വിധിവിശ്വാസവും യുക്തിവാദവും

സി. ഹംസ

15 April, 2018

+ -
image

അല്ലാഹുവിന്റെ സര്‍വാധീശത്വത്തില്‍ അധിഷ്ഠിതമായ നിയമങ്ങളാല്‍ നിയന്ത്രിതമാണ് മനുഷ്യനും ലോകവും. പ്രകൃതിയിലെ എല്ലാ പ്രക്രിയകളും പ്രാപഞ്ചിക പ്രതിഭാസങ്ങളും ഇസ്‌ലാം മത വിശ്വാസത്തിന്റെ കാതലാണ്. വിധിവിഹിത വാദം (Talatism) നിയതി തത്ത്വ വാദം (Doctrine  Predestination) എന്നെല്ലാമുള്ള പേരുകളില്‍ അറിയപ്പെടുന്നു ഈ വിശ്വാസം.

ഭൂത വര്‍ത്തമാന ഭാവികളില്ലാത്ത അല്ലാഹുവിന്റെ അമേയമായ അറിവിനു ബാഹ്യമായതോ അവന്റെ അഭീഷ്ടത്തിനു വിപരീതമായതോ ആയി യാതൊന്നും എങ്ങുമൊരിക്കലുമുണ്ടാവുകയില്ലെന്ന പരമാര്‍ത്ഥത്തെയാണ് ഈ സിദ്ധാന്തം ബോധിപ്പിക്കുന്നത്.  അപ്രകാരം തന്നെ നന്മ-തിന്മകളുടെയെല്ലാം ഉത്ഭവ സ്രോതസ്സ് അല്ലാഹുവാണെന്നുള്ളതും ഈ സിദ്ധാന്തത്തിന്റെ ഭാഗം തന്നെ.  

സ്രഷ്ടാവായ അല്ലാഹുവിന്റെ അത്യുജ്വലമായ മഹത്വത്തിന്നും അസീമിതമായ ശക്തിക്കും മുമ്പില്‍ സൃഷ്ടിയായ മനുഷ്യന്‍ അടിമയും ആശ്രിതനും നിസ്സഹായനും നിസ്സാരനുമായിരിക്കുകയെന്നത് അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സംഭവിക്കുക, തന്റെ സ്വാതന്ത്ര്യത്തെ പോലും  അവന്‍ നിയന്ത്രിക്കുന്നുവെന്ന് വരുമ്പോഴത്രെ. അതിനാല്‍ അല്ലാഹുവില്‍ നിന്ന് അസ്തിത്വം കിട്ടുകയും നിലനില്‍പ്പുള്‍പ്പെടെ എല്ലാത്തിനും അവനെ പൂര്‍ണ്ണമായി ആശ്രയിക്കുകയും ചെയ്യുന്ന മനുഷ്യന്‍ സ്വതന്ത്രനേയല്ല എന്നിടത്തോളം പോകും വിധി വിഹിത വാദത്തിന്റെ വിശകലനം. 

മനുഷ്യന്റെ ബുദ്ധി, ഇച്ഛാശക്തി, മനസ്സ് എന്നിവയുടെമേല്‍ അല്ലാഹുവിന് അധികാരമില്ലെന്നായിരിക്കും അവന്റെ ഹിതം സ്വന്തവും സ്വതന്ത്രവുമാണെന്ന് പറയുന്നതിനര്‍ത്ഥം.  സര്‍വ ശക്തനായ അല്ലാഹുവിന്റെ അപ്രതിവിതമായ അധികാര ശക്തിക്ക് സീമ കല്‍പിക്കലായിരിക്കുമത്.  മനുഷ്യന്റെ തീരുമാനങ്ങളെ സമ്പന്ധിച്ച് അല്ലാഹുവിന് മുന്നറിവുണ്ടെങ്കില്‍ അവയില്‍ ഇടപെടാന്‍ അവന് കഴിയുമെങ്കില്‍ എങ്ങനെയാണ് തീരുമാനങ്ങള്‍ സ്വതന്ത്രമായിരിക്കുക.?

