിടയില്‍ ആരാധനാകര്‍മങ്ങള്‍ ചെയ്യാന്‍ മതിയായ സമയം ലഭിക്കില്ല. ഭക്ഷണങ്ങളില്‍ കുറവ് വന്നാല്‍ വീട്ടുകാരുടെ ശകാരവും കേള്‍ക്കേണ്ടിവരും. 

ഏറെ ദയനീയവും വര്‍ജ്ജിക്കപ്പെടേണ്ടതുമായ ഒരു രീതിയാണിത്. റമദാന്‍ സ്ത്രീയുടെതുകൂടിയാണെന്ന് ആദ്യം അവരും പിന്നീട് വീട്ടിലെ ഓരോ പുരുഷനും തിരിച്ചറിയണം. ഈ കാലയളവില്‍ ഭക്ഷണം നിയന്ത്രിക്കുകയും ആവശ്യമുള്ളത് മാത്രം ഉണ്ടാക്കി ബാക്കി നേരം മുഴുവന്‍ അവര്‍ക്ക് ആരാധനകളില്‍ മുഴുകാന്‍ സമയമൊരുക്കണം. ആരാധനകള്‍ തന്നെയാവണം നോമ്പുകാലത്തെ ഏറ്റവും മുഖ്യമായ കര്‍മം. 

2. നിസ്‌കാരത്തില്‍ ശ്രദ്ധ വേണം

ഫര്‍ദ് നിസ്‌കാരങ്ങള്‍ കൃത്യമായി നിര്‍വഹിക്കാന്‍ റമദാന്‍ കാലത്ത് സ്ത്രീകള്‍ക്ക് കഴിയണം. ഓരോ നിസ്‌കാരവും അതിന്റെ മുഅക്കദായ സമയത്തില്‍ തന്നെ ജമാഅത്തായി നിസ്‌കരിക്കാന്‍ അവസരമൊരുക്കുക. റമദാനില്‍ ഓരോ ആരാധനകള്‍ക്കും എഴുപത് ഇരട്ടി പ്രതിഫലമുണ്ടെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. വീട്ടിലുള്ളവരെയോ അയല്‍പക്കത്തുള്ളവരെയോ സംഘടിപ്പിച്ച് ജമാഅത്ത് സംവിധാനിക്കാന്‍ തീര്‍ച്ചയായും ചിന്തിക്കേണ്ടതുണ്ട്.

റവാത്തിബ് സുന്നത്ത് നിസ്‌കാരങ്ങളും മുടങ്ങാതെ സൂക്ഷിക്കുക. സുന്നത്തുകളിലൂടെയാണ് അടിമക്ക് അല്ലാഹുവിലേക്ക് അടുക്കാന്‍ കഴിയുക. കൂടാതെ, ളുഹാ, വിത്‌റ് പോലെയുള്ള സുന്നത്ത് നിസ്‌കാരങ്ങളും നിത്യമാക്കാന്‍ ശ്രദ്ധിക്കുക. ഏറെ സമയച്ചെലവില്ലാതെത്തന്നെ ചെയ്തുതീര്‍ക്കാന്‍ പറ്റിയ ആരാധനകളാണിതെല്ലാം. അത് ചെയ്യണമെന്ന മാനസികമായൊരു താത്പര്യവും തീരുമാനവും മാത്രമാണ് ഓരോ സ്ത്രീയും തന്നില്‍ ഉണ്ടാക്കിയെടുക്കേണ്ടത്. 

3. തറാവീഹ് നിസ്‌കാരം അനിവാര്യം

റമദാനിലെ സവിശേഷമായ നിസ്‌കാരമാണ് തറാവീഹ്. വിവിധ തരം തെരക്കുകള്‍ക്കും ക്ഷീണങ്ങള്‍ക്കുമിടയില്‍ ഇത് ഓരോ ദിവസവും നഷ്ടപ്പെടാതെ സൂക്ഷിക്കണം സ്ത്രീകള്‍. കഴിവതും വീട്ടിലുള്ളവരെയോ അയല്‍പക്കത്തുള്ളവരെയോ കൂട്ടി ജമാഅത്തായി തന്നെ നിസ്‌കരിക്കുക. 

