ഇസ്‌ലാം പുതുമകളെ സ്വീകരിക്കുന്നുണ്ടോ?

മുഫ്തി മുഹമ്മദ് തഖി ഉസ്മാനി

15 April, 2018

+ -
image

ഏതൊരു കാര്യത്തിലും പുതുമ (modernity) തേടുകയെന്നത് മനുഷ്യവര്‍ഗത്തിന്റെ പ്രകൃതവും താല്‍പര്യവുമാണ്. അതില്ലായിരുന്നുവെങ്കില്‍ മനുഷ്യനിപ്പോഴും ശിലായുഗത്തില്‍നിന്നും അണുശാസ്ത്ര യുഗത്തിലേക്ക് എത്തിപ്പെടുമായിരുന്നില്ല. ഒട്ടകങ്ങളില്‍നിന്നും കാളവണ്ടികളില്‍നിന്നും വിമാനങ്ങളിലേക്കോ മണ്‍വിളക്ക്, മെഴുകുതിരി തുടങ്ങിയവയില്‍നിന്നും ഇലക്ട്രിക് ബള്‍ബുകളിലേക്കോ പുരോഗതി വരിക്കുമായിരുന്നില്ല. ആകാശ ഗോളങ്ങള്‍ മുതല്‍ ആഴിയുടെ അടിത്തട്ടു വരെ വ്യാപരിച്ചുകിടക്കുന്ന ഭൗതികവും ശാസ്ത്രീയവുമായ ഈ നേട്ടങ്ങളെല്ലാം പരമ്പരാഗതമായി മനുഷ്യനില്‍ കുടികൊള്ളുന്ന 'പുതുമ സ്വീകരിക്കുന്നവനാവുക' അഥവാ, ആധുനികനാവുക എന്ന വിശേഷണത്തിന്റെ അനന്തര ഫലങ്ങളാണ്. 

ഒരു പ്രകൃതി മതമെന്ന നിലക്ക് ഇസ്‌ലാം ഈ പുതുമകള്‍ സ്വീകരിക്കുന്നതിന് ്ഒരിക്കലും എതിരല്ല. പുതുമയുള്‍കൊള്ളുന്നവനാവാനാണ് അത് സൂചനകള്‍ തരുന്നത്. പലപ്പോഴായിട്ട് അതിനെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഇസ്‌ലാം. വിശിഷ്യാ, വ്യവസായം, വാഹനം, യുദ്ധ സാമഗ്രികള്‍ തുടങ്ങിയവയില്‍ ഏറ്റവും പുതിയ രീതികള്‍ സ്വീകരിക്കാമെന്നതിന് പ്രവാചക പാരമ്പര്യം തന്നെ തെളിവാണ്.

അഹ്‌സാബ് യുദ്ധ വേളയില്‍ അറേബ്യന്‍ ഗോത്രങ്ങള്‍ സംഘടിക്കുകയും മദീനയില്‍ റെയ്ഡ് നടത്തുകയും ചെയ്തപ്പോള്‍ പ്രതിരോധമെന്നോണം പുതിയൊരു തന്ത്രം നിര്‍ദേശിച്ചത് വിഖ്യാത സ്വഹാബി സല്‍മാനുല്‍ ഫാരിസി (റ) യാണ്. ഈ തന്ത്രം അന്നേവരെ അറേബ്യ ദര്‍ശിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. പട്ടണത്തിനു ചുറ്റും ഒരു കിടങ്ങ് കുഴിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. പ്രവാചകന്‍ (സ്വ) ഈ നിര്‍ദേശത്തെ ഏറെ പ്രശംസിക്കുകയും അനുചരന്മാരോടൊപ്പം കിടങ്ങ് നിര്‍മാണത്തില്‍ ഭാഗവാക്കാവുകയും ചെയ്തു (അല്‍ ബിദായ വന്നിഹായ: 4/95). 

ത്വാഇഫ് യുദ്ധത്തിലും സല്‍മാനുല്‍ ഫാരിസിയുടെ നിര്‍ദേശാനുസരണം പ്രവാചകന്‍ പുതിയ രണ്ടോളം ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നതായി കാണാം. ചില റിപ്പോര്‍ട്ടുകളനുസരിച്ച് അദ്ദേഹം തന്നെ നിര്‍മിച്ചതായിരുന്നു അവ. അന്ന് പീരങ്കിയായി ഉപയോഗിക്കപ്പെട്ടിരുന്ന മിഞ്ചനീഖും ടാങ്കായി ഉപയോഗിക്കപ്പെട്ട 'ദബ്ബാബ'യുമായിരുന്നു ഇവ (അല്‍ ബിദായ വന്നിഹായ: 4/95). 

