ക്ഷണിച്ചതിന്റേയും ചെന്നതിന്റേയും പൊരുള്‍

പി.ടി നാസര്‍

01 January, 2018

+ -
image

തൊണ്ണൂറു വര്‍ഷമായി  മുജാഹിദ് പ്രസ്ഥാനം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. എട്ടു സമ്മേളനങ്ങള്‍ ഇതിനിടെ കഴിഞ്ഞു. അവയെല്ലാം ആ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളായിരിക്കാം. ഇത്തവണ കടന്നുപോയ സമ്മേളനത്തിന് വിസ്മയകരമായ ഒരു പ്രത്യേകതയുണ്ട്. ഒരു പക്ഷേ, ഈ പ്രത്യേകത തന്നെയാവും ചരിത്രത്തില്‍ ഈ സമ്മേളനത്തെ അടയാളപ്പെടുത്തുക. 

ആ അര്‍ത്ഥത്തില്‍ ഈ സമ്മേളനം സമുദായത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലുമാണ്. പതിനാറ് കിലോമീറ്റര്‍ മാത്രം അപ്പുറത്തുനിന്നു വരാനുള്ള രണ്ട് അതിഥികള്‍ക്കായി സമ്മേളന നഗരിയും സംഘാടകരും കണ്ണ്നട്ട് കാത്തിരിക്കുകയായിരുന്നു. അവര്‍ അവിടെ പറയുന്നത് എന്താണെന്ന് കേള്‍ക്കാനായി കേരളത്തിലെ മുസ്ലിംകളൊന്നായി കാതുകൂര്‍പ്പിച്ച് ഇരിക്കുകയായിരുന്നു. 

കഴിഞ്ഞകാലങ്ങളില്‍ സൗദി അറേബ്യയില്‍ നിന്നുള്ള പ്രാമാണികരായ പണ്ഡിതന്മാരോ ആ രാജ്യത്തെ ഭരണാധികരികളോ  ആയിരുന്നു സമ്മേളനത്തിന്റെ ആകര്‍ഷണം. ആ പ്രസ്ഥാനത്തിന് ലോകമുസ്ലിം മണ്ഡലത്തില്‍ സവിശേഷ സ്ഥാനമുണ്ടെന്ന്  ബോധ്യപ്പെടുത്താനാണ് ഓരോ വിദേശ അതിഥിയേയും അന്നൊക്കെ സംഘാടകര്‍ കേരളത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. 

എന്നാല്‍ ഇത്തവണ, കേരളത്തിലെ മുസ്ലിംസമുദായത്തിനകത്ത് സ്ഥാനം നഷ്ടപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവായാണ് പാണക്കാട്ടു നിന്നുള്ള രണ്ട് വിശേഷാല്‍ അതിഥികളെ കൂരിയാട് വയലില്‍ എത്തിച്ചത്. 

മുജാഹിദ് സമ്മേളനത്തിലേക്ക് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങളേയും സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങളേയും ക്ഷണിച്ചതിന്റെ പൊരുളറിയാന്‍ ആഴത്തിലൊന്നും പരതേണ്ടതില്ല. 

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. സ്വത്വപ്രതിസന്ധിയെ. ആ പ്രതിസന്ധിയുടെ ആഴം ചെറുതൊന്നുമല്ല. അവര്‍ കരളെടുത്തുകാണിച്ചാലും  ചെമ്പരത്തിപ്പൂവാണെന്നേ സമുദായം പറയൂ. അതിനു കാരണവുമുണ്ട്. അത് ഇപ്പോള്‍ ഇവിടെ പരിശോധിക്കുന്നതില്‍ ഔചിത്യക്കുറവുണ്ട്. 

