റമദാനും അമിതവ്യയവും

ഡോ. ആഇദുല്‍ ഖര്‍നി

07 June, 2018

+ -
image

സമൂഹം അകപ്പെട്ട മഹാവിപത്തുകളിലൊന്നാണ് ധൂര്‍ത്ത്. അല്ലാഹു ഇത് വിലക്കുകയും അത് നടത്തുന്നവരെ അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. അവന്‍ പറയുന്നു: 'നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. നിശ്ചയം, ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല' (6:141). 

അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ മുഖവിലക്കെടുക്കുകയോ അവനില്‍ പ്രതീക്ഷയര്‍പ്പിക്കുകയോ ചെയ്യാത്ത ഒരു വിഭാഗത്തിന്റെ രീതിയാണ് ദുര്‍വ്യയം. അല്ലാഹു പറയുന്നത് കാണുക:

'കുടുംബ ബന്ധമുള്ളവര്‍ക്ക് അവരുടെ അവകാശം നീ നല്‍കുക. അഗതിക്കും വഴിപോക്കനും അവരുടെ അവകാശവും നല്‍കുക. നീ ധനം ദുര്‍വ്യയം ചെയ്യരുത്. നിശ്ചയം ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചിന്റെ കൂട്ടാളികളാകുന്നു. പിശാച് തന്റെ രക്ഷിതാവിനോട് നന്ദി കെട്ടവനാണ്' (17:26,27).

റമദാന്‍ മാസത്തില്‍ ധാരാളമായി ദുര്‍വ്യയം നടത്തുന്ന ഒരു രീതി ഇന്ന് പലരിലും കണ്ടുവരുന്നുണ്ട്. 

ആവശ്യത്തില്‍ കവിഞ്ഞ് ഭക്ഷണമുണ്ടാക്കുന്നതുകൊണ്ടാണ് ഇതുണ്ടാകുന്നത്. ധാരാളമായി ഭക്ഷണ പാനീയങ്ങള്‍ ഉണ്ടാക്കിവെക്കുന്നവരാണ് പലയാളുകളും. റമദാന്‍ കാലങ്ങളില്‍ നോമ്പ് തുറക്കുമ്പോഴും അത്താഴ സമയത്തും സുപ്ര നിറയെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിരത്തിവെക്കുന്നു. അവസാനം വലിച്ചെറിയുകയോ നശിപ്പിച്ചുകളയുകയോ ആണ് പലരും ചെയ്യുന്നത്. 

അതുകൊണ്ട്, നോമ്പുകാര്‍ ദുര്‍വ്യയത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരിക്കലും അത് സംഭവിക്കുന്ന സാഹചര്യമുണ്ടാകരുത്. അരച്ചാണ്‍ അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന ആളുകള്‍ നമുക്കിടയില്‍ തന്നെ കാണാം. അവരെ മറന്ന് ദുര്‍വ്യയം ചെയ്യുന്നത് മഹാപാപമാണ്. അതുകൊണ്ട് അത്യാവശ്യം വരുന്ന ഭക്ഷണം മാത്രം തയ്യാറാക്കി നോമ്പ് തുറക്കുക. ബാക്കിയെല്ലാം അല്ലാഹുവിന്റെ നിക്ഷേപങ്ങളിലേക്കായി മാറ്റിവെക്കുക. അല്ലാഹു പറയുന്നു:

'ഭക്ഷണത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരനും അവരത് നല്‍കുന്നു. (അവര്‍ പറയും:) അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത്. നിങ്ങളില്‍നിന്നും യാതൊരു പ്രതിഫലവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. മുഖം ചുളിച്ചുപോകുന്നതും ദുസ്സഹവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവില്‍നിന്നും ഞങ്ങള്‍ ഭയപ്പെടുന്നു' (76:8-10). 

