നമ്മുടെ വെള്ളിയാഴ്ചകള്‍ എങ്ങനെ സുകൃതപൂര്‍ണമാക്കാം?

മന്‍സൂര്‍ ഹുദവി കളനാട്

10 November, 2017

+ -
image

നബി (സ്വ) പറയുന്നു: 'സൂര്യദിക്കുന്ന ദിവസങ്ങളില്‍ വെച്ച് ഏറ്റവും മഹത്തരമായത് വെള്ളിയാഴ്ച ദിവസമാണ് ' (ഹദീസ്).

നന്മകള്‍ ചെയ്തും, വിജ്ഞാനങ്ങള്‍ നുകര്‍ന്നും, നിസ്‌ക്കാരങ്ങള്‍ നിര്‍വ്വഹിച്ചും വെള്ളിയാഴ്ച ദിവസം അല്ലാഹുവിലേക്ക് അടുക്കണം. പ്രാര്‍ത്ഥിച്ചും, ദിക്‌റുകള്‍ ചൊല്ലിയും, ഖുര്‍ആന്‍ പാരായണം ചെയ്തും ഈ ശ്രേഷ്ഠ ദിനം മുതലെടുക്കണം. അങ്ങനെ വെള്ളിയാഴ്ചയുടെ രാവും പകലും സുകൃതപൂര്‍ണമാക്കണമെന്ന വിളംബരമാണ് മേല്‍ഹദീസ്.

വെള്ളിയാഴ്ച ദിവസമാണ് രാജാവാണ്. ദിവസങ്ങളില്‍ അല്ലാഹുവിങ്കല്‍ ശ്രേഷ്ഠമായതും ഈ ദിനം തന്നെയെന്ന് പ്രവാചകര്‍ (സ്വ) സവിസ്തരം വ്യക്തമാക്കിയതുമാണ്. ജീവിതത്തില്‍ ഒരുപാട് വെള്ളിയാഴ്ചകള്‍ നല്‍കിയനുഗ്രഹിച്ച നാഥന് സര്‍വ്വസ്തുതിയുമര്‍പ്പിക്കാം. അല്‍ഹംദുലില്ലാഹ്.....

വെള്ളിയാഴ്ച ചെയ്യുന്ന പുണ്യകര്‍മ്മങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠവും അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളത് പ്രവാചകര്‍ നബി (സ്വ) തങ്ങളുടെ മേലുള്ള സ്വലാത്താണ്. നബി (സ്വ) പറയുന്നു: നിങ്ങള്‍ വെള്ളിയാഴ്ച രാത്രിയും പകലും എന്റെ മേലില്‍ സ്വലാത്തുകള്‍ അധികരിപ്പിക്കുക. ഒരുത്തന്‍ 'എന്റെ മേലില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍  അല്ലാഹു അവനിക്ക് വേണ്ടി പത്ത് സ്വലാത്തുകള്‍ ചൊല്ലുന്നതായിരിക്കും' (ഹദീസ്).

വെള്ളിയാഴ്ചയുടെ രാപകല്‍ ഭേദമന്യെ സ്വലാത്തുകള്‍ അധികരിപ്പിക്കല്‍ വിശ്വാസികള്‍ക്ക് പ്രത്യേക സുന്നത്തുള്ള കാര്യമാണ്. ബന്ധുമിത്രാദികളെ അക്കാര്യം ഉണര്‍ത്തുകയും പ്രചോദിപ്പിക്കുകയും വേണം. ഒരിക്കല്‍ നബി (സ്വ) പറഞ്ഞു: 'ദിവസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് വെള്ളിയാഴ്ച ദിവസമാണ്. ആ ദിവസം നിങ്ങള്‍ എന്റെ മേലില്‍ സ്വലാത്തുകള്‍ അധികരിപ്പിക്കണം. തീര്‍ച്ചയായും നിങ്ങളുടെ സ്വലാത്തുകള്‍ എനിക്ക് വെളിവാകുന്നതാണ്'. അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു : 'അതെങ്ങനെയാണ് നബിയേ.. സ്വലാത്തുകള്‍ അങ്ങക്ക് വെളിവാകുന്നത് ?' നബി (സ്വ) പറഞ്ഞു: 'നിശ്ചയം അല്ലാഹു ഭൂമിക്ക് നബിമാരുടെ ശരീരം നിഷിദ്ധമാക്കിയിട്ടുണ്ട' (ഹദീസ്).

