ഇസ്‌ലാമില്‍ ജാതിയില്ല, ജാതീയതയും

ശുഐബുല്‍ ഹൈത്തമി

02 April, 2018

+ -
image

ഇസ്ലാമില്‍ ജാതി വ്യവസ്ഥ ഇല്ല. ജന്മം അടിസ്ഥാനത്തില്‍ തൊഴിലും പദവിയും നിര്‍ണ്ണിതമാവുന്ന ( ascribed atributes ) രീതിയാണത്. അത് സാമൂഹികമായ ഒരു തരം തിരിവാണ്. ഈ പദവിതിരിക്കല്‍ ജാതി വ്യവസ്ഥ പ്രകാരം ഒരിക്കലും മാറില്ല. മനുസ്മൃതി പ്രകാരമുള്ള ചാതുര്‍വര്‍ണ്യ സങ്കല്‍പ്പത്തിന്റെ പ്രായോഗിക വ്യവസ്ഥയാണത്.

ഇസ്ലാമില്‍ പദവികളില്‍ ആത്മീയമായ ഏറ്റവ്യത്യാസങ്ങള്‍ ഉണ്ട്. അത് സാമൂഹികമായി വിലയിരുത്തപ്പെടേണ്ടതല്ല. ആത്മീയ മാനങ്ങളാണവ. 
എന്നാല്‍, ഒരാള്‍ക്കും സ്ഥായിയായ സാമൂഹിക തൊഴിലോ പദവിയോ ഇല്ല. മാറാത്ത ജന്മാര്‍ജ്ജിത ദോശങ്ങളോ ആദി പാപ ഭാരമോ ഇസ്ലാമി ലില്ല. സാമൂഹികമായി ആര്‍ക്കും ആരുമാകാം.

ജാതീയതയുടെ ദുരന്തങ്ങളെ ഇല്ലാതാക്കുവാന്‍ ഇസ്ലാമിക ജ്ഞാനബോധത്തിലൂന്നിയേ പരിഹാരം സാധ്യമാവൂ എന്ന തിരിച്ചറിവാണ്, കേരള തിയ്യ യൂത്ത് ലീഗ് 1936 ല്‍ 'അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം 'എന്ന തലക്കെട്ടില്‍ ഒരു ലഘുപുസ്തകം പുറത്തിറക്കുന്നതിലേക്ക് നയിച്ചത്.

അക്കാലത്തെ കീഴാള ബുദ്ധിജീവികളും നേതാക്കളുമായിരുന്ന കെ സുകുമാരന്‍, ഡോ. കെ പി തയ്യില്‍, പി കെ കുഞ്ഞിരാമന്‍, കെ അയ്യപ്പന്‍, എ കെ ഭാസ്‌കരന്‍ എന്നിവരുടെ ലേഖന സമാഹാരമാണീ പുസ്തകം. മുപ്പതുകളിലെ കേരളത്തിലെ സാമൂഹികാന്തരീക്ഷം പഠനവിധേയമാക്കുന്നവര്‍ക്കുള്ള ഏറ്റവും നല്ല സോഷ്യല്‍ ലബോറട്ടറിയാണ് ഈ പുസ്തകം.

1988ല്‍ കേരള ദലിത് സാഹിത്യ അക്കാദമി പുസ്തകം പുനപ്രസിദ്ധീകരിച്ചു. 
(ഇയ്യിടെ ഇത് നിരോധിക്കപ്പെട്ടു).

അക്കാലത്ത് പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും പിന്നീട് അത് വിവാദത്തിലേക്കാണ് ചെന്നെത്തിയതെന്നത് ദൗര്‍ഭാഗ്യകരമാണ്. സാമുദായിക ധ്രൂവീകരണം അപകടകരമായ സമകാലിക ദുരവസ്ഥയില്‍ മുപ്പതുകളിലെ പുസ്തകം ക്രിയാത്മകമായ ചര്‍ച്ചക്ക് വഴിയൊരുക്കില്ലെന്നത് നേരാണ്.

കൊച്ചി മഹാരാജാവിന്റെ പ്രജാസഭയിലെ അംഗമായിരുന്നു പണ്ഡിറ്റ് കറുപ്പന്‍. രാജസദസ്സിലെ ഒരു ചടങ്ങിലേക്ക് ജാതിയുടെ പേരില്‍ കറുപ്പനെ ക്ഷണിച്ചില്ല. എന്നാല്‍ കുറച്ച് കാലം മുമ്പ് ഇസ്ലാം മതം സ്വീകരിച്ച പുലയ സമുദായംഗത്തെ ക്ഷണിക്കുകയും ചെയ്തു. ഇസ്ലാം മതം സ്വീകരിച്ച പല താഴ്ന്ന ജാതിക്കാര്‍ക്കും സവര്‍ണരുടെയും മറ്റും വീടുകളില്‍ പ്രവേശനം ലഭിച്ചിരുന്നു. സവര്‍ണരുടെ വഴിയില്‍ നിന്ന് മാറിനടക്കേണ്ട ഗതികേട് അവര്‍ക്കുണ്ടായിരുന്നില്ല.'