മനുഷ്യന്‍ തീരുമാനിച്ച കാര്യങ്ങള്‍ പോലെതന്നെ തീരുമാനിക്കാനിരിക്കുന്ന കാര്യങ്ങളും അല്ലാഹു മുന്‍കൂട്ടി കാണുന്നുവെന്നത് അല്ലാഹുവിന്റെ സാക്ഷാല്‍ ദൈവികതയുടെ താല്‍പര്യമാണ്.  അപ്പോള്‍ പിന്നെ മനുഷ്യ സ്വാതന്ത്ര്യമെന്നും മനുഷ്യന്റെ സ്വതന്ത്രേച്ഛ (Free Will) യെന്നുമെല്ലാം പറയുന്നതിന്റെ അര്‍ത്ഥമെന്ത് എന്ന ചോദ്യത്തിന് പഴുതുണ്ടാവുകയാണ്.  യുക്തികൊണ്ട് ന്യായീകരിക്കാന്‍ നന്നേ ക്ലേശിക്കേണ്ടി വരുന്ന ഈ വിഷയത്തെ വിശ്വാസത്തിന്റെ പരിപ്രേക്ഷ്യത്തില്‍ വെച്ചു വേണം വിശദീകരിക്കുവാന്‍. ഇസ്‌ലാമിക ചരിത്രത്തില്‍ അഗാധമായ ആശയക്കുഴപ്പത്തിനും ഭിന്നിപ്പിനും വിത്തായ ഈ വിഷയത്തിന്റെ ശരിയായ ഉള്‍ക്കൊള്ളലിന് മതപരമായ സൂക്ഷമതാ ബോധവും ഇലാഹിയായ മാര്‍ഗ നിര്‍ദര്‍ശനവും കൂടിയേ തീരു.

അല്ലാഹുവിന്റെ മുന്നറിവും നിശ്ചയവും കൂടാതെ പ്രപഞ്ചത്തില്‍ എന്തെങ്കിലും നടക്കുകയോ മനുഷ്യന് എന്തെങ്കിലും സംഭവിക്കുകയോ ചെയ്യുന്നില്ലെന്ന അര്‍ത്ഥത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ അനേകം സൂക്തങ്ങളുണ്ട്.  ചിലതിവിടെ കൊടുക്കുന്നു: 

'ഭൂമിയിലോ നിങ്ങളില്‍ തന്നെയോ ഒരു വിപത്തുണ്ടാകുന്നുവെങ്കില്‍ നാം നേരത്തെ അത് ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും. അല്ലാഹുവിന് അതെളുപ്പമാണ്' (അല്‍ ഹദീദ് :22).

'അതീന്ദ്രിയ ലോകത്തിന്റെ താക്കോലുകള്‍ അവന്റെ പക്കലാണുള്ളത്. അവനല്ലാതെ ആരും അതറിയുന്നില്ല.  കരയിലും കടലിലുമുള്ളത് അവനറിയും.  ഒരിലയും അവനറിയാതെ കൊഴിയുന്നില്ല.  സ്വയം വിശദീകരിക്കുന്ന ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്താതെ ഭൂമിയിലെ ഉള്‍പ്രദേശങ്ങളില്‍ ഒരു ധാന്യമണിയോ ഒരു പച്ചയോ ഒരു ഉണക്കയോ ഇല്ല' (അല്‍ അന്‍ആം: 59).

'നമുക്ക് വല്ല തീരുമാനവുമുണ്ടോ എന്നവര്‍ ചോദിക്കുന്നു.  തീരുമാനം മുഴുവന്‍ അല്ലാഹുവിന്റേതാണെന്ന് പറയുക.  താങ്കളോട് വെളിപ്പെടുത്താത്തത് മനസ്സില്‍ ഒളിപ്പിച്ച് വച്ചിരിക്കുകയാണവര്‍.  നമുക്ക് വല്ല തീരുമാനവുമുണ്ടായിരുന്നെങ്കില്‍ നാമിവിടെ കൊല്ലപ്പെടില്ലായിരുന്നുവെന്നാണവര്‍ പറയുന്നത്. നിങ്ങള്‍ സ്വന്തം വീടുകളിലായിരുന്നാല്‍ പോലും കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ സ്വയം എഴുന്നേറ്റ് തങ്ങളുടെ ശരശയ്യയിലേക്ക് ചെല്ലുമെന്ന് പറഞ്ഞേക്കുക.' (ആലു ഇംറാന്‍ 154).

'എല്ലാ വസ്തുക്കളുടെയും ഖജനാവുകള്‍ നമ്മുടെ അടുക്കലാണുള്ളത്. നിശ്ചിത അളവില്‍ മാത്രമേ നാമത് തുറക്കുകയുള്ളൂ (അല്‍ഹിജ്ര്‍ 21).

'എല്ലാത്തിനും അല്ലാഹു ഒരു പരിമാണം വെച്ചിട്ടുണ്ട്' (അത്വലാഖ് 3).

'നിശ്ചയം ഒരളവ് വെച്ചാണ് ഏതൊരു വസ്തുവിനെയും നാം സൃഷ്ടിച്ചിരിക്കുന്നത്' (അല്‍ ഖമര്‍ 49).

'ഉദ്ദേശിക്കുന്നവരെ അവന്‍ പിഴക്കാന്‍ വിടുകയും ഉദ്ദേശിച്ചവരെ അവന്‍ വഴി കാണിക്കുകയും ചെയ്യുന്നു' (ഇബ്‌റാഹീം 4).