മഹാന്മാര്‍ പറയുന്നുണ്ട്: 'ദിവസങ്ങളുടെ നേതാവെന്ന നിലക്ക് വെള്ളിയാഴ്ച ശ്രേഷ്ഠമാണ്. നബി (സ്വ) മനുഷ്യകുലത്തിന്റെ നേതാവാണ്. അത് കൊണ്ട് തന്നെ ആ ദിവസം ആ നബി(സ്വ)ക്ക് സ്വലാത്ത് ചൊല്ലല്‍ മറ്റൊരു ദിവസത്തിനുമില്ലാത്ത വിധം അതിപ്രാധാന്യമുണ്ട്'

അല്ലാഹു പറയുന്നു: 'സൂര്യന്‍ ആകാശമധ്യത്തില്‍ നിന്ന് തെറ്റിയത് മുതല്‍ രാത്രി ഇരുട്ടുന്നത് വരെ നീ നിസ്‌ക്കാരം മുറപോലെ നിര്‍വ്വഹിക്കുക, ഖുര്‍ആന്‍ പാരായണം ചെയ്തുക്കൊണ്ടുള്ള പ്രഭാത നിസക്കാരവും നിര്‍വ്വഹിക്കുക. തീര്‍ച്ചയായും പ്രഭാത നിസ്‌ക്കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു' (ഖുര്‍ആന്‍, സൂറത്തുല്‍ ഇസ്‌റാഅ് 78). വിശ്വാസിയുടെ ഒരു ദിവസം തുടങ്ങുന്നത് ജമാഅത്തായുള്ള സുബ്ഹ് നിസ്‌ക്കാരം കൊണ്ടായിരിക്കണം. അത് വെള്ളിയാഴ്ചയാവുമ്പോള്‍ മഹത്വവും പ്രതിഫലവും ഇരട്ടിയാവും. നബി (സ്വ) പറയുന്നു: 'അല്ലാഹുവിന്‍െയടുക്കല്‍ ഏറ്റവും ശ്രേഷ്ഠമായ നിസ്‌ക്കാരം വെള്ളിയാഴ്ച ദിവസത്തിലെ ജമാഅത്തായുള്ള സുബ്ഹ് നിസ്‌ക്കാരമാണ്' (ഹദീസ്). സുബ്ഹ് നിസ്‌ക്കാരാനന്തരം ദിക്‌റുകള്‍ ചൊല്ലലും ഖുര്‍ആന്‍ പാരായണം ചെയ്യലും സുന്നത്തുള്ളതാണ്. കഹ്ഫ് സൂറത്ത് പാരായണം ചെയ്യല്‍ പ്രത്യേകം സുന്നത്തുണ്ട്. ഒരുപാട് അര്‍ത്ഥഗര്‍ഭ സാരങ്ങളും ഗുണപാഠങ്ങളുമുള്ള സൂറത്താണത്. അതുകൊണ്ട് വെള്ളിയാഴ്ചയിലെ പാരായണം കൂടുതല്‍ പ്രതിഫലാര്‍ഹമാണ്. നബി (സ്വ) പറയുന്നു: 'ഒരുത്തന്‍ വെള്ളിയാഴ്ച സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്താല്‍ രണ്ട് വെള്ളിയാഴ്ചകള്‍ക്കിടയില്‍ അവനിക്ക് ഒരു പ്രകാശം ഉണ്ടായിരിക്കുന്നതാണ്' (ഹദീസ്).

