ആസിയ ബീവി ചരിത്രാഖ്യായിക (ഭാഗം ഒമ്പത്)

ഇര്‍ശാന അയ്യനാരി

03 December, 2017

+ -
image

9. സ്വര്‍ഗീയ മണിമാളികയില്‍

 

ഒടുവില്‍ ആസിയ ബീവി തന്റെ ചിരകാലാഭിലാഷമായിരുന്ന ദൈവസാമീപ്യം വരിച്ചു. കാലങ്ങളായി അതാണ് മഹതി ആഗ്രഹിച്ചിരുന്നതും സ്വപ്നം കണ്ടിരുന്നതും. 

ഫറോവയില്‍നിന്നും രക്ഷപ്പെടുകയും അല്ലാഹുവില്‍ ലയിക്കുകയും വേണം... അതായിരുന്നു അവരുടെ തേട്ടം.

''നാഥാ, സ്വര്‍ഗത്തില്‍ നിന്റെ അടുത്ത് എനിക്ക് നീയൊരു വീട് പണിയേണമേ...'' 

മരണത്തിന്റെ മുനമ്പിലും ഇതാണ് അവര്‍ പ്രാര്‍ത്ഥിച്ചിരുന്നത്. ആ ഹൃദയം സദാ അല്ലാഹുവില്‍ ലയിച്ചിരിക്കുകയാണെന്നതിന്റെ തെളിവായിരുന്നു ഇത്. 

തന്നെ സ്വര്‍ഗത്തില്‍ കടത്തേണമേ... എന്നതു മാത്രമായിരുന്നില്ല ഇവിടെയും മഹതിയുടെ ആവശ്യം. സ്വര്‍ഗത്തില്‍ ആണെങ്കില്‍തന്നെ നിന്റെ സാമീപ്യം കൂടി വേണമെന്ന് മഹതി ആഗ്രഹിച്ചു.

ആസിയ ബീവിയുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചു. സ്വര്‍ഗീയ ആരാമത്തില്‍ അല്ലാഹു അവര്‍ക്ക് മണിമാളികള്‍ ഒരുക്കി. അതില്‍ അല്ലാഹുവിന്റെ സാമീപ്യവും നല്‍കി...

ഭൂമിയില്‍ ഫറോവയുടെ ധിക്കാരത്തിനെതിരെ പോരാടി, സത്യദീനിനു വേണ്ടി തന്റെ ജീവന്‍ പോലും ബലി നല്‍കിയ ഒരു മഹാ വനിതയുടെ കധയാണിത്...

അതിനാല്‍, അല്ലാഹുതന്നെ വിശുദ്ധ ഖുര്‍ആനില്‍ അവരെ എടുത്തുപറഞ്ഞ് പ്രശംസിക്കുന്നുണ്ട്.

പുണ്യപ്രവാചകരും ആസിയ ബീവിയുടെ മഹത്വം പലയിടങ്ങളിലായി സൂചിപ്പിക്കുന്നു.

ലോക വനിതകളുടെ നേതാക്കളില്‍ ഒരാളായിട്ടാണ് നബി തങ്ങള്‍ മഹതിയെ പരിചയപ്പെടുത്തുന്നത്. സ്വര്‍ഗീയ ലോകത്ത് തത്തിക്കളിക്കുന്ന സമുന്നതരായ വനിതകളില്‍ ഒരാളായിട്ട്...

ഇബ്‌നു അബ്ബാസ് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ കാണാം:

ഒരിക്കല്‍ പ്രവാചകന്‍ (സ്വ) ഭൂമിയില്‍ നാലു വര വരച്ചു. ഇത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയുമോയെന്ന് ശേഷം അന്വേഷിച്ചു. ഇല്ലെന്നായിരുന്നു അവരുടെ പ്രതികരണം. 

പ്രവചാകന്‍ പറഞ്ഞു: ഇസ് സ്വര്‍ഗത്തിലെ സ്ത്രീകളുടെ അവസ്ഥയാണ്. സ്വര്‍ഗീയ സ്ത്രീകളില്‍ ഏറ്റവും സമുന്നതര്‍ ഖദീജ ബീവിയും ഫാഥിമ ബീവിയും ആസിയ ബീവിയും മര്‍യം ബീവിയുമാണ് (ഹാകിം). 

അബൂ മൂസല്‍ അശ്അരീ (റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസില്‍ കാണാം. പ്രവാചകന്‍ പറഞ്ഞു: 

''പുരുഷന്മാരില്‍നിന്നും അനവധി ആളുകള്‍ പൂര്‍ണത പ്രാപിച്ചിട്ടുണ്ട്. എന്നാല്‍, സ്ത്രീകളില്‍നിന്നും പൂര്‍ണത പ്രാപിച്ചവര്‍ ഫറോവയുടെ ഭാര്യ ആസിയ ബീവിയും ഇമ്രാന്റെ മകള്‍ മര്‍യം ബീവിയും മാത്രമാണ് (ബുഖാരി, മുസ്‌ലിം).

അനസ് (റ) വില്‍നിന്നും നിവേദനം. പ്രവാചകന്‍ പറഞ്ഞു:

''ലോക സ്ത്രീകളില്‍ ഏറ്റവും സമുന്നതര്‍ മര്‍യം, ഖദീജ, ഫാഥിമ, ആസിയ (റ) എന്നിവരാണ് '' (തുര്‍മുദി).

ആസിയ ബീവിയും മര്‍യം ബീവിയും നാളെ സ്വര്‍ഗ ലോകത്ത്  പുണ്യ പ്രവാചകരുടെ ഭാര്യയായിരിക്കുമെന്നും മറ്റൊരിടത്ത് വന്നിട്ടുണ്ട്. 

വിശ്വാസികള്‍ ഏറെയില്ലാത്ത കാലത്ത് സ്വന്തം ജീവന്‍പോലും പ്രശ്‌നമാക്കാതെ ഇസ്‌ലാമിനുവേണ്ടി ഉറച്ചുനിന്നതിനാല്‍ അല്ലാഹു ആസിയ ബീവിക്ക് അനവധി അനുഗ്രഹങ്ങളും അംഗീകാരങ്ങളും നല്‍കി. അന്ത്യദിനംവരെ വരാനിരിക്കുന്ന സര്‍വ്വ സ്ത്രീ ലോകത്തിനും   നേതാവാക്കി അവരെ നിശ്ചയിച്ചു. സ്വര്‍ഗലോകത്തും സമുന്നത സ്ഥാനം മഹതി അലങ്കരിക്കുന്നു.