പക്ഷേ ആ പ്രതിസന്ധി ഒരു യാഥാര്‍ത്ഥ്യമാണ്. ആ പ്രതിസന്ധിയില്‍ നിന്ന് രക്ഷതേടി  മുജാഹിദ് നേതാക്കള്‍ പാണക്കാട്ടെ സയ്യിദ് കുടുംബത്തെ അഭയം പ്രാപിക്കുകയായിരുന്നു. ഈ സമ്മേളനത്തിന്റെ ഏറ്റവും വലിയ വിജയമായി റഷീദ് അലി തങ്ങളുടേയും മുനവ്വര്‍ അലി തങ്ങളുടേയും സാനിദ്ധ്യത്തെ മുജാഹിദ് പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നത് വെറുതയല്ല. സ്വന്തം സ്വത്വം ചോദ്യം ചെയ്യപ്പെടുക എന്നതിനേക്കാള്‍ വലിയൊരു വേദന ഇല്ലല്ലോ. സമുദായത്തിനായാലും സംഘടനകള്‍ക്കായാലും. അങ്ങനെയൊരു വേദനവന്നപ്പോള്‍ കേരളത്തിലെ എല്ലാ മുസ്ലിംകളും അഭയം തേടി എത്തുന്നിടത്തേക്കുതന്നെ മുജാഹിദുകളും എത്തി. സയ്യിദ് കുടുംബത്തിന്റെ പൂമുഖത്തേക്ക്. അഹ്‌ലു ബെയത്തിന്റെ തണലിലേക്ക്. അതൊരു ന്യൂനതയല്ല. അതൊരു പരാജയവുമല്ല. അതൊരു തിരിച്ചറിവാണ്. കേരളത്തിലെ മുസ്ലിംകള്‍ മുജാഹിദു പ്രസ്ഥാനത്തെ അംഗീകരിക്കണമെങ്കില്‍ അവരുടെ നിരപരാധിത്തം അഹ്‌ലു ബെയ്ത്തിനെ ബോധ്യപ്പെടുത്തണം എന്ന തിരിച്ചറഞ്ഞത് നല്ല ലക്ഷണമാണ്. 

സയ്യിദന്മാര്‍ക്ക് പ്രത്യേക സ്ഥാനമുണ്ട് എന്ന് മുസലിംകള്‍ എക്കാലവും വിശ്വസിച്ചു പോരുന്ന സത്യമാണ്. അതിനെ ഇകഴ്ത്തിയിരുന്നവരും ഇപ്പോള്‍ ഏറ്റു പറയുന്നു. എത്രയോ നല്ലത്. -അത്രയുമാണ് അവര്‍ തങ്ങന്മാരെ ക്ഷണിച്ചതിന്റെ പൊരുള്‍.  സമാധാനത്തിന്റെയും ഐക്യത്തിന്റെയും പക്ഷത്താണെന്ന്  ഇത്രമേല്‍ എളിമയോടെ ബോധ്യപ്പെടുത്താന്‍ അവര്‍ ശ്രമിക്കുമ്പോള്‍ ആ ശ്രമത്തെ ശ്ലാഘിക്കേണ്ടതുതന്നെ.

എന്നാല്‍ അവരുടെ ക്ഷണം സ്വീകരിച്ച്  റഷീദ് അലി തങ്ങളും മുനവര്‍ അലി തങ്ങളും അവിടെ ചെന്നതിന്റെ പൊരുള്‍ അതിലും എത്രയോ ഏറെയാണ്. ഐക്യത്തിന്റെ പക്ഷത്താണ് എന്ന് തെളിയിക്കാനുള്ള മുജാഹിദ് പ്രസ്ഥാനത്തിന്റെ ശ്രമം തങ്ങന്മാരെ ക്ഷണിച്ചതിലൂടെതന്നെ വിജയിച്ചു. പിന്നീട് അങ്ങോട്ട് എല്ലാ ഭാരവും തങ്ങന്മാരുടെ ചുമലിലാണ്. 

മുജാഹിദ് പ്രസ്ഥാനം സമ്പാദിച്ചുകൂട്ടിയിട്ടുള്ള ദുഷ്പേരു കാരണം സമുദായം അവരുടെ സാമീപ്യം ഭയക്കുന്നു. അവരെ ഞങ്ങള്‍ അകറ്റിനിര്‍ത്തുകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് ആ ദുഷ്പേരിന്റെ കറ ഒഴിവാക്കാന്‍ സമുദായം എളുപ്പത്തില്‍ കാണുന്ന മാര്‍ഗം. അതിനായി ശ്രമിക്കുമ്പോഴാണ് സമുദായത്തിന്റെ ആദരണീയരായ രണ്ടുനേതാക്കള്‍ അവരുടെ ക്ഷണം സ്വീകരിക്കുന്നത്. 