ഈരണ്ടു വീതം ഇരുപത് റക്അത്താണ് തറാവീഹ് നിസ്‌കാരം. വലിയ പ്രതിഫലമാണ് അല്ലാഹു അതിന് നിശ്ചയിച്ചിരിക്കുന്നത്. നോമ്പുകാലത്ത് സഹോദരിമാരിലൊരാള്‍ക്കും അത് നഷ്ടപ്പെട്ടുപോകരുത്. ശുദ്ധിയുള്ള കാലമത്രയും കൃത്യമായിത്തന്നെ അത് നിര്‍വഹിക്കുക. 

4. ഖുര്‍ആന്‍ പാരായണത്തില്‍ വ്യാപൃതരാവുക

ഖുര്‍ആനിന്റെ വാര്‍ഷികമാണല്ലോ വിശുദ്ധ റമദാന്‍. ഈ കാലയളവില്‍ ഖുര്‍ആന്‍ പാരായണം പൂര്‍വ്വോപരി വര്‍ദ്ധിപ്പിക്കണം. അതിനായി സഹോദരിമാര്‍ സമയം കണ്ടെത്തണം. ഏറ്റവും ചുരുങ്ങിയത് ഒരു റമദാനില്‍ രണ്ട് ജുസ്അ് എങ്കിലും ഓതിത്തീര്‍ക്കാന്‍ ശ്രദ്ധിക്കണം. 

സുബഹി നിസ്‌കാരത്തിനു ശേഷം ഇതിനു വേണ്ടി ഉപയോഗപ്പെടുത്താം. ഉറക്ക് ഒഴിവാക്കി ഈ സമയം നന്മക്കുവേണ്ടി വിനിയോഗിക്കാനായാല്‍ വലിയ കാര്യമാണ്. ളുഹര്‍, അസ്വര്‍ നിസ്‌കാരങ്ങള്‍ക്കു ശേഷവും കുറച്ചുനേരം ഖുര്‍ആന്‍ പാരായണത്തിനായി മാറ്റിവെക്കുക. എളുപ്പത്തില്‍ രണ്ടു ജുസ്ഉകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഇടക്ക് അശുദ്ധി കാലം തുടങ്ങിയാലും ഒരു ജുസ്അ് പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥ ഒരാള്‍ക്കുമുണ്ടാകരുത്. അതിനുള്ള മുന്നൊരുക്കത്തോടെ തുടക്കം മുതലേ ശ്രദ്ധ വേണം. 

5. നാവിനെ നിയന്ത്രിക്കുക

എല്ലാ കാലത്തും ശ്രദ്ധിക്കേണ്ടതാണെങ്കിലും നോമ്പു കാലത്ത് നാവിനെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സംസാരത്തെ നിയന്ത്രിക്കുകവഴി നാവിലൂടെ ഉണ്ടാകുന്ന ഒരു അധര്‍മത്തിലേക്കും തെന്നിപ്പോവരുത്. നോമ്പിന്റെ കൂലി നഷ്ടപ്പെട്ടുപോവാന്‍ സാധ്യതയേറെയാണ്. കളവ്, പരിഹാസം, ഏഷണി, പരദൂഷണം, അധിക്ഷേപം തുടങ്ങി സര്‍വ്വതും പാടേ വര്‍ജ്ജിക്കുക.

അതോടൊപ്പം ഹറാം കയറിക്കൂടുന്നതില്‍നിന്നും വയറിനെയും ഹറാമിലേക്ക് നോക്കുന്നതില്‍നിന്നും കണ്ണിനെയും ഹറാം കേള്‍ക്കുന്നതില്‍നിന്നും ചെവിയെയും സൂക്ഷിക്കുക.

6. അശുദ്ധികാലത്തെ ചര്യകള്‍

റമദാന്‍ കാലത്ത് സ്ത്രീകള്‍ക്ക് അശുദ്ധികാലം തുടങ്ങിയാലും റമദാനിന്റെ പവിത്രതയെ അവമതിക്കുന്ന തരത്തിലുള്ള യാതൊരു കാര്യവും ജീവിതത്തില്‍ വരാതെ സൂക്ഷിക്കണം ഓരോ സ്ത്രീയും. ഈ കാലയളവില്‍ നോമ്പ് എടുക്കല്‍ നിഷിദ്ധമാണെങ്കിലും ആളുകള്‍ കാണുംവിധം ഭക്ഷണം കഴിച്ച് നടക്കാന്‍ പാടില്ല. അതിന്റെ അച്ചടക്കവും മര്യാദയും സൂക്ഷിക്കേണ്ടതുണ്ട്. 

