ഫാസിസവും കമ്യൂണിസവും ഏക വഴിയില്‍

ഹാറൂന്‍ യഹ്‌യ

08 February, 2018

+ -
image

സംഘട്ടനങ്ങളിലൂടെമാത്രമാണ് ചരിത്രപരമായ പുരോഗതി സാധ്യമാകുന്നത് എന്നാണ് കമ്യൂണിസത്തിന്റെ സ്ഥാപകന്‍ കാറല്‍ മാര്‍ക്‌സിന്റെ അവകാശവാദം. ഏതൊരു സമൂഹത്തിന്റെയും ആശയങ്ങളുടെയും വികാസം സംഭവിക്കുന്നത് യുദ്ധങ്ങളിലൂടെയും വിപ്ലവങ്ങളിലൂടെയും മാത്രമാണ്; സംഘട്ടനങ്ങളോ എതിര്‍പ്പുകളോ ഇല്ലായെങ്കില്‍ ഏതൊരു സാധനവും മാറ്റമില്ലാതെ അങ്ങനെത്തന്നെ ശേഷിക്കുന്നതായിരിക്കും, അദ്ദേഹം പറയുന്നു. 'പുതിയ സമൂഹങ്ങളെ ഗര്‍ഭംധരിച്ച പഴയ സമൂഹങ്ങളുടെ ആയയാണ് സംഘട്ടനം'1 എന്ന പ്രസ്താവനയിലൂടെ കാറല്‍ മാര്‍ക്‌സ്  ദശലക്ഷക്കണക്കിനാളുകളെ യുദ്ധത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും കൂട്ടക്കുരുതിയുടെയും മാര്‍ഗത്തിലേക്ക് വിളിച്ചിറക്കുകയായിരുന്നു.

കാലക്രമേണ, മാര്‍ക്‌സിന്റെ ഈ ആശയത്തെ പിന്‍താങ്ങുന്നവര്‍ വര്‍ദ്ധിച്ചുവന്നു. 'എതിര്‍ കക്ഷികളുടെ സംഘട്ടനത്തിലാണ് പുരോഗതി കുടികൊള്ളുന്നത്'2 എന്നാണ് നിഷ്ഠുരമായ നരമേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കമ്യൂണിസ്റ്റ് നേതാവ് ലെനിനും വിശ്വസിച്ചിരുന്നത്. സംഘട്ടനങ്ങള്‍ രക്തച്ചൊരിച്ചിലിലൂടെയാണ് രൂപംകൊള്ളുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ  വീക്ഷണം.

അക്രമങ്ങളും വിപ്ലവങ്ങളും യുദ്ധങ്ങളുമൊക്കെയാണ് പുരോഗതിയുടെ അടിസ്ഥാന ഘടകങ്ങള്‍ എന്ന് കമ്യൂണിസ്റ്റു നേതാക്കളെപ്പോലെ ഫാസിസ്റ്റ് പ്രഭൃതികളും വിശ്വസിച്ചിരുന്നു. ഹിറ്റ്‌ലറിന്റെ ആശയങ്ങള്‍ രൂപംകൊള്ളുന്നതില്‍ അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ച റാസിസ്റ്റ് ചരിത്രകാരന്‍ ഹെന്റിച്ച് വോണ്‍ ട്രട്ടെസ്‌കി പറയുയുന്നു: ഡാര്‍വിന്റെ 'നിലനില്‍പിനായി പോരാടുക'എന്ന സിദ്ധാന്തം മുന്നോട്ടുവെക്കുന്നപോലെ മല്‍സരങ്ങളോ സംഘട്ടനങ്ങളോ ഇല്ലാതെ ഏതൊരു രാഷ്ട്രത്തിന്റെയും അഭിവൃദ്ധി സാധ്യമാകുന്നതല്ല....'3 അക്രമങ്ങള്‍ ചരിത്രത്തിലെ ഉത്തേജനശക്തിയായിരുന്നുവെന്നും പോരാട്ടങ്ങളാണ് മാറ്റങ്ങള്‍കെണ്ടുവരുന്നതെന്നും വിശ്വസിച്ച മറ്റൊരു ഫാസിസ്റ്റ് നേതാവായിരുന്നു മുസ്സോളിനി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം 'ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പതനത്തിന് നിമിത്തമായി ഭവിച്ചിരുന്നത് യുദ്ധങങ്ങള്‍ നയിക്കാനുള്ള ഇംഗ്ലണ്ടിന്റെ വൈമനസ്യമായിരുന്നു'4

