ശ്രദ്ധിച്ചില്ലെങ്കില്‍ റോഹിന്‍ഗ്യ മറ്റൊരു ഫലസ്തീനായി മാറും

യിവോണ്‍ റിഡ്‌ലി

08 January, 2018

+ -
image

അന്തര്‍ദേശീയ സമൂഹം വേണ്ടപോലെ ജാഗ്രത കാണിക്കുകയും റോഹിന്‍ഗ്യന്‍ വിഷയത്തില്‍ ഒരു ശാശ്വത പരിഹാരം കണ്ടെത്തുകയും ചെയ്തിട്ടില്ലെങ്കില്‍ അത് മറ്റൊരു ഫലസ്തീനായി മാറുമെന്നിടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഈയിടെ മിഡില്‍ ഈസ്റ്റില്‍നിന്നുമുള്ള ഒരു അന്വേഷണ സംഘം ബംഗ്ലാദേശ് പാര്‍ലമെന്റ് സ്പീക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം ധരിപ്പിച്ചിരിക്കുന്നത്. അള്‍ജീരിയന്‍ രാഷ്ട്രീയത്തിലെ പ്രധാനികളായിരുന്നു സംഘത്തിലെ അംഗങ്ങള്‍.

ഫലസ്തീന്‍കാരനായ മംദൂഹ് കമാല്‍ ബദവി ചെയര്‍മാനായുള്ള അന്തര്‍ദേശീയ റിലീഫ് ഓര്‍ഗനൈസേഷന്‍ (IRO) ആണ് ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെക്കുറിച്ച് ഒരു അന്വേഷണ പഠനത്തിന് തയ്യാറായത്. അറബ് നാട്ടിലെ വളരെ പ്രധാനപ്പെട്ട റിലീഫ് സംഘടനകളിലൊന്നാണ് ഐ.ആര്‍.ഓ. ബംഗ്ലാദേശില്‍ കഴിയുന്ന റോഹിന്‍ഗ്യകളുടെ കൈ പിടിക്കാന്‍ ഇത് പല തവണ മുന്നുട്ടുവന്നിട്ടുണ്ട്.

'റോഹിന്‍ഗ്യകളുടെ അവസ്ഥ എന്നെ ഫലസ്തീനികളെയാണ് ഓര്‍മിപ്പിച്ചത്' അടിസ്ഥാനപരമായി ഫലസ്തീനിയും ഇപ്പോള്‍ ജര്‍മന്‍ പൗരനുമായ ബദവി തന്റെ സന്ദര്‍ശനത്തെക്കുറിച്ച് പറയുന്നു. 'കോക്‌സ് ബസാറിലെ കാംപില്‍ റോഹിന്‍ഗ്യകള്‍ സുരക്ഷിതരാണ്. എന്നാല്‍, ഫലസ്തീനീ കാംപുകളില്‍ ഇപ്പോഴും നരക യാതന അനുഭവിക്കുന്നവരാണ് അഭയാര്‍ത്ഥികള്‍. ശ്രദ്ധിച്ചില്ലായെങ്കില്‍ റോഹിന്‍ഗ്യയും മറ്റൊരു ഫലസ്തീനായി മാറുന്നതാണ്.' അദ്ദേഹം പറയുന്നു.

ഫലസ്തീനികള്‍ ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരന്നു കിടക്കുകയാണ്. 1948 മുതല്‍ വ്യത്യസ്ത രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളാണവര്‍. ഫലസ്തീനില്‍ അവരുടെ എണ്ണം ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഈയൊരു രീതി റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ല. അന്വേഷണ സംഘത്തിലെ അംഗവും അള്‍ജീരിയന്‍ എം.പിയുമായ യൂസുഫ് അജിസ്സ പറയുന്നു.

സംഘത്തിന്റെ അവലോകനങ്ങള്‍ കേട്ട ശിറിന്‍ ഷര്‍മിന്‍ ചൗധരി ആവശ്യമായ നടപടികള്‍ എടുക്കുന്നതിനെക്കുറിച്ച് വാക്ക് നല്‍കുകയുണ്ടായി. ഈ മേഖലയില്‍ സംഘടിതമായി ഉണ്ടാവേണ്ട ശ്രമങ്ങളെക്കുറിച്ചും അവര്‍ സൂചിപ്പിച്ചു. ഐ.ആര്‍.ഓവിന്റെ പ്രവര്‍ത്തനങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണെന്നും വിലയിരുത്തപ്പെട്ടു.