ഇതിനെപ്പറ്റി പണ്ഡിറ്റ് കറുപ്പന്‍ ഇങ്ങനെയാണ് എഴുതിയത്

അല്ലാ ഇവനിന്നൊരു

പുലയനല്ലേ

അള്ളാ മതം നാളെ

സ്വീകരിച്ചാല്‍

ഇല്ലാ തടസ്സം

ഇല്ലില്ലായിടത്തും പോകാം

ഇല്ലത്തും പോയിടാം

ജ്ഞാനപ്പെണ്ണേ, നോക്ക്

സുന്നത്തും മാഹാത്മ്യം

യോഗപ്പെണ്ണേ.

ഈയൊരു സാമൂഹിക യാഥാര്‍ഥ്യത്തെ കുമരാനാശാന്‍ ഇങ്ങനെ കവിതയാക്കി:

'എത്രയോ ദൂരം വഴിതെറ്റി നില്‍ക്കേണ്ടോ 
രേഴച്ചെറുമന്‍ പോയി തൊപ്പിയിട്ടാല്‍ 
ചുറ്റും അവനെത്തിച്ചാരത്തിരുന്നിടാം 
ചെറ്റും പേടിക്കേണ്ട തമ്പുരാരേ 
ഇത്ര സുലഭാശ്ചര്യവുമായി സിദ്ധിക്കും 
സ്വാതന്ത്യ സൗഖ്യമെങ്കില്‍ ബുദ്ധിയു
ള്ളോരിങ്ങാശ്രേയസ്സുപേക്ഷിച്ചു 
ബദ്ധരായ് മേവുമോ ജാതിമേലില്‍'

(അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം, പേജ് 7)

കീഴാള വിമോചന പ്രത്യയശാസ്ത്രമായി ഇസ്ലാമിനെ മനസ്സിലാക്കിയ അക്കാലഘട്ടത്തിലെ ദളിത്, കീഴാള നേതാക്കള്‍ ഇസ്ലാമിന്റെ മഹത്വം മനസ്സിലാക്കി. എന്നാല്‍ അത് കേവലം വോട്ട് വര്‍ധിപ്പിക്കാനുള്ള അംഗസംഖ്യ പരീക്ഷണമായിരുന്നില്ല, മറിച്ച് മനുഷ്യനായി സാമൂഹികാംഗീകാരം നേടാനുള്ള മാനസിക തയ്യാറെടുപ്പായിരുന്നു മതപരിവര്‍ത്തനം. സമുദായത്തിന്റെ അംഗബലം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമായി മുസ്ലിം നേതാക്കളും അതിനെ കണ്ടിരുന്നില്ല.

തമിഴ്‌നാട്ടില്‍ മീനാക്ഷിപുരം എന്നൊരു ഗല്ലി ഉണ്ടായിരുന്നു. ദളിത് ഹിന്ദുക്കളുടെ നാട് . അവരില്‍ പെട്ട ഒരു സ്ത്രീ ഇസ്ലാമാശ്ലേഷിക്കപ്പെടുകയുണ്ടായി.

അവരാകട്ടെ അവരിലെ അവശയായിരുന്നു. പക്ഷെ അവര്‍ മരണപ്പെട്ടപ്പോള്‍ പരിസര പ്രദേശങ്ങളിലെ മുസ്ലിം ബഹുജനങ്ങള്‍ അവരുടെ കുടിലിലേക്ക് സംഘം സംഘമായി വന്ന് ആദരപൂര്‍വ്വം സംസ്‌ക്കരണ ചടങ്ങുകള്‍ നടത്തി. ഈ മാനുഷിക സമത്വത്തില്‍ ആകൃഷ്ടരായി ആ ഗള്ളി നിവാസികള്‍ ഒന്നടങ്കം മുസ്ലിംകളായി. ഇന്ന് ആ പ്രദേശം 'റഹ്മത് നഗര്‍' ആണ്.

140 മില്യണ്‍ വരുന്ന ഇന്ത്യന്‍ മുസ്ലിം ജനസംഖ്യയിലെ മഹാഭൂരിപക്ഷവും ഹിന്ദുമതത്തിലെ കീഴാള ജാതികളില്‍ നിന്ന് പരിവര്‍ത്തനം ചെയ്തവരാണ്. ഹിന്ദു സവര്‍ണാധിപത്യത്തില്‍ നിന്ന് രക്ഷപ്പെട്ട് സാമൂഹ്യനീതി കൊതിച്ചുകൊണ്ടാണ് അവരൊക്കെ ഇസ്ലാമിലേക്ക് കടന്നുവന്നത്. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയുടെ 75 ശതമാനവും 'ദളിത് മുസ്ലിംകള്‍' ആണെന്നാണ് മുസ്ലിം പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ പ്രതിനിധിയായ ഇഅ്ജാസ് അലി പറയുന്നത്.

