ആത്മബലമുണ്ടെങ്കില്‍ ഏതു പ്രയാസവും അലിഞ്ഞുതീരും!

ഡോ. മോയിന്‍ മലയമ്മ

15 May, 2018

+ -
image

സൂഫിവര്യന്മാരില്‍ പ്രമുഖനായിരുന്നു ഹാത്വിമുല്‍ അസ്വമ്മ്. ദരിദ്രനായിരുന്ന അദ്ദേഹത്തിന്റെ ഉള്ളില്‍ ഹജ്ജ് ചെയ്യാനുള്ള കൊതി ജനിച്ചു. കൈയില്‍ മതിയായ പണമുണ്ടായിരുന്നില്ല. 

തന്റെ യാത്രയ്ക്കുള്ള ചെലവും താന്‍ തിരിച്ചുവരുന്നതുവരെ വീട്ടുകാര്‍ക്ക് ജീവിക്കാനാവശ്യമായ പണവും ലഭിക്കണം. 

ഹജ്ജ് മാസമടുത്തുവരും തോറും ഹാത്വിമിന്റെ ഉള്ളില്‍ നീറ്റല്‍. ഇടക്കിടെ നെഞ്ചുരുകി കരച്ചിലും.

പിതാവിന്റെ ഹൃദയ വേദന ഒരിക്കല്‍ മകളുടെ ശ്രദ്ധയില്‍ പെട്ടു. അവര്‍ അടുത്തു ചെന്ന് കാര്യമന്വേഷിച്ചു.

'എന്താണ് അങ്ങ് കരയുന്നത്?'

'ഹജ്ജ് മാസം അടുത്തുവരികയാണ്'

'അങ്ങ് എന്തുകൊണ്ട് പോകുന്നില്ല?'

'കൈയില്‍ പണമില്ല.'

'പണം അല്ലാഹു തരും. അങ്ങ് പുറപ്പെടുക.'

'അപ്പോള്‍, നിങ്ങളുടെ ചെലവോ?'

'ഞങ്ങള്‍ക്കും അല്ലാഹു തരും.'

'വിവരം ഉമ്മയോടു പറയൂ...'

പെണ്‍കുട്ടി അകത്തു ചെന്ന് കാര്യം ഉമ്മയോടു പറഞ്ഞു. 

ഒടുവില്‍, ഉമ്മയും കുട്ടികളും പറഞ്ഞു: 

'ഏതായാലും, അങ്ങ് ഹജ്ജിന് പുറപ്പെടുക. ഞങ്ങളുടെ കാര്യം അല്ലാഹു നോക്കും.'

മൂന്നു ദിവസം മാത്രം ജീവിക്കാനുള്ള പണം വീട്ടുകാര്‍ക്ക് നല്‍കി, ഹാത്വിം ഹജ്ജിനായി ഇറങ്ങിത്തിരിച്ചു. കൈയില്‍ യാത്രക്കൂലി പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, മറ്റൊരു ഖാഫിലയുടെ പിന്നാലെ നടന്നുനീങ്ങുകയായിരുന്നു.

യാത്രാസംഘം കൂറേ മുന്നോട്ടു നീങ്ങി. അതിനിടയിലാണ് സംഘത്തലവന് പാമ്പുകടിയേറ്റത്. കൂട്ടത്തിലെ പലരും ചികിത്സിച്ചുനോക്കി. ഫലമുണ്ടായില്ല. ഒടുവില്‍ ഹാത്വിമിന്റെ ഊഴമായിരുന്നു. അദ്ദേഹം ചില മന്ത്രങ്ങള്‍ ചൊല്ലി ചികിത്സിച്ചു. അല്‍ഭുതകരമാംവിധം മുറിവ് ഭേദമായി. 

സഹയാത്രികര്‍ സന്തോഷിച്ചു. താങ്കളുടെ പോക്കുവരവിനുള്ള മുഴു ചെലവും താന്‍ ഏറ്റെടുത്തതായി സംഘത്തലവന്‍ പ്രഖ്യാപിച്ചു. 

ഹാത്വിം മനസ്സുകൊണ്ട് അല്ലാഹുവിനെ സ്തുതിച്ചു. 'നാഥാ, ഇത് നീ എനിക്കു തന്ന അനുഗ്രഹം. ഇതുപോലെ എന്റെ വീട്ടുകാര്‍ക്കും നീ അനുഗ്രഹം വര്‍ഷിക്കേണമേ' അദ്ദേഹം പ്രാര്‍ത്ഥിച്ചു. 

മൂന്നു ദിവസം കടന്നുപോയി. വീട്ടിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങള്‍ തീര്‍ന്നു. അവര്‍ പശിയടക്കാന്‍ വകയില്ലാതെ കഷ്ടപ്പാടിലായി.