കൂടാതെ, അക്കാലത്തും ചെയ്യാവുന്ന ആരാധനാമുറകള്‍ നിലനിര്‍ത്തുകയും വേണം. ദുക്‌റുകളും ദുആകളും വര്‍ദ്ധിപ്പിക്കാം. റമദാനില്‍ ഓരോ പത്തിലും ചൊല്ലേണ്ട പ്രത്യേകം ദിക്‌റുകളും ദുആകളുമുണ്ടല്ലോ. അത് നിരന്തരം ചൊല്ലിക്കൊണ്ടിരിക്കാം. 

7. അമിതവ്യയം പാടില്ല

റമദാന്‍ കാലത്തെ ഏറ്റവും വലിയ ശാപമായി മാറിയിട്ടുണ്ട് മുസ്‌ലിം വീടുകളിലെ ധൂര്‍ത്ത്. ഇതിലെ പ്രധാനമായൊരു പങ്ക് സ്ത്രീകള്‍ക്കുമുണ്ട്. റമദാന്‍ തീറ്റയുടെ മാസമല്ലെന്നും ആരാധനയുടെ മാസമാണെന്നും തിരിച്ചറിഞ്ഞ് വീട്ടുകാര്‍ക്ക് ആവശ്യമുള്ള ഭക്ഷണം മാത്രം പാകം ചെയ്യുക. അല്‍പം പോലും അമിതമായി വരാതിരിക്കാന്‍ ശ്രദ്ധിക്കുക. കൂടുതല്‍ സമയവും ആരാധനകള്‍ക്കായി നീക്കിവെക്കുക. ഒരു മണിക്കൂറില്‍ കൂടുതല്‍ ഒരു ദിവസം ഭക്ഷണം പാകം ചെയ്യാനായി വിനിയോഗിക്കരുത്. 

അങ്ങാടികളും തെരുവുകളും റംസാന്‍ വിഭവങ്ങള്‍കൊണ്ട് നിറയുമ്പോള്‍ ആ  സംസ്‌കാരം നമ്മുടെ വീടുകളിലേക്കും വലിച്ചുകൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കുക. നോമ്പുതുറ നല്ലൊരു ആരാധന തന്നെയാണ്. പക്ഷെ, നാമിന്ന് തെറ്റിദ്ധരിച്ചപോലെ കൊട്ടക്കണക്കിന് ഭക്ഷണം പാഴാക്കുന്ന കൂത്താട്ടമല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

ഭക്ഷണം പോലെത്തന്നെ മറ്റു കാര്യങ്ങളിലും അമിതത്വം സൂക്ഷിക്കണം റമദാന്‍ കാലത്ത്. വെള്ളം, സമയം, ഉറക്ക് എന്നിവയുടെ ഉപയോഗത്തിലെല്ലാം നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ട്. 

8. ദാനധര്‍മങ്ങള്‍ വര്‍ദ്ധിപ്പിക്കുക

കാരുണ്യപ്രവര്‍ത്തനങ്ങളുടെയും ദാനധര്‍മങ്ങളുടെയും മാസമാണ് റമദാന്‍. പ്രവാചകന്‍ ഈ സമയത്ത് വലിയ ധര്‍മിഷ്ഠനായി കാണപ്പെട്ടിരുന്നു. നമ്മുടെ കഴിവും ആസ്ഥിയുമനുസരിച്ച് പാവങ്ങളെ സഹായിക്കാന്‍ ഈ മാസം നാം ഉപയോഗപ്പെടുത്തണം. സ്വന്തമായി പണമുണ്ടെങ്കില്‍ അതോ അല്ലെങ്കില്‍ ഭര്‍ത്താവില്‍നിന്നും പണം വാങ്ങിയോ നമുക്ക് നന്മയുടെ വഴികളില്‍ ചെലവഴിക്കാം. 

വീട്ടില്‍ കയറിയിറങ്ങുന്ന യാചകര്‍ക്ക് ചില്ലിക്കാഷ് നല്‍കുന്നതല്ല ദാനധര്‍മംകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ നാട്ടില്‍ അതിനര്‍ഹരായ ധാരാളം ആളുകളുണ്ടാവാം. പുറത്തുമുണ്ടാവാം. അവരെ കണ്ടെത്തി സ്വകാര്യമായി നമ്മളാലാവുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കണം. അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിയാണിത്. 

