ജ്ഞാനവും പ്രണയവും

സിദ്ദീഖ് മുഹമ്മദ്

09 January, 2018

+ -
image

'അങ്ങ് സദാ പ്രണയത്തെക്കുറിച്ചും (ഇശ്ഖ്) ജ്ഞാനത്തെക്കുറിച്ചും (മഅരിഫത്ത്) സംസാരിക്കുന്നു.

യഥാര്‍ത്ഥത്തില്‍, ജ്ഞാനമാണോ പ്രണയമാണോ കൂടുതല്‍ വിശിഷ്ടമായത്?

മേന്മയേറിയത് പ്രണയമോ അതോ ജ്ഞാനമോ?'

ഒരു ആത്മാന്വേഷി മൗലായോട് ചോദിച്ചു.

'ആധ്യാത്മവഴിയില്‍ നിരവധി പേരെ സംശയത്തിലാക്കിയ ചോദ്യമാണിത്.

ഓരോരുത്തരും അവരുടെ ആഭിമുഖ്യത്തിനനുസരിച്ച് ഉത്തരം കണ്ടെത്തുകയാണു പതിവ്.'

മൗലാ മറുപടി പറഞ്ഞു തുടങ്ങി:

'കാല്‍ നൂറ്റാണ്ട് മുന്‍പ് ഒരു സൂഫീയോട് ബുദ്ധിജീവിയായ സുഹൃത്ത് ഇതേ ചോദ്യം ചോദിച്ചു.

സൂഫിയുടെ മുറിയില്‍ രാത്രി സംവാദങ്ങള്‍ക്കൊടുവിലായിരുന്നു ഈ വിഷയം ചര്‍ച്ചയായത്.

സൂഫി പ്രണയത്തിന്റെ പക്ഷത്തും ബുദ്ധിജീവി ജ്ഞാനത്തിന്റെ പക്ഷത്തും നിന്ന് ദീര്‍ഘമായി വാദിച്ചു.

ഒടുവില്‍, എന്നത്തേയും പോലെ, പഴയ ഹിന്ദി ഗാനങ്ങളുടെ കാസറ്റ് വെച്ച് അവര്‍ ഉറങ്ങാന്‍ കിടന്നു.

സൂഫി വേഗം ഉറങ്ങി.

ഈ വിഷയം തന്നെ ചിന്തിച്ച് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണു ബുദ്ധിജീവി.

പൊടുന്നനെ, ടേപ് റെക്കോര്‍ഡറില്‍ കാസറ്റ് കുടുങ്ങി ഒരു വരി ആവര്‍ത്തിച്ച് പാടിക്കൊണ്ടേയിരിക്കുന്നു.

ഒരു വെളിപാടു പോലെ ആ വരി കേട്ട ബുദ്ധിജീവി സ്വസ്ഥനായി കിടന്നുറങ്ങി.

ഇങ്ങനെയായിരുന്നു ആ വരി:

'മുഹബ്ബത് കെ സിവാ കുച്ച് ഭീ നഹീം.. '

-പ്രണയമല്ലാതില്ല മറ്റൊന്നുമീ ഉലകില്‍..'

ഇത്രയും പറഞ്ഞു നിര്‍ത്തിയ മൗലാ, സ്വല്‍പ്പ നേരത്തെ മൗനത്തിനു ശേഷം തുടര്‍ന്നു:

'ജ്ഞാനം പ്രണയം തന്നെയാണു; അല്ലെങ്കില്‍, പ്രണയമില്ലാത്ത ജ്ഞാനം, ജ്ഞാനമേ (മഅരിഫത്ത്) ആകുന്നില്ല.

നമ്മുടെ മാര്‍ഗ്ഗത്തില്‍, പ്രണയമെന്നത്  (ഇശ്ഖ്), അനശ്വര പ്രകാശത്തില്‍ (നൂറുന്‍ അലാ നൂര്‍) നിന്നുള്ള അപാരമായ കൃപയുടെ (റഹ്മത്ത്) ഹൃദയാനുഭവമാണു.

ആ പ്രകാശം ( നൂര്‍) കൃപയായി  (റഹ്മത്ത്) വെളിപ്പെടുമ്പോഴുള്ള അഭിവാന്‍ഛയും (Longing) ആനന്ദവുമാണു (Ecstasy ) പ്രണയം.

യഥാര്‍ത്ഥത്തില്‍, പ്രണയമില്ലാത്ത വൈജ്ഞാനികതയില്‍, വിവരവും (Information ) അറിവും (Knowledge) ശാസ്ത്രവും (Science ) തത്ത്വശാസ്ത്രവും (Philosophy ) എല്ലാമുണ്ടാവാം.

എന്നാല്‍, അത് ജ്ഞാനമാകുന്നത് (Wisdom & Gnosis), പ്രണയം നിറഞ്ഞ് കൃപയും പ്രകാശവുമായി വിളങ്ങുമ്പോഴാണു.'

പിന്നീട് മൗലാ ഇതുകൂടി ചേര്‍ത്തുപറഞ്ഞു:

'എന്നാല്‍, സ്വന്തം അജ്ഞതയെ മറച്ചുവെക്കാന്‍ ജ്ഞാനത്തെ നിഷേധിച്ചുകൊണ്ട്, തങ്ങള്‍ക്ക് പ്രണയം മാത്രമേ അറിയൂ എന്നു പറഞ്ഞൊഴിയുന്ന അവിദ്യയുടെ ആളുകളെ ആത്മവിദ്യ അനുഭവിച്ചിട്ടില്ലെന്നു തിരിച്ചറിഞ്ഞ് വെറുതെവിടാം.

കാരണം, യഥാര്‍ത്ഥ പ്രണയികളാണു (ആശിഖ്) ആത്മജ്ഞാനം സംവഹിക്കുന്നവര്‍.

ജ്ഞാനനിഷേധികള്‍ക്ക് യഥാര്‍ത്ഥത്തില്‍ പ്രണയമോ ജ്ഞാനമോ ഇല്ല.

ആത്മാന്വേഷികളുടെ ഇരു ചിറകുകളാണു പ്രണയവും ജ്ഞാനവും.

ഒറ്റച്ചിറകുമായി പക്ഷികള്‍ പിറക്കാറില്ല; പറക്കാറുമില്ല.'

ഒടുവില്‍, മൗലാ ഇങ്ങനെ ഉപസംഹരിച്ചു:

' ഹൃദയാനുഭവമായി പ്രണയം (ഇശ്ഖ്) ഉറവയെടുത്താല്‍ പിന്നെ, ജ്ഞാനപ്രവാഹം അതിനൊപ്പം അതായിത്തന്നെ കൂട്ടുണ്ടാവും; 
അപാരതയുടെ ദിവ്യസാഗരത്തിലലിയും വരെ.

ജ്ഞാനമാണു പ്രണയത്തെ വഴിനയിക്കുന്നത്;
ജ്ഞാനത്തിനു വഴിയൊരുക്കുന്നത് പ്രണയവും.'