'ആധിപത്യത്തിന്റെ അധിപതിയായ അല്ലാഹുവേ, നിനക്ക് വേണ്ടവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് ആധിപത്യം ഈരിയെടുക്കുന്നു. നിനക്ക് വേണ്ടവരെ നീ യോഗ്യരാക്കുന്നു. നീ ഉദ്ദേശിക്കുന്നവരെ നീ നീചരാക്കുന്നു. നിന്റെ കൈവശമാണ് എല്ലാ നന്മയും തന്മയും. നീ എന്തിനും കഴിയുന്നവനാണ് എന്ന് പറയുക' (ആലു ഇംറാന്‍ 26)

മേലുദ്ധരിച്ച ഖുര്‍ആന്‍ സൂക്തങ്ങളെ മാത്രം ആസ്പദമാക്കിക്കൊണ്ടല്ല, താഴെ കൊടുത്തിരിക്കുന്ന സൂക്തങ്ങളെ അവയുമായി സംയോജിപ്പിച്ചു കൊണ്ടായിരിക്കണം വിഷയത്തെകുറിച്ചുള്ള അന്തിമമായ ഒരു നിഗമനം സൃഷ്ടിച്ചെടുക്കുന്നത്.  അല്ലാത്ത പക്ഷം മനുഷ്യനെ ഒരു കുഞ്ഞിന്റെ കയ്യിലെ കളിപ്പാട്ടം കണക്കെ യാതൊന്നിനും സ്വാതന്ത്ര്യമില്ലാത്ത വസ്തുവായി കരുതുന്നിടത്തേക്കോ, മുഅ്തസിലുകളെ പോലെ, അല്ലാഹുവിന് യാതൊരു വിധ പങ്കും സ്വാധീനവുമില്ലാത്ത അനിയന്ത്രിതമായ കര്‍മ്മ സ്വാതന്ത്ര്യ വാദമുന്നയിക്കുന്നതിലേക്കോ ചെന്നുപെടും. മനുഷ്യന്റെ ആത്മബോധം, ക്രിയാത്മകത, ചിന്താസ്വാതന്ത്ര്യം, ഇച്ഛാ ശക്തി എന്നിവയെ സൂചിപ്പിക്കുന്ന സൂക്തങ്ങളാണ് താഴെ.

'ഒരു ജനതയെ അവര്‍ സ്വയം മാറ്റാതെ അല്ലാഹു മാറ്റുകയില്ല' (അല്‍ റഅ്ദ് 11).

'സുരക്ഷിതവും സ്വസ്ഥവുമായ ഒരു പട്ടണത്തെ അല്ലാഹു ഒരു ഉദാഹരണമായിക്കൊണ്ട് എടുത്തുകാട്ടി.  എല്ലായിടത്ത് നിന്നും ആഹാര വസ്തുക്കള്‍ സുഭിക്ഷമായി അവിടെ എത്തുന്നു.  എന്നിട്ടും ആ പട്ടണം അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് നിഷേധ രൂപേണ പ്രതികരിച്ചു.  അങ്ങനെ അവരുടെ ചെയ്തികളുടെ ഫലമായി വിശപ്പിന്റെയും പേടിയുടെയും പുടവ അല്ലാഹു അവരെ അണിയിച്ചു. (അന്നഹല്‍ 112).

'അല്ലാഹു അവരോട് അനീതി കാണിക്കുകയല്ല, അവര്‍ തങ്ങളോട് തന്നെ അനീതി പ്രവര്‍ത്തിക്കുകയാണുണ്ടായത്.' (അല്‍ അങ്കബൂത്ത് 40).

'താങ്കളുടെ നാഥന്‍ തന്റെ ദാസരോട് അനീതി കാട്ടുന്നവനല്ല' (ഫുസ്വിലത്ത് 46);

'നാം അവനെ വഴികാട്ടിയിട്ടുണ്ട്, അവന് വേണമെങ്കില്‍ കൃതജ്ഞനാവാം. കൃതഘ്‌നനും ആവാം' (അല്‍ ഇന്‍സാന്‍: 3);

'വിശ്വസിക്കേണ്ടവര്‍ വിശ്വസിക്കട്ടെ, നിഷേധിക്കേണ്ടവര്‍ നിഷേധിക്കട്ടെ' (അല്‍ കഹ്ഫ് 29);

'മനുഷ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും നാശം വെളിപ്പെട്ടു' (അല്‍ റൂം 41);

'പരലോകത്തുള്ള കൃഷി ഉദ്ദേശിക്കുന്നവര്‍ക്ക് അവരുടെ കൃഷിയില്‍ നാം വിളവ് വര്‍ദ്ധിപ്പിച്ച് കൊടുക്കും. ഇഹ ലോകത്തേക്കുള്ള കൃഷി ഉദ്ദേശിക്കുന്നവര്‍ക്ക് ഇവിടെ വെച്ചുതന്നെ നാമത് നല്‍കും' (അശ്ശൂറ:20);