9. ഷോപ്പിംഗിന്റെ മാസമല്ല

റമദാന്‍ മാസം ആരംഭിച്ചുകഴിഞ്ഞാല്‍ പെരുന്നാളിനുവേണ്ടിയുള്ള ഷോപ്പിംഗ് തുടങ്ങുന്ന ഒരു ദുരന്തകാഴ്ച്ച ഇന്ന് വര്‍ദ്ധിച്ചുവരികയാണ്. മുസ്‌ലിം സ്ത്രീകളാണ് ഇതില്‍ നിറഞ്ഞുകാണുന്നത്. ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്ന ഷോപ്പിംഗ് കൊണ്ടാട്ടങ്ങളില്‍ നമ്മളും വീണുപോകുന്നുവെന്നതാണ് സത്യം. 

റമദാന്‍ കാലത്തെ ആരാധനകള്‍കൊണ്ട് ധന്യമാക്കുന്നതിനു പകരം വിശിഷ്യാ, അവസാനത്തെ പത്തില്‍ അങ്ങാടിയിലൂടെ തെണ്ടിത്തിരിയുന്ന അവസ്ഥ വരുന്നത് പരിതാപകരമാണ്. 

പെരുന്നാളിനു വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം അതിന്റെ അച്ചടക്കത്തോടെ മാത്രം നടത്തുക. റമദാനിനെ നല്ല പോലെ ഉപയോഗപ്പെടുത്തിയവര്‍ക്കാണ് പെരുന്നാളുള്ളത് എന്ന കാര്യം നാം മറക്കരുത്. ശഅ്ബാനില്‍ റമദാനിനുവേണ്ടി ഒരുങ്ങുകയും റമദാന്‍ വന്നാല്‍ പെരുന്നാളിന് വേണ്ടി ഒരുങ്ങുകയും ചെയ്യുന്ന കേവല പൊലിപ്പ് സംസ്‌കാരം വര്‍ജ്ജിക്കുന്നതാണ് നല്ലത്. ഈ ഒരുക്കത്തില്‍ മാത്രമാണ് എല്ലാവരുടെയും ശ്രദ്ധ. റമദാനെ വേണ്ടപോലെ ഉപയോഗപ്പെടുത്താന്‍ പലര്‍ക്കും സാധിക്കുന്നില്ല. ഷോപ്പിംഗ് സംസ്‌കാരത്തിലൂടെ റമദാന്റെ പവിത്രതയാണ് ചോര്‍ന്നുപോകുന്നത്. സഹോദരിമാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

10. റമദാനിന്റെ ചൈതന്യം നിലനിര്‍ത്തുക

വിശ്വാസിയുടെ ഈമാന്‍ ശക്തിപ്പെടുത്തുന്ന പ്രത്യേകം കളരിയാണ് റമദാന്‍. ഈ മാസം ആര്‍ജ്ജിച്ചെടുത്ത ഈമാനികാവേശവും ആത്മസംസ്‌കരണവും തുടര്‍ജീവിതത്തില്‍നിന്നും ചോര്‍ന്നുപോകാതെ സൂക്ഷിക്കണം. സ്ത്രീകള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

നോമ്പുകാലത്ത് നാം പാലിച്ച അച്ചടക്കവും ജീവിത ചിട്ടയും ജീവിതത്തിലുടനീളം നിലനിര്‍ത്തണം. നാവ്, ചെവി, കണ്ണ്, വയറ് തുടങ്ങിയവയെല്ലാം നിഷിദ്ധങ്ങളില്‍നിന്നും സദാ നിയന്ത്രിക്കപ്പെടണം. നിസ്‌കാരവും, ഖുര്‍ആനും, മറ്റു ആരാധനകളും എന്നെന്നേക്കുമായി അസ്തമിച്ചുപോകരുത്. ജീവിത തിരക്കുകള്‍ക്കിടയിലും ആരാധനകള്‍ കൃത്യമായി നിര്‍വഹിച്ചുപോരണം. അങ്ങനെ ഓരോ റമദാനും ജീവിതത്തിന്റെ ശുദ്ധീകരണ വിദ്യാലയക്കാലമായി മാറണം. നാം സ്ത്രീകള്‍ എന്നും അതില്‍ വിജയിച്ചവരായി നിലകൊള്ളണം.