എല്ലാവരും പെണ്‍കുട്ടിയെ ചീത്ത പറയാന്‍ തുടങ്ങി. പെണ്‍കുട്ടി ഇതു കണ്ട് ചിരിച്ചു. 

'വിശപ്പ് മരണത്തിലേക്ക് മാടി വിളിക്കുമ്പോഴും നീ ചിരിക്കുകയാണോ' അവര്‍ അവളോട് ചോദിച്ചു.

'നമ്മുടെ പിതാവ് ഭക്ഷണം നല്‍കുന്നവനോ അതോ ഭക്ഷണം കഴിക്കുന്നവനോ?' അവളുടെ മറുചോദ്യം.

'ഭക്ഷണം കഴിക്കുന്നവന്‍. ഭക്ഷണം നല്‍കുന്നവന്‍ അല്ലാഹുവാണ്.' 

'എങ്കില്‍, ഭക്ഷണം കഴിക്കുന്നവന്‍ മാത്രമാണ് പോയിരിക്കുന്നത്; ഭക്ഷണം നല്‍കുന്നവന്‍ ഇപ്പോഴും നമ്മോടൊപ്പമുണ്ട്. പിന്നെയെന്തിന് നാം ആകുലപ്പെടണം?' അവള്‍ ചോദിച്ചു. 

അകത്ത് സംസാരം നടന്നുകൊണ്ടിരിക്കെയാണ് ആരോ വാതിലില്‍ മുട്ടിയത്. 

'ആരാണ് പുറത്ത്?' അവര്‍ ചോദിച്ചു.

'അമീറുല്‍ മുഅ്മിനീന് അല്‍പം വെള്ളം വേണം.' ആഗതന്‍ പറഞ്ഞു.

അവര്‍ വെള്ളം കൊടുത്തു. ആഗതന്‍ വെള്ളവുമായി നടന്നു നീങ്ങി. 

കുടിച്ചപ്പോള്‍ വല്ലാത്ത സ്വാദ്!! 

'ഏറെ സ്വാദിഷ്ടമായ വെള്ളം. ഇതെവിടെനിന്നാണ് നിങ്ങള്‍ ലഭിച്ചത്?' ്അമീറുല്‍ മുഅ്മിനീന്‍ അന്വേഷിച്ചു. 

'ഹാത്വിമുല്‍ അസ്വമ്മിന്റെ വീട്ടില്‍ നിന്ന്.' അവര്‍ പറഞ്ഞു.

'അദ്ദേഹത്തെ വിളിക്കുക. സമ്മാനമുണ്ട്.' 

'അദ്ദേഹം ഇവിടെയില്ല. ഹജ്ജിനു  പോയതാണ്.'

രാജാവ് ആ വീട്ടുകാര്‍ക്ക് ധാരാളം വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കൊടുത്തയച്ചു. അത് വിറ്റ് അവര്‍ ഭക്ഷണം വാങ്ങി.

ഇത് കണ്ടപ്പോള്‍ പെണ്‍കുട്ടി കരയാന്‍ തുടങ്ങി. 

'നിന്റെ കാര്യം അല്‍ഭുതം തന്നെ. ഭക്ഷണം കിട്ടാതെ ഞങ്ങള്‍ കരഞ്ഞപ്പോള്‍ നീ ചിരിച്ചു. ഇപ്പോള്‍, അല്ലാഹു നമുക്ക് ഭക്ഷണം നല്‍കിയപ്പോള്‍ നീ കരഞ്ഞു. എന്താ കാരണം?' ഉമ്മ ചോദിച്ചു.   

പെണ്‍കുട്ടി പറഞ്ഞു: 'മനുഷ്യന്റെ ബലഹീനതയോര്‍ത്താണ് ഞാന്‍ ഒരു തവണ ചിരിക്കുകയും മറ്റൊരു തവണ കരയുകയും ചെയ്തത്. അവന് സ്വന്തമായി ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയില്ല. അല്ലാഹുവാണ് അവനെ ഉള്ളവനാക്കുന്നതും അവനെ ഇല്ലാത്തവനാക്കുന്നതും. ഇപ്പോള്‍, ഖലീഫ നമ്മെ കാരുണ്യത്തിന്റെ ഒരു നോട്ടം നോക്കിയപ്പോഴേക്കും നമ്മുടെ കഷ്ടതകളെല്ലാം ദൂരീകരിക്കപ്പെട്ടു. എന്നാല്‍, അല്ലാഹുവിന്റെ ഒരു കരുണാകടാക്ഷം ലഭിച്ചാല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ!!!'