സ്വാഭാവികമായും ചിലര്‍ക്കെങ്കിലും മനസ്സു വേദനിക്കും അസ്വസ്ഥയുണ്ടാകും. ആ അസ്വസ്ഥതയെ ഊതിത്തണുപ്പിക്കുകയും സ്വന്തക്കാരുടെ വേദനയെ ശമിപ്പിക്കുകയും ചെയ്യുക എന്ന വലിയൊരു പണി തങ്ങന്മാര്‍ക്ക് മുന്നിലുണ്ടായിരുന്നു. ഇങ്ങനെയാരവസ്ഥ ചരിത്രത്തിലുണ്ട്. അലി ഇബ്നു അബീതാലിബ് (കര്‍റമല്ലാഹു വജ്ഹഹു) ന്റെ രക്തസാക്ഷ്യത്തെ തുടര്‍ന്ന് ആളുകള്‍ കൂട്ടമായി ചെന്ന് ഹസ്സന്‍ (റ) തങ്ങളെ ബൈഅത്ത് ചെയ്തു. അതിനു ശേഷം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു, ''ജനങ്ങളേ, ഞാന്‍ യുദ്ധം ചെയ്യുന്നവരോട് നിങ്ങളും യുദ്ധം ചെയ്യുക. ഞാന്‍ സാമധാനം പാലിക്കുന്നവരോട് നിങ്ങളും സമാധാനം പാലിക്കുക''. 

ഖിലാഫത്ത് ഏറ്റെടുത്ത ഉടന്‍തന്നെ ഹസ്സന്‍തങ്ങള്‍ സമാധാനത്തെക്കുറിച്ച് സംസാരിച്ചത് ഇഷ്ടപ്പെടാത്ത ആളുകള്‍ അദ്ദേഹത്തിന്റെ അണികളില്‍ ഉണ്ടായിരുന്നു. അവരുടെ വികാരങ്ങളെ വൃണപ്പെടുത്താതെ അവരെ കാര്യം ബോധ്യപ്പെടുത്തിക്കൊണ്ട് സമാധാനം സ്ഥാപിക്കാന്‍ ഹസ്സന്‍ തങ്ങള്‍ക്ക് സാധിച്ചു. അങ്ങനെയാണല്ലോ ഹിജിറ് 41-ാം വര്‍ഷം ഐക്യത്തിന്റെ വര്‍ഷമായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്. സമുദായത്തില്‍ ഐക്യമുണ്ടാക്കാനായി ആദ്യം സ്വന്തം സ്നേഹജനങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുക എന്നൊരു ഘട്ടമുണ്ട്. അത് നിഷ്പ്രയാസം സാധിക്കുമെന്നത് അഹലുബൈയ്ത്തിന്റെ പ്രത്യേകതയാണ്. അതാണ് ഇവിടെയും കണ്ടത്.

പക്ഷേ, തങ്ങന്മാര്‍ക്കു മുന്നില്‍ പിന്നേയും കടമ്പകളാണ്. ഐക്യത്തിന്റെ ആവശ്യകത മുഴുവന്‍ സമുദായത്തേയും ബോധ്യപ്പെടുത്തണം. അതേസമയം ആക്രമത്തില്‍ നിന്നും തീവ്രവാദത്തില്‍ നിന്നും അകന്നുനില്‍ക്കേണ്ടതിന്റെ ആവശ്യകത സംഘാടകരെ പറഞ്ഞു പഠിപ്പിക്കണം. ലളിതമായ വാക്കുകളിലൂടെ, ഒട്ടും ആയാസമില്ലാതെ റഷീദ് അലി തങ്ങളും മുനവര്‍ അലി തങ്ങളും അത് നിര്‍വ്വഹിക്കുന്നത് സമ്മേളനനഗരി അത്ഭുദാരങ്ങളോടെ കണ്ടു നിന്നു. കേരളം കേട്ടുനിന്നു. 

അഹ്ലുബെയ്ത്തിനു മുസ്ലിം മനസ്സിലുള്ള സ്ഥാനം എന്ത് എന്നതിന് തെളിവായിരുന്നു മുനവര്‍ അലി തങ്ങള്‍ കടന്നുചെന്നപ്പോഴുണ്ടായ സദസ്സിന്റെ പ്രതികരണം. ''സയ്യിദന്മാര്‍ക്ക് പ്രത്യേകതയാന്നും ഇല്ല'' എന്ന് എത്രയോ വട്ടം പ്രസംഗിക്കുകയും അങ്ങനെ കേരളത്തെ പഠിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തവരൊക്കെയും അതിഥിമുറിയിലേക്ക് മുനവര്‍തങ്ങള്‍ കടന്നുചെന്നാപ്പോള്‍ ബഹുമാനം പ്രകടിപ്പിക്കാന്‍ മത്സരിക്കുകയായിരുന്നു. അതൊന്നും മോശമല്ല. മോശമായി കാണുന്നതാണ് മോശം പ്രവര്‍ത്തി.