തറവാടിത്തം കൊണ്ട് ഗര്‍വ്വ് നടിക്കുന്നവനെ സൈദ്ധാന്തികമായി എതിര്‍ക്കുന്ന ഉമര്‍ ഖാസി(റ)യുടെ കവിത ഏറെ പ്രസിദ്ധമാണ്. 'അയാ ഫാഖിറന്‍ ബിന്നസബി കൈഫത്തഫാഖുറു/വ അസ്വ്ലുകും മിന്‍ ഖബ്ലു തിയ്യന്‍വ നായരു/വ ആശാരി മൂശാരി വ മന്നാനു പാണരു/വ കൊയപ്പാനു ചെട്ടി വ നായാടി പറയരു' (ആഭിജാത്യം കൊണ്ട് ഹുങ്ക് നടിക്കുന്നവനെ, നിങ്ങള്‍ക്കങ്ങനെ ഹുങ്ക് നടിക്കാന്‍ കഴിയും? മുമ്പ് നിങ്ങളുടെ അടിവേര് തിയ്യനും നായരും ആശാരിയും മൂശാരിയും മണ്ണാനും പാണനും കുശവനും ചെട്ടിയും നായാടിയും പറയരുമൊക്കെയായിരുന്നുവല്ലോ?),

ഗോത്രനീതിയലധിഷ്ഠിതമായ ഒരു സമൂഹത്തിലേക്കാണ് പ്രവാചകന്‍(സ) നിയോഗിക്കപ്പെടുന്നത്. കലയിലും സാഹിത്യത്തിലും മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചിരുന്ന ആ സമൂഹത്തെ 'ജാഹിലിയ്യകാലം' എന്ന് വിശേഷിപ്പിച്ചിരുന്നത് കേവല അജ്ഞത അവരെ മുച്ചൂടും മൂടിയിരുന്നത് കൊണ്ടല്ല. മാനവികതയായിരുന്നു അവര്‍ക്ക് അന്യമായിരുന്നത്. 

ഏറ്റവും നീചമായ കീഴാളത്വം അറിവിന് മേലുള്ള അജ്ഞതയുടെ അധിനിവേശമാണെന്ന് അബ്ദുര്‍റഹ്മാന്‍ അല്‍കവാകിബി തന്റെ പ്രസിദ്ധമായ ത്വബാഇഉല്‍ ഇസ്തിബ്ദാദ് എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ജനങ്ങളെ വിവിധ തട്ടുകളാക്കി അധികാരം അനുഭവിച്ചിരുന്ന ആ സമൂഹത്തോടുള്ള ദൈവത്തിന്റെ ആദ്യകല്‍പന തന്നെ അറിവ് നേടാനായിരുന്നു. അധികാരം നിലനിര്‍ത്തുന്നതിനായി കാലങ്ങളായി സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവര്‍ സൃഷ്ടിച്ചുവെച്ച ഒരു സമ്പ്രദായമാണ് കീഴാളത്വം. മലഅ് എന്നാണ് ഖുര്‍ആന്‍ ഇത്തരത്തിലുള്ള മേലാളന്മാരെ വിശേഷിപ്പിച്ചിട്ടുള്ളത് (2:246,7:60). 

വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങളിലൂടെ നിലനിര്‍ത്തിയിരുന്ന ഭൗതികമായ എല്ലാവിധ അടിമത്തത്തെയും നിരാകരിച്ചുകൊണ്ടാണ് ഇസ്ലാം അറേബ്യയില്‍ വേരൂന്നിയത്. പലതരത്തിലുള്ള ദൈവങ്ങള്‍ക്ക് കീഴ്പ്പെട്ടിരുന്ന അവരെ ഏകദൈവത്തിലേക്ക് ക്ഷണിക്കുക വഴി കീഴാളത്വത്തിന്റെ ആണിക്കല്ല് തകര്‍ത്തുകളഞ്ഞു. വാണിജ്യകേന്ദ്രമായ മക്കയിലെ സമ്പന്നവിഭാഗത്തോട്, നിങ്ങളുടെ സ്വത്തില്‍ ദരിദ്രര്‍ക്ക് അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് സാമ്പത്തിക ഉച്ചനീചത്വത്തിന് അറുതിവരുത്തി. 