പ്രവാചകരുടെ ഒരു ഹദീസില്‍ കാണാം. അന്ത്യനാളില്‍ അല്ലാഹു ഇങ്ങനെ പറയുമത്രെ: മനുഷ്യാ, എനിക്ക് വിശന്നു. നീ എനിക്ക് എനിക്ക് ഭക്ഷണം തന്നില്ല. അപ്പോള്‍ മനുഷ്യര്‍ ചോദിക്കും: നാഥാ, നീ ലോകരക്ഷിതാവല്ലേ, നിനക്ക് എങ്ങനെയാണ് ഭക്ഷണം തരിക? അപ്പോള്‍ അല്ലാഹു പറയും: ഇന്ന വ്യക്തി വിശന്നുവലയുന്ന കാര്യം നീ അറിഞ്ഞിരുന്നുവല്ലോ. നീ അയാള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ല. അയാള്‍ക്ക് നീ ഭക്ഷണം നല്‍കിയിരുന്നുവെങ്കില്‍ അവിടെ എന്നെ എത്തിക്കുമായിരുന്നു...(ഹദീസ്).

അസ്ഥാനത്തുള്ള അമിതമായ ഉറക്കും ദുര്‍വ്യയത്തില്‍ പെടും. പ്രത്യേകിച്ചും പകല്‍ സമയങ്ങളില്‍. പകല്‍ സമയം മുഴുക്കെ അശ്രദ്ധമായി ഉറങ്ങിത്തീര്‍ക്കുന്ന ചില നോമ്പുകാരുണ്ട്. ഒരാവശ്യവുമില്ലാതെ രാത്രിയില്‍ ഇവര്‍ ഉറക്കമിളച്ചിരിക്കുന്നുവെന്നതാണ് അല്‍ഭുതകരം. ചിലര്‍ നിഷിദ്ധമോ വെറുക്കപ്പെടുന്നതോ ആയ കൃത്യങ്ങള്‍ക്കായി രാത്രിയില്‍ ഉറക്കൊഴിക്കുന്നു. അല്ലാഹുവിന്റെ കോപം ക്ഷണിച്ചുവരുത്തുന്നതാണ് ഇതെല്ലാം. 

ചെറിയ പെരുന്നാളിനു വേണ്ടി തയ്യാറെടുക്കുമ്പോള്‍ വന്നുചേരുന്ന അമിതവ്യയമാണ് ശ്രദ്ധിക്കേണ്ട മറ്റൊന്ന്. ഓരോരുത്തര്‍ക്കും തങ്ങള്‍ക്ക് താങ്ങാനാവുന്നതിലപ്പുറം ചെലവ് ഭാരം ചുമത്തപ്പെടുകയാണ് ഇത്തരം ഘട്ടങ്ങളില്‍. വസ്ത്രം, ശരീരം, ആനന്ദം, വിനോദം തുടങ്ങി വിവിധ കാരണങ്ങള്‍ക്കുവേണ്ടിയാണ് ഇത്തരം ചെലവുകള്‍ കടന്നുവരുന്നത്. അത്യാവശ്യക്കാരായ പാവങ്ങള്‍ക്ക് എന്തെങ്കിലും സഹായങ്ങള്‍ നല്‍കുന്നതില്‍ അറുപിശുക്കന്മാരായിരിക്കും ഇതില്‍ പലരും. 

അതുകൊണ്ട്, അല്ലാഹു ധാരാളം സമ്പാദ്യം നല്‍കി അനുഗ്രഹിച്ച ആളുകള്‍ തങ്ങള്‍ക്കു ചുറ്റും പാവങ്ങളും അനാഥകളും കഴിഞ്ഞുകൂടുന്നുണ്ടെന്ന സത്യം മറന്നുപോകരുത്. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനും വസ്ത്രമില്ലാത്തവര്‍ക്ക് വസ്ത്രം നല്‍കാനും പള്ളിയില്ലാത്തവര്‍ക്ക് അത് നിര്‍മിച്ചുനല്‍കാനും പ്രയാസമനുഭവിക്കുന്നവര്‍ക്ക് പരിഹാരം നല്‍കാനും അവര്‍ മുന്നോട്ടുവരേണ്ടതുണ്ട്. 