 അവരുടെ മനസ്സ് അത്രയും പാകപ്പെട്ടതുകൊണ്ടാണ് റഷീദ് അലി തങ്ങള്‍ പറഞ്ഞ വാക്കുകള്‍ പരിപൂര്‍ണ നിശ്ശബ്ദതയോടെ ആ നഗരി ഏറ്റുവാങ്ങിയത് എന്ന് കരുതാം. ''ഭി്ന്നിച്ചാല്‍ ഇനി നമുക്ക് നിലിനില്‍പ്പില്ല, നമ്മുടെ അസ്ഥിത്വം ചോദ്യംചെയ്യപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. എല്ലാവരും പ്രസ്ഥാന വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നിന്നാലേ നമുക്ക് വിജയിക്കാന്‍ സാധിക്കൂ'' എന്ന് റഷീദ് അലി തങ്ങള്‍ പറഞ്ഞപ്പോള്‍ ഐക്യമെന്ന മന്ത്രം ആദ്യമായി കേള്‍ക്കുന്ന ഭാവമായിരുന്നു സദസ്സിന്. ആ സന്ദേശം പൂരിപ്പിക്കുകയാണ് മുനവര്‍ അലി തങ്ങള്‍ ചെയ്തത്. '' തീവ്രവാദം പ്രോത്സാഹിപ്പിക്കാത്ത, അത്തരക്കാര്‍ക്ക് സഹായം നല്‍കാത്ത, നന്മയും സ്നേഹവും ഉള്‍ക്കൊള്ളുന്ന, ഏതൊരു പ്രസ്ഥാനത്തോടും സഹകരിക്കാന്‍ ഒരുക്കമാണ് എന്ന സന്നദ്ധതക്ക് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. അത് സംഘാടകര്‍ക്ക് മനസ്സിലായാല്‍ അവര്‍ക്കും കേരളത്തിനും നല്ലത്.

ഇവരില്‍ ഒരാളെ വഖഫ്ബോര്‍ഡ് അദ്ധ്യക്ഷന്‍ എന്ന നിലയില്‍ അതുമായി ബന്ധപ്പെട്ട സമ്മേളനത്തിലും മറ്റൊരാളെ യുവജനസംഘടനാ നേതാവ് എന്ന നലയിലുമാണ് ക്ഷണിച്ചത് എന്ന വാദമൊക്കെ സാങ്കേതികം മാത്രമാണ്. ആ വ്യക്തിത്വങ്ങളുടെ സാന്നിധ്യമാണ് ആ സമ്മേളനത്തിന്റെ വിജയത്തിന്റെ മാനദണ്ഡം. 

ആ സംഘടനക്ക് അവരുടെ നിരപരാധിത്തം സമുദായത്തിനു മുന്നില്‍ പ്രകടിപ്പിക്കാന്‍ മറ്റൊരു ആശ്രയമില്ല. അഹലുബെയ്ത്ത് അല്ലാതെ. കേരളമുസ്ലികളുടെ മുന്നില്‍ അവര്‍ക്കുവേണ്ടി ശിപാര്‍ശ ചെയ്യാനാണ് മുജാഹിദ് നേതൃത്വം തങ്ങന്മാരെ വിളിച്ചുകൊണ്ടുപോയത്. തീവ്രവാദത്തില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും അത്തരക്കാര്‍ക്ക് സഹായം നല്‍കരുതെന്നും ഏറ്റവും ഉചിതമായ വേദിയില്‍ വെച്ച് പറയാനാണ് തങ്ങന്മാര്‍ ചെന്നത്. ഈ കാലഘട്ടം ആവശ്യപ്പെടുന്നത് ഐക്യമാണ് എന്ന് സമുദായത്തെ ഓര്‍മപ്പെടുത്താനാണ് ആ സന്ദര്‍ഭം അവര്‍ ഉപയോഗപ്പെടുത്തിയത്. അവരുടെ കടമ അവരുടെ പാരമ്പര്യത്തിന് ചേര്‍ന്നവിധം അവര്‍ നിര്‍വ്വഹിച്ചു. ബാക്കി സമുദായത്തിന്റെ കയ്യിലാണ്. സംഘടനകളുടെ കാലുകളിലല്ല.