ഈ പ്രത്യയശാസ്ത്രങ്ങളുടെയെല്ലാം അടിസ്ഥാനപരമായ  പിന്‍ബലം ഡാര്‍വിന്‍ പറയുന്നപോലെ, നിലനില്‍പ്പിനായി പോരാടുകയെന്നതാണ്. മാര്‍ക്‌സ് മുന്നോട്ടുവെക്കുന്ന വൈരുദ്ധ്യധിഷ്ഠിത  ഭൗതിക വാദത്തിന്റെ അടിസ്ഥാനവും സംഘട്ടനം ഉത്തേചന ശക്തിയാണെന്ന് പറയുന്ന ഫാസിസത്തിന്റെ അടിസ്ഥാനവും എല്ലാം സാമൂഹ്യശാസ്ത്രത്തില്‍ ഡാര്‍വിന്‍ ഉപയോഗിച്ച പരിണാമ സിദ്ധാന്തം തന്നെയായിരുന്നു. 

ഈ പ്രത്യയശാസ്ത്രങ്ങളെല്ലാം പ്രധാനമായും രണ്ടുകാര്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്: നിരന്തരമായ സംഘട്ടനങ്ങളുടെ ആവശ്യകത, അറ്റമില്ലാത്ത രക്തച്ചൊരിച്ചിലുകള്‍ക്ക് വഴിയൊരുക്കുന്ന വംശഹത്യ എന്നിവയാണവ. ഇത്തരമൊരു പ്രത്യയശാസ്ത്രത്തെ പിന്താങ്ങുന്നപക്ഷം, പുരോഗമനത്തിന്റെ പേര് പറഞ്ഞ് ക്രൂരകൃത്യങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും വഴിയൊരുക്കുംവിധമുള്ള നിരന്തരമായ സംഘട്ടനങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുക സാധ്യമല്ല. സ്‌നേഹം, ആദരവ്, സമര്‍പ്പണം, ദിവ്യശന്ദേശങ്ങളുടെ കൈമാറ്റം എന്നിവ പോലെത്തന്നെ സമാധാനത്തെയും സന്തോഷകരമായ ചുറ്റുപാടിനെയും ഇല്ലായ്മ ചെയ്യുകയാണ് ഇവ ചെയ്യുന്നത്. കഴിഞ്ഞ നൂറ്റാണ്ടിനെ ദുരിതപൂര്‍ണ്ണമാക്കിയതും ഈ പ്രത്യയശാസ്ത്രങ്ങളായിരുന്നു.

എന്നാല്‍, അക്രമവും കൊലയുമൊന്നും അനിവാര്യതയുള്ള കാര്യമല്ല. രാത്രി-പകല്‍, ഇരുട്ട്-വെളിച്ചം, ചൂട്-തണുപ്പ്, നല്ലത്-തിയ്യത് എന്നിവപോലെ എവിടെയും ധ്രുവത്വവും ദ്വൈത ഭാവവുമാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. എന്നല്ല, ഈ എതിര്‍വശങ്ങള്‍ സൃഷ്ടിക്കപ്പെട്ടതുതന്നെ അവയുടെ സൗന്ദര്യത്തെ ഊന്നിപ്പറയാനും ശാന്തി, സമാധാനം, വിട്ടുവീഴ്ച പോലെയുള്ള മൂല്യങ്ങളെ ഉയര്‍ത്തിക്കാണിക്കാനുംകൂടിയാണ്.