'ഐഹിക ജീവിതം ഉദ്ദേശിക്കുന്നു ആരെങ്കിലുമെങ്കില്‍ നാമുദ്ദേശിക്കുന്നവര്‍ക്ക് നാമുദ്ദേശിച്ചത് അതില്‍ വെച്ച് വേഗത്തില്‍ നാമങ്ങ് നല്‍കും.  പിന്നീട് നരകമാണ് അവര്‍ക്ക് നിഷ്ചയിക്കുക. അതില്‍ ആക്ഷേപിക്കപ്പെട്ടവരായും തിരസ്‌കൃതരായും കൊണ്ട് അവര്‍ പ്രവേശിക്കും. ആരെങ്കിലും പരലോകത്തെ ഉദ്ദേശിക്കുകയും വിശ്വസിച്ച് കൊണ്ട് അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ചെയ്യുകയുമാണെങ്കില്‍ അത്തരക്കാരുടെ ശ്രമങ്ങള്‍ തികച്ചും അഭിനന്ദനീയം. അവര്‍ക്കും ഇവര്‍ക്കും താങ്കളുടെ നാഥന്റെ സമ്മാനം പ്രദാനം ചെയ്യുന്നു. തടയപ്പെടുന്ന ഒന്നല്ല താങ്കളുടെ നാഥന്റെ സമ്മാനം' (അല്‍ ഇസ്‌റാഅ് 1820) 

ഈ രണ്ടു വിഭാഗം സൂക്തങ്ങളും പരസ്പരം സംയോജിപ്പിച്ചുകൊണ്ട് ചിന്തിച്ചാല്‍ വിധി വിഹിത വാദത്തെയും മനുഷ്യ സ്വാതന്ത്ര്യ വാദത്തെയും തമ്മില്‍ പൊരുത്തപ്പെടുത്തി കാണാനാവും.  മനുഷ്യന്‍ സ്വതന്ത്രനാണ്.  തന്നില്‍ അന്തര്‍ലീനമായ സാധ്യതകളെയും പ്രാപ്തികളെയും സ്വതന്ത്രമായി ഉപയോഗപ്പെടുത്താനും അവയുടെ പരമാവധിയോളം വളര്‍ത്തി വികസിപ്പിക്കാനും അവനെക്കൊണ്ടാകും.  ഇത് ഓരോ മനുഷ്യനും തന്റെ ജീവിതത്തില്‍ അനുഭവിക്കുന്നതായതിനാല്‍ അനിഷേധ്യമാണ്.  

അതേസമയം, ഈ സാധ്യതകളെയും പ്രാപ്തികളെയും ഉപയോഗപ്പെടുത്താന്‍ കഴിയേണ്ടതിന് അവന് അല്ലാഹുവിന്റെ വേണ്ടുകയെ ആശ്രയിക്കണം.  അല്ലാഹു നിശ്ചയിച്ചിട്ടുള്ള പരിധികളില്‍ എത്തിയാല്‍ അവിടെ നില്‍ക്കാനല്ലാതെ അതിനപ്പുറത്തേക്ക് നീങ്ങാന്‍ മനുഷ്യനെ പ്രാപ്തനാക്കാന്‍ ആരാലും സാധ്യമല്ല.  തന്നെ നിശ്ചലനാക്കിക്കളയുന്ന ആ പരിധികള്‍ എവിടെ വെച്ച് എപ്പോള്‍ തന്റെ മുന്നില്‍ വന്ന് ഭവിക്കുമെന്ന കാര്യം അവനജ്ഞാതമാണ്.  അതിനാല്‍ സ്വതന്ത്രനായിരിക്കുന്നതിന്റെ കൂടെതന്നെ ആശങ്കാകുലനും സംഭ്രമ ചിത്തനുമാണവന്‍.  ഭാവിയെ ലാക്കാക്കി തികഞ്ഞ ആസൂത്രണത്തോടു കൂടി തയ്യാറാക്കിയ പദ്ധതി മനസ്സമാധാനത്തോടു കൂടി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ ആകസ്മികമായെത്തുന്ന ഒരു ദൗര്‍ഭാഗ്യം എല്ലാം തകിടം മറിച്ചിടുന്നത് കാണാം. 