യജമാനന്‍ കഴിക്കുന്ന ഭക്ഷണം തന്നെ അടിമക്ക് നല്‍കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് മിശ്രഭോജനത്തിന് തുടക്കമിട്ടു. കറുത്തവനാകട്ടെ വെളുത്തവനാകട്ടെ ദൈവത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണെന്ന് തീര്‍ത്തു പറഞ്ഞു. അതുകൊണ്ടും അവസാനിച്ചില്ല; കുടുംബ മഹിമ ശ്രേഷ്ഠതയുടെ അടിസ്ഥാനമല്ലെന്നും അധികാരവും സമ്പത്തും നേടാനുള്ള വഴിയായി അത് മാറരുതെന്നും ഇസ്ലാം ശഠിച്ചു. 

അഹ്ലുബൈത്തിന് ദാനധര്‍മങ്ങള്‍ക്കവകാശമില്ലെന്ന പ്രഖ്യാപനത്തിലൂടെ പ്രവാചകനും അദ്ദേഹവുമായി രക്തബന്ധമില്ലാത്തെ അബൂബക്കറിനെ (റ) ആദ്യ ഖലീഫയാക്കി അവരോധിച്ചുകൊണ്ട് ചരിത്രവും മാതൃക കാണിച്ചു. പിന്നീട്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിച്ചമര്‍ത്തപ്പെടുന്നവരുടെ വിമോചന ദര്‍ശനമായി ഇസ്ലാം മാറുകയും കീഴാള സമൂഹം ഇസ്ലാ മില്‍ ആശ്വാസംകണ്ടെത്തുകയും ചെയ്തു.

സമൂഹത്തിന്റെ ഒപ്പമായിരുന്നു പ്രവാചകന്റ സഞ്ചാരം . ആടിനെ മേച്ച ബാല്യവും പോരാട്ടത്തിനിറങ്ങിയ കൗമാരവും കച്ചവടത്തിന് പോയ യൗവനവും പിന്നിട്ടശേഷം വെളിപാടിറങ്ങി. അനിര്‍വ്വചനീയമായ മഹത്വങ്ങളിലേക്ക് ആനയിക്കപ്പെട്ടു. 

പക്ഷെ, ചന്തയില്‍ പോയി ചരക്ക് വാങ്ങിയും തണുപ്പില്‍ ആളുകളോടൊപ്പം തീക്കൂട്ടിക്കാഞ്ഞും ഭക്ഷണങ്ങളെ കുറിച്ച് ഇഷ്ടങ്ങള്‍ പങ്കുവെച്ചും കൂട്ടത്തിലൊരായി ജീവിക്കുകയായിരുന്നു പ്രവാചകന്‍. ഒരു യാത്രാമധ്യേ , ഭക്ഷണം ഉണ്ടാക്കുന്ന നേരമായപ്പോള്‍ കൂടെയുള്ളവര്‍ ഓരോരോ ജോലികള്‍ വേഗം വേഗം ഏറ്റെടുത്തു. ഒരാള്‍ അറവ്. അടുത്തയാള്‍ തൊലിയുരിയല്‍ .അടുത്തയാള്‍ പാചകം. തന്നെ ഫ്രീയാക്കലാണ് ഇവരുടെ ഉള്ളിലിരിപ്പ് എന്ന് മനസിലാക്കിയ നബി ഞെട്ടിച്ചു കളഞ്ഞു ഉടനെ. 'ഞാന്‍ പോയി വിറക് പെറുക്കി വരാം എന്നാല്‍' .വിസമ്മതിച്ച സഹചാരികളോട് അവിടന്ന് കൂട്ടിച്ചേര്‍ത്തു.

'നിങ്ങളില്‍ ഒരു സവിശേഷക്കാരനായി മാറി നില്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല'. ഇതാണ് ഇസ്ലാമിന്റെ സാമൂഹിക മുഖം.

പ്രവാചകന്‍ സ്വ യുടെ കുടുംബത്തിന് ഇസ്ലാമില്‍ കല്‍പ്പിക്കപ്പെട്ട മഹത്വങ്ങള്‍ ഇതിനോട് ചേര്‍ക്കപ്പെടേണ്ടതല്ല. കാരണം മതത്തിന്റ സാമൂഹിക മുഖങ്ങളാണ് പൊതുസമൂഹത്തില്‍ വിളംബരപ്പെടുത്തേണ്ടത്. ആത്മീയാര്‍ത്ഥങ്ങള്‍ അകത്തുള്ളവരുടെ അകത്ത് സൂക്ഷിക്കേണ്ട അനര്‍ഘ മൂല്യങ്ങളാണ്. അവയെ നിരത്തിലെ ബഹളത്തിന് വിട്ട് നല്‍കി അഹ്ലു ബൈതിനെ പരിഹാസ്യരാക്കരുതെന്ന് നമുക്ക് വിനീതമായി പറയാം.