കൂടാതെ, ദബ്ബാബ, മിഞ്ചനീഖ്, ദബൂര്‍ തുടങ്ങിയ പല പുതിയ ആയുധങ്ങളെയും കുറിച്ച് പഠിക്കാന്‍ പ്രവാചകന്‍ ഉര്‍വതു ബ്‌നു മസ്ഊദ്, ഗിസാന്‍ ബ്‌നു സല്‍മ തുടങ്ങിയ അനുചരന്മാരെ സിറിയയിലെ ജറശ് പട്ടണത്തിലേക്ക് പറഞ്ഞയച്ച വിവരം ഇബ്‌നു കസീര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിറിയയിലെ വിഖ്യാത വ്യാവസായിക പട്ടണമായിരുന്നു അന്ന് ജറശ്. റോമക്കാര്‍ യുദ്ധരംഗത്ത് സാധാരണ ഉപയോഗിച്ചിരുന്ന ദബ്ബാബക്ക് സമാനമായ മറ്റൊരു ആയുധമായിരുന്നു ദബൂര്‍. പുതിയ സാങ്കേതിക വിദ്യ പഠിക്കുകയായിരുന്നതിനാല്‍ ഇവര്‍ രണ്ടു പേര്‍ക്കും ത്വാഇഫ്, ഹുനൈന്‍ യുദ്ധങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല (ത്വബഖാതു ബ്‌നി സഊദ്: 2/221, താരീഖു ത്വബ്‌രി: 2/353, അല്‍ ബിദായ വന്നിഹായ: 4/345). 

ഇബ്‌നു ജരീര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കാണാം. പ്രവാചകന്‍ (സ്വ) മദീന നിവാസികളെ കൃഷിയില്‍ പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ വിളവ് ഉല്‍പാതിപ്പിക്കുന്നതിനായി പാടങ്ങളില്‍ ഒട്ടകത്തിന്റെ തലയോട്ടി ഉപയോഗിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നുവത്രെ (കന്‍സുല്‍ ഉമ്മാല്‍: 2/199). 

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: വസ്ത്രക്കച്ചവടം ശക്തിപ്പെടുത്തുക വഴി ബിസിനസ് കാര്യക്ഷമമാക്കാന്‍ പ്രവാചകന്‍ അനുയായികളെ ഉപദേശിച്ചിരുന്നു. ജനങ്ങള്‍ ഐശ്വര്യമുള്ളവരും സുഖമനുഭവിക്കുന്നവരുമായി കാണാനാണ് വസ്ത്രക്കച്ചവടക്കാര്‍ സാധാരണ ആഗ്രഹിക്കുന്നത് എന്നതിനാലായിരുന്നു ഇത് (കന്‍സുല്‍ ഉമ്മാല്‍: 2/199). 

കൂടാതെ, ഈജിപ്ത്, ഒമാന്‍ പോലെയുള്ള ദേശങ്ങളിലേക്ക് കച്ചവടാവശ്യാര്‍ത്ഥം യാത്രകള്‍ ചെയ്യാനും പ്രവാചകന്‍ പ്രേരിപ്പിച്ചിരുന്നു (കന്‍സുല്‍ ഉമ്മാല്‍: 2/197). 

കൃഷി, ഖനിജങ്ങള്‍ തുടങ്ങിയവയില്‍നിന്നും ഉപകാരങ്ങള്‍ എടുക്കണമെന്ന് സൂചിപ്പിച്ചുകൊണ്ട് പ്രവാചകന്‍ പറഞ്ഞു: 'ഭൂഗര്‍ഭ അറകളില്‍നിന്നും നിങ്ങള്‍ ഉപജീവനം തേടുക' (2/197).