എന്തിനാണ്, എന്തുകൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നതെന്നുള്ളൊരു വിശദീകരണം തേടിയാല്‍ തികച്ചും അയുക്തികമായിരിക്കും അവന് കിട്ടുന്ന ഉത്തരങ്ങള്‍.  പ്രപഞ്ച വ്യവസ്ഥയെ ഒരേകകമായി ദര്‍ശിക്കുകയും അതിലെ വിവിധങ്ങളായ പരകോടി സംഭവങ്ങള്‍ക്കിടയില്‍ ബന്ധം കാണുകയും ആ ബന്ധത്തെ സര്‍വശക്തനും സര്‍വജ്ഞനുമായ അല്ലാഹുവുമായി അനുബന്ധിപ്പിക്കുകയും ചെയ്താല്‍ മാത്രമേ വിശദീകരണം യുക്തി പൂര്‍ണ്ണമായിരിക്കയുള്ളൂ. കാര്യകാരണതാ തത്വത്തില്‍ ദൗര്‍ഭാഗ്യവും സൗഭാഗ്യവുമില്ലാത്തതിനാല്‍ ഇത്തരം സംഭവങ്ങളുടെ പിന്നിലെ യുക്തി അതില്‍ പരതേണ്ടതില്ല.  യുക്തിമാനും നീതിമാനും സര്‍വജ്ഞനുമായ അല്ലാഹുവാണ് സംഭവങ്ങള്‍ക്കെല്ലാം പിന്നിലെന്ന വിശ്വാസത്തിനാണ് മനസ്സമാധാനം നല്‍കാന്‍ കഴിയുക.

ഇസ്‌ലാമിലെ വിധിവിഹിത വാദം യൂറോപ്പിലെ ക്രൈസ്തവ ചിന്തകര്‍ മുതല്‍ നമ്മുടെ നാട്ടിലെ യുക്തിവാദികള്‍ വരെയുള്ളവരുടെ കടുത്ത വിമര്‍ശനത്തിനും പരിഹാസത്തിനും വിധേയമായിട്ടുള്ളതാണ്.  വിധിവിഹിത വാദത്തിലുള്ള വിശ്വാസമാണ് മുസ്‌ലിംകളുടെ എല്ലാ അപചയത്തിനും കാരണമായി വര്‍ത്തിച്ചതെന്നുവരെ വാദിക്കപ്പെട്ടിട്ടുണ്ട്.  സ്വതന്ത്ര തിരഞ്ഞെടുപ്പിനുള്ള കഴിവിനെ നിഷേധിക്കുന്നതും നിസ്സഹായതാ ബോധമുണ്ടാക്കുന്നതും ക്രിയാത്മകതയെ ദുര്‍ബ്ബലപ്പെടുത്തുന്നതുമായ ഒരു വിശ്വാസമായി അവര്‍ അതിനെ വിലയിരുത്തിയതാണതിനു കാരണം. 

വാസ്തവത്തില്‍ മെറ്റീരിയലിസം, നാച്വറലിസം, എക്‌സിസ്റ്റന്‍ഷ്യലിസം, ഹിസ്റ്റേറിസം, സോഷ്യോളജിസം, ബയോളജിസം, മുതലായ പടിഞ്ഞാറന്‍ ചിന്താഗതികള്‍ മനുഷ്യനേല്‍പിച്ച മുരടിപ്പിനെയും നിസ്സഹായതാ ബോധത്തെയും നിഷ്‌ക്രിയത്വത്തെയും കുറിച്ചാണവര്‍ വേവലാതിപ്പെടേണ്ടിയിരുന്നത്.  മെറ്റീരിയലിസം (പദാര്‍ത്ഥവാദം) മനുഷ്യന്‍ കേവല പദാര്‍ത്ഥ സമുച്ഛയമാണെന്ന് വാദിക്കുക വഴി അവന്റെ ആത്മീയ വളര്‍ച്ചയെയും വികാസത്തെയും മുരടിപ്പിക്കുകയാണ് ചെയ്തത്.  നാച്വറലിസം (പ്രകൃതി വാദം) മനുഷ്യന്‍ പ്രകൃതിയുടെ സൃഷ്ടിയാണെന്നും പരമാര്‍ത്ഥമായ പ്രകൃതിയെ മറികടന്നുകൊണ്ടുള്ള ഒരു മുന്നേറ്റത്തിനും അവന് സാധ്യമല്ലെന്നും വാദിച്ച് അവന്റെ പ്രകൃത്യാതീതമായ പുരോഗതിയെ തടസ്സപ്പെടുത്തി.  എക്‌സിസ്റ്റന്‍ഷ്യലിസം (അസ്തിത്വ വാദം) മനുഷ്യനെ അവന്റെ സത്തയെ കണ്ടത്താന്‍ സഹായിക്കുന്നുണ്ടെങ്കിലും അതിനപ്പുറം അവനിലെ ആത്മീയ സിദ്ധികള്‍ക്കനുസൃതം അവനെ വളരാന്‍ അനുവദിക്കുന്നില്ല. ഹിസ്റ്റോറിസിസം (ചരിത്ര വാദം) മനുഷ്യന്റെ ഭാഗധേയം ചരിത്രമാണ് നിര്‍ണ്ണയിക്കുന്നതെന്ന് വാദിക്കുക നിമിത്തം ഇച്ഛാ പൂര്‍വ്വകമായ വളര്‍ച്ച അവന് തടയുകയാണ് ചെയ്തത്.  സോഷ്യോളജിസം (സാമൂഹിക വാദം) മനുഷ്യന്‍ തന്റെ ഏതൊരു ഗുണവും സ്വഭാവവും നേട്ടവും സമൂഹത്തില്‍ നിന്നാര്‍ജ്ജിച്ചതാണെന്നു വാദിച്ച് സമൂഹത്തിന്റെ മുമ്പില്‍ അവനെ ഒന്നുമല്ലാതാക്കിയിരിക്കുകയാണ്.  