വിശ്വാസി വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കാരത്തിനായി പ്രത്യേകം ഒരുങ്ങണം. നിര്‍ബന്ധാരാധനയായ ജുമുഅ വിശ്വാസികളുടെ സംഗമകര്‍മ്മമാണ്. ജുമുഅക്കായി പ്രത്യേകം കുളിക്കുകയും സുഗന്ധം പൂശുകയും നല്ല വസ്ത്രം ധരിക്കുകയും വേണം. നബി (സ്വ) പറയുന്നു: 'ഒരുത്തന്‍ വെള്ളിയാഴ്ച നന്നായി കുളിക്കുകയും എണ്ണ തേക്കുകയോ സുഗന്ധം പൂശുകയോ ചെയ്ത് രണ്ട് പേര്‍ക്കിടയില്‍ വിട്ടുപിരിക്കാതിരിക്കുകയും (രണ്ട് പേരുടെ ഇടയില്‍ ഇരിക്കുകയോ, ഇടയിലൂടെ ചവിട്ടടി വെച്ച് നടക്കാതിരിക്കുകയും) ചെയ്താല്‍ അവന്റെ രണ്ട് വെള്ളിയാഴ്ചകള്‍ക്കിടയിലുള്ള പാപങ്ങള്‍ക്ക് അല്ലാഹു പ്രായശ്ചിത്തം നല്‍കുന്നതായിരിക്കും' (ഹദീസ്).

മസ്ജിദിലേക്ക് ഭംഗിയോടെ പോവലാണ് വിശ്വാസിക്ക് അഭികാമ്യം. അല്ലാഹു പറയുന്നു: 'ആദം സന്തതികളേ... എല്ലാ ആരാധനാവേളകളിലും നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക' (ഖുര്‍ആന്‍, സൂറത്തുല്‍ അഹ്‌റാഫ് 31). പ്രത്യേകിച്ച് വെള്ളിയാഴ്ച ജുമുഅക്കായി വൃത്തിയോടെയും വെടിപ്പോടെയും നല്ല വസ്ത്രം ധരിച്ച് പുറപ്പെടണം. കാരണം മനുഷ്യര്‍ക്കിടിയില്‍ മലക്കുകളും ദിക്‌റുകള്‍ കേട്ടിരിക്കുന്നുണ്ടായിരിക്കും. നബി (സ്വ) അരുളുന്നു: 'വെള്ളിയാഴ്ചയായാല്‍ മലക്കുകള്‍ പള്ളിവാതില്‍ക്കല്‍ വന്ന് എഴുതും ആരാണ് ആദ്യം വരുന്നത്, പിന്നെ ആരാണ് വരുന്നത്. അങ്ങനെ ഇമാം ഇരുന്നാല്‍ അവര്‍ ഏടുകള്‍ മടക്കിവെച്ച് ദിക്‌റുകള്‍ കേള്‍ക്കാനിരിക്കും' (ഹദീസ്).

ജുമുഅ നിസ്‌ക്കാരത്തിന് പള്ളിയിലേക്ക് നേരത്തെ പുറപ്പെടണം. ഖുര്‍ആനില്‍ വ്യക്തമാക്കുന്നുണ്ട്: 'സത്യവിശ്വാസികളേ.. വെള്ളിയാഴ്ച നിസ്‌ക്കാരത്തിന് വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍' (ഖുര്‍ആന്‍, സൂറത്തുല്‍ ജുമുഅ 9).

വെള്ളിയാഴ്ച പള്ളിയിലേക്കുള്ള ചവിട്ടടി അധികരിപ്പിക്കല്‍ പ്രത്യേകം പുണ്യകരമാണ്. ഓരോ ചവിട്ടടിക്കും ഒരു വര്‍ഷം മുഴുവന്‍ വ്രതമനുഷ്ഠിച്ചതിന്റെയും നിസ്‌ക്കരിച്ചതിന്റെയും പ്രതിഫലമുണ്ടെന്ന് നബി (സ്വ) പഠിപ്പിക്കുന്നു. പള്ളിയില്‍ ചെന്നാല്‍ ആദ്യ നിരയില്‍ ഖതീബിനോട് അടുത്ത് സ്ഥാനമുറപ്പിക്കണം. ആദ്യ നിര കിട്ടിയിട്ടില്ലെങ്കില്‍ അതിനോട് അടുത്ത നിരയില്‍ ഇരിക്കണം. മുന്നില്‍ ഒഴിവുണ്ടായിരിക്കെ പിന്നിലെ നിരയില്‍ ഇരിക്കരുത്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുനന രീതിയില്‍ പിരടികള്‍ക്കിടിയിലൂടെ ചവിട്ടടിവെച്ച് നീങ്ങരുത്. ഒരു വെള്ളിയാഴ്ച നബി (സ്വ) ഖുത്ബ ഓതുകയായിരുന്നു. അന്നേരം ഒരാള്‍ ആള്‍ക്കാരുടെ പിരടികള്‍ക്കിടയിലൂടെ കടന്നുവന്നു. ഇതുകണ്ട നബി (സ്വ) പറഞ്ഞു: 'ഇരിക്കുക, തീര്‍ച്ചയായും താങ്കല്‍ ആള്‍ക്കാരെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്'(ഹദീസ്).