പൊടിപടലങ്ങളും ശബ്ദഘോഷങ്ങളും അടങ്ങുമ്പോള്‍, ശാന്തത തിരിച്ചുവരുമ്പോള്‍, ചിലരെങ്കിലും സംശയിച്ചേക്കും. ആ പ്രസ്ഥാനത്തിന്റെ ക്ഷണം സത്യസന്ധമായിരുന്നോ എന്ന്. യഥാര്‍ത്ഥത്തില്‍ അവര്‍ സയ്യിദന്മാരെ ഇത്രമേല്‍ ആദരിക്കുന്നുണ്ടോ എന്ന്. സയ്യിദന്മാരുടെ നിഷ്‌കളങ്കതയും ഉമ്മത്തിനോടുള്ള സ്നേഹവും സംഘാടകര്‍ മുതലെടുക്കുകയായിരുന്നോ എന്ന്. അല്ല എന്നതാണ് ഏറ്റവും ശരിയായ ഉത്തരം. 

കേരളത്തിലെ മറ്റേതൊരു മുസ്ലിമിനേയും പോലെ പ്രാമാണികരായ മുജാഹിദ് നേതാക്കളും സയ്യിദന്മാരെ, കേരളത്തിലെ സയ്യിദന്മാരെ ആദരിക്കുന്നുണ്ട്, അതിന്റെ അര്‍ത്ഥത്തിലും ആഴത്തിലും ആദരിക്കുന്നുണ്ട്. ഒരുപക്ഷേ മറ്റാരേക്കാളും കേരളത്തിലെ സയ്യിദന്മാരുടെ വിശുദ്ധി തിരിച്ചറിഞ്ഞത് മുജാഹിദ് നേതാക്കളായിരിക്കും. അവര്‍തന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

കെ.എന്‍.എമ്മിന്റെ പ്രസിദ്ധീകരണാലയമായ യുവത 17 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച വിജ്ഞാനകോശമുണ്ട്. ഇ്സലാം. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയാണ് എഡിറ്റര്‍. പ്രാമാണികരായ മുജാഹിദ് നേതാക്കളൊക്കെയും പരിശോധിച്ചതാണ്. അതിന്റെ നാലാം വാള്യത്തില്‍, സയ്യിദു ശ്ശുഹാദാ ഹുസൈന്‍ (റ) തങ്ങളെക്കുറിച്ച്  പറയുന്നതിങ്ങനെ: 

'ഹുസൈന്‍ പോരാളി മാത്രമായിരുന്നില്ല. ഉദാരനും കൂടിയായിരുന്നു. കിട്ടുന്ന പണമെല്ലാം കവികള്‍ക്കും അശരണര്‍ക്കും നല്‍കി. അദ്ദേഹം കവിയും സാഹിത്യകാരനും കിടയറ്റ പ്രഭാഷകനുമായിരുന്നു. അദ്ദേഹത്തിന്റെ സ്വരത്തില്‍ അല്‍പം അനുനാസികത്വം(ഗുന്നത്ത്) ഉണ്ടായിരുന്നുവത്രെ. ഇതു ഹുസൈനികള്‍ പൊതുവേ പ്രകടമാക്കുന്നതായി ഇബ്നുകഥീര്‍ പ്രസ്താവിച്ചിരിക്കുന്നു. ചില മലയാളികളായ ഹുസൈനികള്‍ക്കും ഈ സ്വരവ്യത്യാസം കാണപ്പെടുന്നു'' - ഇതാണ് കേരളത്തിലെ സയ്യിദന്മാരെപറ്റി മുജാഹിദ് നേതാക്കുള്‍ക്കുള്ള ബോധ്യം. തികഞ്ഞ ബോധ്യം.

പിന്നെ എന്തുകൊണ്ടാവാം, സയ്യിദന്മാര്‍ക്ക് പ്രത്യേകതയില്ലെന്ന് അവര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത് എന്നത് മറ്റൊരു വിഷയമാണ്. അതിപ്പോള്‍ ഇവിടെ ചര്‍ച ചെയ്യുന്നത് അനുചിതമാണ്. ഉചിതമല്ലാത്തവയില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കാം. റഷീദ് അലി തങ്ങള്‍ പറഞ്ഞുവല്ലോ. പരസ്പരം വിമര്‍ശിക്കുമ്പോഴും ശ്രദ്ധിക്കണമെന്ന്. ആ വാക്കുകള്‍ അനുസരിക്കാം. അവരുടെ മനസ്സിലുള്ളത് നമുക്ക് അറിയില്ലല്ലോ. എല്ലാം അറിയുന്നവന്‍ അല്ലാഹുവല്ലോ.