ശാരീരികമായ അവസ്ഥകളും പ്രത്യേകതകളുമാണ് മനുഷ്യന്റെ മാനസികാവസ്ഥകളെയും സ്വഭാവങ്ങളെയും നിര്‍ണ്ണയിക്കുകയെന്ന് വാദിക്കുക വഴി സ്വതന്ത്രമായ ആത്മബോധമുള്ള അസ്തിത്വമെന്ന ഉന്നതമായ നിലയില്‍ നിന്നവനെ താഴ്ത്തുകയാണ് ബയോളജിസിസം (ജീവശാസ്ത്ര വാദം) ചെയ്തത്.

  ക്രൈസ്തവരാകട്ടെ, ആദി മനുഷ്യന്‍ പാപം ചെയ്തിരിക്കയാല്‍ മനുഷ്യ രാശി ഒന്നടങ്കം പാപികളായി ജനിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു (ശപിക്കപ്പെട്ടിരിക്കുന്നു) വെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാല്‍ അപമാനകരമായ ഒരു ഭാരമാണവന്റെ തലയില്‍ കയറ്റി വെച്ചിരിക്കുന്നത്.  

ചുരുക്കത്തില്‍ പടിഞ്ഞാറ് സ്വാധീനം ചെലുത്തിയ മേല്‍പറഞ്ഞ ചിന്താഗതികളത്രയും ഒരു തരത്തില്‍ പൂര്‍വനിര്‍ണയവാദപരമാണ്.  മദ്ധ്യകാല നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ വളരെ ജനപ്രിയമുള്ള ഒരാശയമായിരുന്നുവത്രെ മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന ക്രിസ്ത്യന്‍ വിധിവാദം.  നവോത്ഥാന കാലഘട്ടത്തിലാണത് നിഷ്പ്രഭമായത്. 

ഹൈന്ദവര്‍ക്കിടയിലും വിധിവാദം (ഭവിതവൃത) വളരെയേറെ പ്രചരിച്ചിട്ടുള്ള ഒരു സിദ്ധാന്തമാണ്.  'സ്വസ്ഥാസ്തിഷ്ഠത ദൈവമേ വഗ്രിപരംവൃദ്ധൗക്ഷയെ കാരണം (സ്വസ്ഥമായിരിപ്പിന്‍ എന്തുകൊണ്ടെന്നാല്‍ ദൈവം തന്നെ മനുഷ്യര്‍ക്കു വൃദ്ധിക്കും ക്ഷയത്തിനും കാരണം) എന്ന ഭര്‍തൃഹരി കാവ്യവും ദൈവമേവ പരംമഹെധികേ പൗരുഷമനര്‍ത്ഥകം (ദൈവം തന്നെ പ്രധാനം പൗരുഷ പ്രയത്‌നം നിന്ദ്യം, ആപത്ത്) എന്ന് ദേവീ ഭാഗവദത്തില്‍ പറയുന്നതുമെല്ലാം ഇതിനു പ്രമാണങ്ങളാണ്.  ഗീത കര്‍മ്മത്തെയാണ് നിഷ്‌ക്രിയത്വത്തെയല്ല പഠിപ്പിക്കുന്നത്.  എന്നാല്‍ അത്യന്തം പ്രതിലോമപരവും ആപല്‍ക്കരവുമായ മുന്‍വിധി സങ്കല്‍പമത്രെ ചതുര്‍വര്‍ണ്യ സിദ്ധാന്തം.

ഇസ്‌ലാമിലെ വിധിവിഹിത വാദത്തെ (ഖളാ ഖദ്‌റ് വിശ്വാസം) ഇതില്‍ നിന്നെല്ലാം വേറിട്ടുള്ള ഒന്നായി ഗ്രഹിക്കേണ്ടതിന് മുകളില്‍ ഉദ്ധരിച്ച രണ്ടു വിഭാഗം ഖുര്‍ആന്‍ സൂക്തങ്ങളുടെ സംയോജനം സഹായിക്കുന്നതാണ്.  അല്ലാഹുവിന്റെ ഗുണങ്ങളുടെ സംവാഹകനായ ഖലീഫയും അവനേല്‍പിച്ച ഉത്തരവാദിത്തങ്ങളുടെ നിര്‍വാഹകനായ കാര്യസ്ഥനും (അമീന്‍) അവന്റെ മഹത്വം മനസ്സിലാക്കുന്ന അടിമയു (അബ്ദ്) മായിട്ടാണ് ഇസ്‌ലാം മനുഷ്യനെ കാണുന്നതെന്ന് ആദ്യം ഗ്രഹിച്ചിരിക്കണം.  മനുഷ്യന്‍ എത്രയും സ്വതന്ത്രനായിരിക്കണമെന്നാണിതെല്ലാം ആവശ്യപ്പെടുന്നത്. 