അനാവശ്യമായ ടൂറുകളും ഉപകാരപ്രദമല്ലാത്ത യാത്രകളും നോമ്പുകാരെ സംബന്ധിച്ചിടത്തോളം ദുര്‍വ്യയത്തില്‍ പെടും. എവിടെയെങ്കിലും അടങ്ങി നിന്ന് ആരാധനാകര്‍മങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ട ഈ സമയത്ത് ഒരാവശ്യവുമില്ലാതെ പലയിടങ്ങളിലും ചുറ്റിക്കറങ്ങി നടക്കുന്നത് നല്ലതല്ല. തന്റെ വിലപ്പെട്ട സമയം പാഴക്കാനും വയസ്സ് കളഞ്ഞുകുളിക്കാനും മാത്രമേ അത് സഹായിക്കുകയുള്ളൂ. ശേഷം, അവന്‍ ആ നഷ്ടങ്ങളുടെ മേല്‍ ഖേദിക്കുന്നവനുമായിരിക്കും.

ജനങ്ങള്‍ക്കിടയിലെ അധികം കൂട്ടായ്മകളും നിഷ്ഫലവും വൃഥാ വേലകളുമാണെന്നതാണ് സത്യം. പ്രത്യേകം ഉപകാരങ്ങളേതുമില്ലാതെയാണ് അവര്‍ പരസ്പരം കൂടുന്നതും പിരിയുന്നതും. 

കളിയുടെയും വിനോദത്തിന്റെയും ആസക്തരായി മാറുകയെന്നതാണ് മറ്റൊരു ദുര്‍വ്യയരൂപം. പന്തുകളി, ജിംനാസ്റ്റിക്‌സ് തുടങ്ങി വിവിധ കായിക-പരിശീലന മാര്‍ഗങ്ങളില്‍ മുഴുകിപ്പോവുകയാണ് ചിലര്‍. നോമ്പുകാരനെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ പാരായണം, ദിക്‌റ്, ദുആ, നന്മ കല്‍പിക്കല്‍, തിന്മ വിരോധിക്കല്‍ തുടങ്ങി വിവിധ സുകൃതങ്ങളില്‍ മുഴുകയിരിക്കേണ്ട സമയമാണ് ഇവിടെ നഷ്ടപ്പെട്ടുപോകുന്നത്. മുഴുസമയവും വൃഥാ പാഴാക്കിക്കളയുന്ന പക്ഷം നാളെ അതിന്റെ ഖേദം അവനെ പിടികൂടുന്നതായിരിക്കും.

ഇങ്ങനെ ധൂര്‍ത്തും ദുര്‍വ്യയവും പല രൂപത്തിലാണ് പലരുടെ അടുത്തും പ്രവര്‍ത്തിക്കുന്നത്. ചിലര്‍ പാപങ്ങളില്‍ നീന്തിത്തുടിക്കുന്നവരാണ്. പാപങ്ങളുടെ ഈ അമിതത്വമാണ് ഏറെ അപകടകരവും നീചവും. ചിലര്‍ സമയത്തിന്റെ വിലയറിയാതെ അനാവശ്യമായി പാഴാക്കിക്കളയുന്നവരാണ്. നാളെ അവര്‍ അതിനുവേണ്ടി ഖേദിക്കുക തന്നെ ച്യെയും. 

ഭക്ഷണം, പാനീയം, വസ്ത്രം തുടങ്ങിയവയില്‍ ധൂര്‍ത്ത് കാണിക്കുന്നവരാണ് മറ്റു ചിലര്‍. മാനസിക പ്രയാസങ്ങളും അവക്കു വേണ്ടിയുള്ള നെട്ടോട്ടം സമ്മാനിക്കുന്ന ക്ഷീണവും മാത്രമായിരിക്കും അവന്റെ കൈയിലിരിപ്പ്. വിനോദത്തിലും കളി-തമാശകളിലും സമയം കളഞ്ഞുകുളിക്കുന്നവരാണ് മറ്റൊരു വിഭാഗം. തങ്ങളുടെ വിലപ്പെട്ട വയസ്സിനെ ഗുണകരമായി ഉപയോഗപ്പെടുത്താനാവാതെ ഭൗതികതയില്‍ വഞ്ചിതരായിപ്പോയവരാണവര്‍.