സിറിയ പരിഹാരം തേടുന്നു

റംസി ബറൂദ്‌

03 March, 2018

+ -
image

സിറിയയില്‍ സര്‍ക്കാര്‍ പക്ഷം വിമത പക്ഷത്തിനെതിരെ നിലപാട് കടുപ്പിച്ചതോടെ കിഴക്കന്‍ ഗൗഥയില്‍ ദൈനംദിനം അനവധി മനുഷ്യ ജീവനുകള്‍ പൊലിയുന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അക്രമം തുടങ്ങി ദിവസങ്ങള്‍ക്കകം കൊല്ലപ്പെട്ടവര്‍ 400 ലേരെ പേര്‍ വരുമെന്നാണ് കണക്ക്. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. 

കഴിഞ്ഞ ഞായറാഴ്ച്ചയാണ് ബശാറുല്‍ അസദിന്റെ സൈന്യം വ്യോമാക്രമം ആരംഭിച്ചിരുന്നത്. ഇതില്‍ ഇന്നലെ വരെ 403 പേര്‍ വധിക്കപ്പെട്ടുവെന്നതാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 150 പേരും കുഞ്ഞുങ്ങളാണ്. 2120 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

2013 മുതല്‍ സൈന്യത്തിന്റെ ശക്തമായ കടന്നാക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രദേശമാണ് ഗൗഥ. അതേ വര്‍ഷം തന്നെ 1000 ലേറെ പേരെ ഇല്ലായ്മ ചെയ്തുകൊണ്ട് ഭരണ പക്ഷം ബോംബ് വര്‍ഷം വരെ അവിടെ നടത്തിയിരുന്നു. അവിടന്നിങ്ങോട്ട് നാലു ലക്ഷത്തിലേറെ പേര്‍ ഇതിന്റെ യാതനകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഫെബ്രുവരി 19 നാണ് സര്‍ക്കാര്‍ വീണ്ടും ആയുധമെടുത്ത് രംഗത്തെത്തിയിരിക്കുന്നത്. 

അനവധി കുട്ടികളും സ്ത്രീകളുമാണ് ഇതില്‍ ദാരുണമായി കൊല ചെയ്യപ്പെട്ടിരിക്കുന്നത് എന്നതാണ് ഏറെ ഖേദകരം. മാരകമായ പരിക്കുകളോടെ അനവധി പേര്‍ ഹോസ്പിറ്റലുകളില്‍ കിടന്ന് നരകിക്കുകയാണ്.

അതിനിടെ, സിറിയയില്‍ സര്‍ക്കാര്‍ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ പ്രമേയം പാസാക്കാന്‍ ഐക്യാരഷ്ട്രസഭ അടിയന്തിര നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സിറിയ ആക്രമണങ്ങളില്‍നിന്നും പിന്തിരിയണമെന്ന് കഴിഞ്ഞ ദിവസവും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു. ആക്രമണങ്ങളില്‍ പങ്കെടുക്കുന്ന മുഴുവന്‍ രാജ്യങ്ങളും ഉടന്‍ പിന്‍മാറണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.