അല്ലാഹുവിന്റെ മുന്നില്‍ അടിമയും ആശ്രിതനും നിസ്സഹായനുമൊക്കെയാണവനെന്നത് ശരി.  പക്ഷേ അല്ലാഹുവിങ്കല്‍ നിന്ന് തനിക്ക് സിദ്ധിച്ച കഴിവുകള്‍ അവന്റെ മുമ്പില്‍ വെച്ച് പ്രയോഗിച്ച് തെളിയിച്ച് കാണിക്കുന്നവന്‍ കൂടിയാണവന്‍.  മഹാകവി അല്ലാമാ ഇഖ്ബാല്‍ മനുഷ്യനെകൊണ്ട് അല്ലാഹുവിനോട് സംസാരിപ്പിക്കുന്നത് കാണുക: 'നീ രാത്രിയെ സൃഷ്ടിച്ചു, ഞാനപ്പോള്‍ വിളക്കുണ്ടാക്കി.  നീ മണ്ണ് സൃഷ്ടിച്ചു ഞാനതില്‍ നിന്ന് പാത്രങ്ങളുണ്ടാക്കി.  മലയും മരുഭൂമിയും താഴ്‌വരയും നിന്റെ സൃഷ്ടി.  പൂമെത്തയും പൂങ്കാവനവും പുല്‍ത്തകിടിയുമാകട്ടെ എന്റേതും.  കല്ല് പൊട്ടിച്ച് കണ്ണാടിയാക്കുന്നതും വിഷം മദ്യ ചഷകമാക്കുന്നതും ഞാനല്ലോ'

ഇങ്ങനെയെല്ലാമായതിന്റെ കൂടെ തന്നെ തന്റെ അസ്തിത്വത്തിനു തന്നെ അല്ലാഹുവിനോട് കടപ്പെട്ടവനാണ് മനുഷ്യന്‍.  അല്ലാഹു താന്‍ വിചാരിച്ചത് പോലെ രൂപപ്പെടുത്തിയതാണവനെ.  അവന്‍ ആയിരിക്കുന്ന ആകൃതിയും അവസ്ഥയും അല്ലാഹുവിന്റെ വകയാണ്.  എന്നാല്‍ അവന്‍ ആയിത്തീരേണ്ട അവസ്ഥ സ്വന്തം തീരുമാനവും തെരഞ്ഞെടുപ്പും വഴി  അവനാണ് നിര്‍ണയിക്കേണ്ടത്.  അതിനും അവന് അല്ലാഹുവിന്റെ സഹായം ആവശ്യമാണ്.  അതിനായി നന്മയുടെ മാര്‍ഗവും തിന്മയുടെ മാര്‍ഗവും മനുഷ്യന്റെ മുന്നില്‍ തുറന്നുകൊടുക്കുന്നതിനോടൊപ്പം നന്മയുടെ മാര്‍ഗ്ഗം ഇന്നതെന്ന് വ്യക്തമാക്കിക്കൊടുക്കുക കൂടി ചെയ്തിട്ടുണ്ട്.  എങ്കിലും നന്മയുടെ മാര്‍ഗത്തില്‍ എത്തിച്ചേരാനും അതില്‍ക്കൂടി മുന്നോട്ട് സഞ്ചരിക്കാനും കഴിയേണ്ടതിന് അല്ലാഹുവിന്റെ കൃപയോടും സഹായത്തോടും മാത്രമേ കഴിയൂ എന്നതിനാല്‍ മനുഷ്യന്‍ അതിനായി അവനോട് ഇരക്കണം. 'ഞങ്ങളെ നേര്‍മാര്‍ഗത്തിലൂടെ നയിക്കണേ' എന്ന് അതുകൊണ്ടാണ് മനുഷ്യന്‍ പ്രാര്‍ത്തിക്കേണ്ടിയിരിക്കുന്നത്.

വിധിവിഹിത വാദത്തിന്റെ ഒരേകദേശ വിവരണം ഇതിന്റെ വെളിച്ചത്തില്‍ വേണം മനസ്സിലാക്കാന്‍. ഇസ്‌ലാമിന്റെ വിശ്വാസ സംഹിതയിലെ ആറാമത്തേതായ ഖളാഅ് ഖദ്‌റിലുള്ള വിശ്വാസത്തെ ശരിയാം വിധം ഗ്രഹിക്കേണ്ടതെന്നതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. അജ്ഞാതവും വിവരിക്കുക സാധ്യമല്ലാത്തതുമായ ഒട്ടേറെ മേഖലകള്‍ ഈ വിഷയത്തിനുണ്ട്.