ഇതേ അവസ്ഥ തന്നെ ആശയങ്ങളുടെ ലോകത്തും പ്രയോഗിക്കപ്പെടേണ്ടതുണ്ട്. ജനങ്ങള്‍ വ്യത്യസ്തമായി ചിന്തിക്കുന്നുവെന്നത് അവരെ വകവരുത്താനോ കൂട്ടക്കൊല നടത്താനോ ഉള്ള കാരണമല്ല. ശത്രുവിനോടുപോലും നല്ലനിലക്കു പെരുമാറാനാണ് അല്ലാഹു കല്‍പ്പിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു:

''നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതാണോ അതുകൊണ്ട് നീ തിന്മയെ പ്രതിരോധിക്കുക. അപ്പോള്‍, ഏതൊരാളുമായിട്ടാണോ നിനക്ക് ശത്രുതയുള്ളത് അവന്‍ നിന്റെ ഉറ്റ ബന്ധുവിനെപ്പോലെ ആയിത്തീരുന്നതാണ്.'' (41:34)

വിവേകവും മനസ്സാക്ഷിയുമുള്ള ആളുകള്‍ ഏതു തര്‍ക്കനങ്ങളെയും സമാധാനത്തോടും വിശ്വാസത്തോടും പരിഹരിക്കുമെന്നാണ് വിശുദ്ധ ഖുര്‍ആന്‍ ഇവിടെ പറയുന്നത്. ഇത് ഉള്‍ക്കൊള്ളാനാകാതെ വഞ്ചനാത്മകമായ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ വര്‍ഷങ്ങളോളം പരസ്പരം പോരടിക്കുന്നതും മൃഗങ്ങളെപ്പോലെ പരസ്പരം കടിച്ചുകീറുന്നതും ഒടുവില്‍ ഒരു രാഷ്ട്രത്തെപ്പോലെ തകര്‍ന്നടിയുന്നതുമായിരിക്കും. അല്ലാഹു പറയുന്നത് കാണുക:

''അല്ലാഹുവിനെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത്. എങ്കില്‍, നിങ്ങള്‍ക്ക് ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം നശിച്ചുപോവുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക. നിശ്ചയം അല്ലാഹു ക്ഷമാശീലരുടെ കൂടെയാണ്.'' (8:46)

ഈ സൂക്തം സൂചിപ്പിക്കുന്നപോലെ, മനുഷ്യന്‍ പ്രവാചകര്‍ക്ക് അവതരിച്ച ദിവ്യമാര്‍ഗത്തില്‍നിന്നും അകന്നുകഴിഞ്ഞിരിക്കുന്നു. സമാധാനത്തെ സംസ്ഥാപിക്കുന്നതിനുപകരം ഭൂമിയെ രക്തക്കളമാക്കാനാണ് അവര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഇക്കാരണത്താല്‍, അവര്‍ക്ക് ശക്തിക്ഷയം വന്നുഭവിക്കുകയും അവര്‍ സ്വന്തത്തെത്തന്നെ തകര്‍ച്ചയുടെ വക്കിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്തിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ എടുത്തുപറയുന്ന അനുകമ്പ, കരുണ, സമര്‍പ്പണബോധം, സഹിഷ്ണുത, നീതി തുടങ്ങിയ വിശേഷണങ്ങളാണ് മനുഷ്യര്‍ക്കെന്നപോലെ രാഷ്ട്രങ്ങള്‍ക്കും ശക്തിസ്രോതസ്സ് എന്നത് വിസ്മരിക്കാവതല്ല. മതവിരുദ്ധ ചിന്തകളില്‍നിന്നും ഉല്‍ഭൂതമാകുന്ന വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം പോലെയുള്ള വികല്‍പ ചിന്തകള്‍ ദൈന്യതയെയും  ദുരന്തങ്ങളെയും മാത്രമേ കൊണ്ടുവരികയുള്ളൂ. വിശുദ്ധ ഖുര്‍ആന്റെ പാതയിലേക്ക് മടങ്ങിവരുകയെന്നതാണ് മനുഷ്യകുലത്തിന് ഇതില്‍നിന്നുള്ള ഏക മോചന മാര്‍ഗ്ഗം.

   1) Das capital, vol:1,1955, p:603

    2) V.1.Lenin, 'On Question of Dialectics'', Collcted Works, Vol:38, p:359

     3) L. Poliakov, Le Mythe Aryen, Editions complex, Calmann Levy, Bruxelles, 1987, p:343

   4) Robert E.D Clark, Darwin:Befor and After, Lendon,Parternoster Press,1948,p:115