മസ്ജിദിന്റെ മഹത്വം ഗൗനിക്കുന്നതോടൊപ്പം ഖുത്ബയും മാനിക്കണം. നിശബ്ദനായി ഖുത്ബ ശ്രദ്ധിച്ചുകേള്‍ക്കണം. ബാഹ്യസംസാരങ്ങളില്‍ നിന്നും മൊബൈല്‍ ഉപയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കണം. നബി (സ്വ) പറയുന്നു: 'ഖതീബ് ഖുത്ബ ഓതുന്ന സമയം ഒരുത്തന്‍ മറ്റൊരുത്തനോട് നീ നിശബ്ദനാവുക എന്ന് പറഞ്ഞാല്‍ നിശ്ചയം അവന്റെ ജുമുഅ പാഴാവും' (ഹദീസ്). മസ്ജിദില്‍ വരുമ്പോള്‍ കുട്ടികളെ കൂട്ടുകയാണെങ്കില്‍ അച്ചടക്കത്തിലും ഒതുക്കത്തിലും ഇരിക്കാന്‍ പഠിപ്പിക്കണം. 

വെള്ളിയാഴ്ച വിശ്വാസിയുടെ ആഴ്ചപ്പെരുന്നാളാണ്. മേല്‍ വിശദീകരിക്കപ്പെട്ടപ്രകാരം സല്‍ക്കര്‍മ്മങ്ങള്‍ ചെയ്ത് അതിനെ മുതലെടുക്കണം. കുടുംബക്കാരും കൂട്ടുകാരും അയല്‍വാസികളുമായി ബന്ധങ്ങള്‍ സുദൃഢമാക്കണം. വീട്ടുകാരോടും ഭാര്യയോടും മക്കളോടും നല്ലനിലക്ക് സമ്പര്‍ക്കം പുലര്‍ത്തണം. അവരോട് നന്മ പറയുകയും പഠിപ്പിക്കുകയും ചെയ്യുക. ഉപദേശിക്കുകയും വേണം. ഉപദേശം വിശ്വാസികള്‍ക്ക് ഉപകരിക്കും.

വെള്ളിയാഴ്ച ദിവസം പ്രാര്‍ത്ഥന അധികരിപ്പിക്കണമെന്ന് പ്രവാചകര്‍ (സ്വ) പഠിപ്പിക്കുന്നു: 'വെള്ളിയാഴ്ച ഒരു സമയമുണ്ട്. ആ സമയത്ത് ഒരു വിശ്വാസി അല്ലാഹുവിനോട് നന്മ ചോദിച്ചാല്‍ അവനിക്ക് ്അല്ലാഹു അത് നല്‍കിയിരിക്കും' (ഹദീസ്). അസ്‌റിന് ശേഷം അവസാനസമയം ചോദിക്കണമെന്ന് നബി (സ്വ) നിര്‍ശേദിക്കുന്നുണ്ട്. 

സ്വന്തത്തിനും വീട്ടുകാര്‍ക്കും, നാടിനും നാട്ടുകാര്‍ക്കും നന്മ മാത്രം ഭവിക്കാന്‍ നമ്മുക്ക് പ്രാര്‍ത്ഥിക്കാം.