യുക്തിവാദപരമായ സമീപനം വഴി ആ മേഖലകള്‍ കൂടുതല്‍ അഗമ്യമായിട്ടാണ് തീരുക.  ഒരു വിശ്വാസിയുടെ മതാനുഭൂതിയാണ് അവയെ ശരിവെക്കുക.  എല്ലാം അല്ലാഹുവില്‍ നിന്നാകുന്നു എന്നു കേട്ടാല്‍ മതി, ഒരു വിശ്വാസിക്ക് താനനുഭവിക്കുന്ന വേദനക്കും കഷ്ടതക്കും ന്യായീകരണമായി.  വിശ്വാസം നല്‍കുന്ന ആ അനൂഭൂതിയെ ആ നിലക്ക് ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്ന നിഷേധിയെ ഇതാരു വിചാരിച്ചാലും ബോധ്യമാക്കാനാവില്ലെന്നത് നിശ്ചയം.  

ദൈവേച്ഛയുടെ യുക്തി കണ്ടെത്താന്‍ കഴിയാതിരിക്കുന്നേടത്തോളം കാലം മനുഷ്യന് അജ്ഞാതമായിട്ടു തന്നെയിരിക്കുന്നതാണ് വിധിയുടെ രഹസ്യങ്ങള്‍.  മറ്റൊരു കാര്യം യുക്തിവാദവും അനുഭൂതി ബോധവുമാണെന്നുള്ളതാണ്.  അതിനാല്‍ യുക്തിക്ക് ഭാഷ വേണം.  ഭാഷയാകട്ടെ അപര്യാപ്തതകള്‍ നിറഞ്ഞതാണ്.  അനുഭൂതി വാക്കുകള്‍ക്കതീതമായിരിക്കും പലപ്പോഴുമത്.

വിധിവിഹിത വാദത്തിലുള്ള വിസ്വാസത്തിന്റെ അഭാവത്തില്‍ അല്ലാഹുവിലുള്ള വിശ്വാസം തന്നെ അപൂര്‍ണ്ണമായിരിക്കും. ലോകത്തിലെ പല സംഭവങ്ങള്‍ക്കും നിമിത്തമോ വ്യാഖ്യാനമോ കാണാനാകാതെ ഉഴലേണ്ടി വരികയും ചെയ്യും.  എന്നാല്‍ അല്ലാഹുവിനെ അറിഞ്ഞും ഓര്‍ത്തും അവന്റെ വിധിയില്‍ അത് തനിക്ക് അനുകൂലമായാലും എതിരായാലും സംതൃപ്തി പൂണ്ട് ഇരിക്കാന്‍ കഴിയുക ആദ്ധ്യാത്മികമായി ഏറെ ഔന്നത്യം ആര്‍ജ്ജിച്ചിട്ടുള്ള വ്യക്തികള്‍ക്കാണ്.

 'നഫ്‌സ് മുത്മഇന്ന' എന്ന സാങ്കേതിക സംജ്ഞയില്‍ വിളിക്കപ്പെടുന്ന പ്രശാന്തമായ മനസ്സിന്റെ ഉടമകളാണവര്‍. കഷ്ടപ്പാടുകളിലും യാതനകളിലും ക്ഷമ കൈകൊള്ളുകയാണ് പൊതുവേ വിശ്വാസികളുടെ സ്വഭാവം. എന്നാല്‍ കഷ്ടതയും യാതനയും സസന്തോഷം ഏറ്റുവാങ്ങുകയെന്നതാണിത്തരക്കാരുടെ കാര്യത്തില്‍ സംഭവിക്കുന്നത്.  എങ്കിലും ദുര്‍വിധി വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാവുന്നതാണെന്ന് പ്രമാണങ്ങളില്‍ നിന്ന് ഗ്രഹിക്കാം.  'നീ എന്റെ അളവില്‍ എനിക്ക് ദോശകരമായ വല്ലതും വിധിച്ചുവച്ചിട്ടുണ്ടെങ്കില്‍ നീ തന്നെ അതില്‍ നിന്ന് എന്നെ കാത്ത് രക്ഷിക്കണമേ' എന്ന പ്രഭാത നമസ്‌കാരത്തിലെ ഖുനൂത്ത് പ്രാര്‍ത്ഥന ഒരുദാഹരണമാതണിതിന്.  ആപത്ത് വരാതിരിക്കാനുള്ള മുന്‍കരുതലാണ് പ്രാര്‍ത്ഥന. വന്നാല്‍ ക്ഷമിച്ച് സംതൃപ്തിയോടെയിരിക്കല്‍ വിശ്വാസ ദാര്‍ഢ്യതയുടെ ഫലവും.