നോമ്പ് എനിക്കുള്ളതാണ്, ഞാനതിന് പ്രതിഫലം നല്‍കും

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

15 May, 2018

+ -
image

റമദാന്‍ ആഘോഷാശംസകള്‍ നേരുന്ന കച്ചവട കാലത്തിരുന്ന് റമദാനെയും നോമ്പിനെയും പുനരാലോചനക്ക് വിധേയമാക്കുന്നത് നമ്മുടെ നഷ്ടക്കണക്കിന്റെ പിന്നാമ്പുറങ്ങള്‍ വെളിച്ചത്തു കൊണ്ടുവരും. 

മറ്റു പലതും എന്ന പോലെ നോമ്പും അങ്ങനെ ഫ്‌ളക്‌സ് ബോര്‍ഡിലും പ്രസിദ്ധീകരണങ്ങളിലെ 'ഇന്നത്തെ നോമ്പുതുറ' വിഭവങ്ങളിലേക്കും ചുരിങ്ങിക്കൊണ്ടിരിക്കുന്നു. 

നിരത്തിനിരുവശവും എത്ര നീളത്തില്‍ കാല്‍ നാട്ടി വര്‍ണ വിളക്കുകള്‍ സ്ഥാപിച്ചുവെന്നതും തുണിക്കടകളില്‍ എത്രയധികം പുത്തന്‍ വസ്ത്ര മോഡലുകള്‍ അവതരിച്ചു എന്നതും നോമ്പിന്റെ സജീവ നിര്‍ജീവതയെ നിര്‍ണയിക്കുന്നത് റമദാന്‍ ബഹളമയ അഘോഷമാണെന്ന ബോധം നമുക്കിടയില്‍ സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ്. 

നോമ്പ് എനിക്കുള്ളതാണ്, ഞാന്‍ തന്നെ അതിന് പ്രതിഫലം നല്‍കുമെന്ന് അല്ലാഹു സ്വകാര്യത പാലിച്ച ഒരാരാധന ഇന്ന് ആത്മാവ് നഷ്ടപ്പെട്ട് അങ്ങാടി തെണ്ടുന്ന ശരീര രൂപം മാത്രമായി ഒതുങ്ങിയിരിക്കുന്നു. 

നോമ്പ് വിഭവ സമൃദ്ധിയുടെയും ആര്‍ഭാടങ്ങളുടെയും ശബളിമയെയല്ല അഭിസംബോധന ചെയ്യുന്നത്. അത് കലുഷ കാലത്തേക്കുള്ള പ്രതിരോധമാണ്. പരിമിതമായ അയുധ ആള്‍ബലം കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ബദ്ര്‍ വിജയിച്ചത് നോമ്പ് നോറ്റായിരുന്നു. 

ശാരീരിക ഇഛകളോട് പടപൊരുതി ജയിച്ചവര്‍ക്കുള്ള സമ്മാനമായിരുന്നു ബദ്ര്‍ എന്ന അതിജീവന സമര ജയം. നോമ്പ് തീര്‍ച്ചയായും ഒരു പരിചയാണ്. നോമ്പു നോറ്റാല്‍ അസഭ്യം ചെയ്യരുത്, അവിവേകം വര്‍ത്തിക്കരുത്. ഇനിയൊരാള്‍ അവനോട് ഏറ്റുമുട്ടുകയോ അസഭ്യം പറയുകയോ ചെയ്താല്‍ ഞാന്‍ നോമ്പുകാരനാണ് എന്ന് അവന്‍ പറഞ്ഞു കൊള്ളട്ടെ എന്ന റസൂലിന്റെ വചനം നോമ്പിന്റെ ആന്തരിക സമരക്ഷമതയെയാണ് അനാവരണം ചെയ്യുന്നത്.

മുസ്‌ലിം ലോകം മുമ്പെന്നുമില്ലാത്ത വിധം പ്രതിസന്ധികളില്‍ ഉഴലുമ്പോഴാണ് വീണ്ടുമൊരു റമദാന്‍ സമാഗതമാവുന്നത്. ഫലസ്തീന്‍, സിറിയ തുടങ്ങി മുസ്‌ലിം രാഷ്ട്രങ്ങളൊക്കെയും ചോരച്ചുവപ്പുകൊണ്ടാണ് വാര്‍ത്തകളില്‍ നിറയുന്നത്. 

ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ താമസിക്കുന്ന ഇന്ത്യയില്‍ ഫാസിസ്റ്റ് ഭരണത്തിന്റെ ഹിഡന്‍ അജണ്ടകളെ ഭയന്നു കൊണ്ടാണ് മുസ്‌ലിംകളാദി ന്യൂനപക്ഷം കഴിയുന്നത്. 

നോമ്പിന്റെ ആത്മാവിലേക്കുള്ള ഒരു അന്വേഷണത്തിന്റെ പ്രാധാന്യമാണ് പുതിയ കലുഷ സങ്കീര്‍ണ മുസ്‌ലിം രാഷ്ട്രീയം  ആവശ്യപ്പെടുന്നത്. ആ അന്വേഷണം കേവലം അക്കാദമിക രചനകളിലോ ബുദ്ധി ജീവി സങ്കേതങ്ങളിലോ ഒതുങ്ങേണ്ടതുമല്ല. 

അവ സാധാരണ മുസ്‌ലിം ജീവിതങ്ങളില്‍ ഇഴുകിച്ചേരേണ്ടതാണ്. നോമ്പിന്റെ ആന്തരിക ക്ഷമതയെ വീണ്ടെടുത്ത് ശാരീരിക ഇഛകളെ തിരസ്‌കരിക്കുകയാണ് അതിനുള്ള വഴി.