നാവിക സേനയെക്കുറിച്ച് ആ കാലങ്ങളില്‍ അറബികള്‍ക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല. പക്ഷെ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവരായി തന്റെ അനുയായികള്‍ കടല്‍ താണ്ടുമെന്ന് പ്രവാചകന്‍ ഒരിക്കല്‍ പ്രവചിച്ചു (സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ജിഹാദ്). അവരുടെ വിശേഷണങ്ങള്‍ സവിസ്തരം പ്രതിപാദിക്കുകയും ചെയ്തു. അനന്തരം, ഹസ്‌റത്ത് ഉസ്മാന്‍ (റ) വിന്റെ ഭരണ കാലത്ത് മുആവിയ (റ) പ്രഥമ നാവിക സേനയെ തയ്യാറാക്കുകയുണ്ടായി. ഇതായിരുന്നു സൈപ്രസ്, റോഡസ്, ക്രാറ്റസ്, സിസിലി തുടങ്ങിയ പ്രദേശങ്ങളിലേക്ക് മുസ്‌ലിം കടന്നുകയറ്റത്തെ സാധ്യമാക്കിയതും മെഡിറ്ററേനിയന്‍ കടല്‍ ഒന്നടങ്കം മുസ്‌ലിംകള്‍ക്കു കീഴില്‍ കൊണ്ടുവരാന്‍ അവസരമൊരുക്കിയതും. 

ഹിജ്‌റ എട്ടാം വര്‍ഷം ലഖ്മ്, ജുദാം ഗോത്രങ്ങള്‍ക്കെതിരെ നടന്ന ദാത്തുസ്സലാസില്‍ യുദ്ധത്തില്‍ അംറു ബ്‌നു ആസ്വ് (റ) 'ഇരുട്ട് പരത്തല്‍' രീതിയാണ് സ്വീകരിച്ചിരുന്നത്. മൂന്ന് ദിവസത്തോളം യുദ്ധ ഭീമിയില്‍ തീ കത്തിക്കാനോ വെളിച്ചം പരത്താനോ പാടില്ലെന്ന് അദ്ദേഹം തന്റെ സൈന്യത്തോട് ആജ്ഞാപിച്ചു. യുദ്ധം കഴിഞ്ഞ് മദീനയില്‍ തിരിച്ചെത്തിപ്പോള്‍ ഇതേക്കുറിച്ച് പ്രവാചകന്‍ അദ്ദേഹത്തോട് അന്വേഷിച്ചു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: 'പ്രവാചകരേ, ശത്രുക്കളെ അപേക്ഷിച്ച് എണ്ണത്തില്‍ വളരെ കുറവായിരുന്നു എന്റെ സൈന്യം. സൈന്യത്തിന്റെ കുറഞ്ഞ അംഗസംഖ്യ കണ്ട് അവരുടെ മനോധൈര്യം ശക്തിപ്പെടാതിരിക്കാനായി രാത്രിയണയുമ്പോഴേക്കും വിളക്കുകള്‍ അണച്ചുകളയാന്‍ ഞാന്‍ അവരോട് കല്‍പ്പിച്ചു.' അംറു ബ്‌നുല്‍ ആസ്വിന്റെ ഈ തന്ത്രപരമായ നീക്കത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രവാചര്‍ക്ക് വളരെ സന്തോഷമായി. അവര്‍ അല്ലാഹുവിന് നന്ദി പറഞ്ഞു (ജംഉല്‍ ഫവാഇദ്: 2/27). 

പ്രവാചകരുടെ കാലത്തും തുടര്‍ന്നും പലപ്പോഴായി ഉണ്ടായ സംഭവങ്ങളുടെ ചില ഉദാഹരണങ്ങളാണിത്രയും പറഞ്ഞത്. അതുവരെ പരിചയമില്ലാത്ത പുതിയ രൂപങ്ങളാണ് എന്നതുകൊണ്ടുമാത്രം ഇസ്‌ലാം ആധുനിക (ന്യൂതന) പുരോഗതികളെ തള്ളിക്കളയുന്നില്ല എന്ന് വ്യക്തമാക്കാനാണ് ഇതിവിടെ വിവരിച്ചത്. അതേസമയം, നിബന്ധനകള്‍ പാലിച്ചുകൊണ്ട്, ശരിയായ ലക്ഷ്യത്തിലൂന്നി, പുതുമയെ സ്വീകരിക്കാന്‍ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുകകൂടി ചെയ്യുന്നു.