അരുത്, അവളെ ജീവിക്കാനനുവദിക്കുക

ഫാത്തിമ ശബാന ചെറുമുക്ക്‌

01 April, 2018

+ -
image

ജീവന്റെ തുടിപ്പുകള്‍ക്ക് ഭൂലോകത്തിന്റെ സ്പന്ദനങ്ങളെ തിരിച്ചറിയാന്‍ തുടങ്ങുമ്പോഴേക്കും കൊല്ലുന്ന മനുഷ്യരീതിക്ക് അവസാനം കുറിച്ചിട്ടില്ല. കെട്ട കാലത്ത് വിദ്യാഭ്യാസവും, സംസ്‌കാരവും ഉന്നതങ്ങള്‍ കീഴടക്കാത്തപ്പോള്‍ പ്രസവിച്ചത് പെണ്ണാണെങ്കില്‍ കുഴിച്ച് മൂടുകയായിരുന്നു. ഇന്ന് ലോകത്തിന്റെ വെളിച്ചം പോലും കാണിക്കാതെ ഗര്‍ഭാശയത്തില്‍ വെച്ച് തന്നെ കൊല്ലുകയാണ്. മനുഷ്യന്‍ ശാസ്ത്രത്തിന്റെയും, സംസ്‌കാരത്തിന്റെയും മാനവികതയുടെയും  ഔന്നിത്യം പേറി നടക്കുമ്പോള്‍ കെട്ട കാലത്തിന്റെ ഇരുണ്ട ചിന്തകള്‍ക്ക് അയവ് വന്നിട്ടില്ല....

മഹിതമായൊരു പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കരാണ് നമ്മള്‍ ഭാരതീയര്‍. ഒരു പീറ ഉറുമ്പിനെപ്പോലും അനാവശ്യമായി ഹനിക്കരുതെന്നാണ് ഭാരതീയ പ്രമാണം. 'നമ്മള്‍ ഭാരതീയരെന്ന ഭാഷാപ്രയോഗത്തില്‍ തന്നെ ഒന്നിപ്പിന്റെ ജീവതാളമുണ്ട്. വെള്ളം ചൂടാകുമ്പോള്‍ ബാക്ടീരിയകള്‍ ചത്തുപോകുന്നത് അഹിംസക്ക് എതിരാവുന്നതിനാല്‍ തണുത്ത വെള്ളമല്ലേ കുടിക്കാനാവൂയെന്ന് ഒരു വിദ്യാര്‍ത്ഥി തന്നോട് സംശയം ചോദിച്ച അനുഭവം യങ് ഇന്ത്യയില്‍ ഗാന്ധിജി കുറിച്ചിട്ടുണ്ട്. വേട്ടക്കാരന്റെ അമ്പിന്റെ പോക്കുവഴി കണ്ട് മുനിക്ക് വന്ന ശോകം ശ്ലോകമായപ്പോഴാണ് മഹാവേദം പിറന്നത്. പറയാനിനിയും പൈതൃകപ്പെരുമ ഏറെയുള്ള നാട്ടിലില്‍നിന്നിന്ന് മനുഷ്യ നിന്ദയുടെ കഥകളാണ് കേള്‍ക്കുന്നതൊക്കെയും.

'ഇന്ത്യാ നിന്റെ വയറ്റില്‍ പിറന്നതിന്റെ നാണം മറയ്ക്കാന്‍

ഒരു ദേശീയ പതാകപോലുമില്ലാതെ
ഞാന്‍ ചൂളിയുറഞ്ഞു പോകുന്നു.
നിന്റെ ആര്‍ഷപാരമ്പര്യം എന്റെ മുതുകില്‍
കൂനുപോലെ തൂങ്ങുന്നു.'എന്ന കവി സച്ചിദാനന്ദന്റെ വിലാപം ഒരു ജനതയുടെ ധര്‍മ്മ സങ്കടമായി മാറിയിരിക്കുന്നു.

സ്വന്തം രാജ്യത്തോടും ദേശീയ ചിഹ്നങ്ങളോടും കവി പ്രകടിപ്പിച്ച വിമര്‍ശനം  വാസ്തവത്തില്‍ നടപ്പുകാല ഇന്ത്യയുടെ ആത്മാവിന്റെ നിലവിളിയാണ്. മനുഷ്യ ജീവനുകളെ മൂര്‍ച്ചക്കത്തികള്‍ അരിഞ്ഞിടുന്ന തെരുവുകളിലൂടെ നടക്കുമ്പോള്‍ കേള്‍ക്കുന്ന നിലവിളി മരണങ്ങളെക്കാളധികം ഉയരാന്‍ നിലവിളികളില്ലാത്ത മരണവും നടക്കുന്നുണ്ടിവിടെ. അത്തരത്തിലുള്ള ഭ്രൂണഹത്യ മരണങ്ങള്‍ക്ക് നിയമ പരീരക്ഷയുമെണ്ടെന്നത് ഭാരതത്തിന്റെ സല്‍കീര്‍ത്തിക്കും സംസ്‌കാരത്തിനും ചേര്‍ന്നതല്ല. 

ജനസംഖ്യാസ്‌ഫോടനങ്ങളെക്കുറിച്ച് ഉല്‍കണ്ഠകള്‍ സൃഷ്ടിച്ച്, ജനനാവകാശം നിഷേധിക്കുന്നത് ഇന്ത്യക്കെന്നല്ല ഒരു രാജ്യത്തിനും ക്ഷന്തവ്യമല്ല.

ഇന്ത്യയില്‍ 2015 ല്‍  1.56 കോടി ഗര്‍ഭഛിദ്രങ്ങള്‍ നടന്നു. ദി ലാന്‍സറ്റ് ഗ്‌ളോബല്‍ ഹെല്‍ത്ത് എന്ന മെഡിക്കില്‍ ജേര്‍ണല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലുള്ളത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഏഴു ലക്ഷം ഗര്‍ഭഛിദ്രങ്ങളായിരുന്നു നടന്നിരുന്നത്. എന്നാല്‍ 2015 ആയപ്പോഴേയ്ക്കും എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ ഇന്ത്യയില്‍ സ്ത്രീകളാണ് ഗര്‍ഭഛിദ്രത്തിനായി മുന്നോട്ടു വരുന്നതെന്നും ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം മുന്‍ കാലങ്ങളില്‍ ഗര്‍ഭഛിദ്രം ആതുരമാര്‍ഗ്ഗത്തിലൂടെ ചെയ്യുന്നതിന്റെ നേരെ ഇരട്ടിയാണ് വീടുകളില്‍ വെച്ച് നടക്കുന്നത്. വീടുകളില്‍ 81 ശതമാനം ഗര്‍ഭഛിദ്രങ്ങള്‍ നടന്നിരുന്നു. അതില്‍ 12.7 ശതമാനവും വൈദ്യശാസ്തരത്തിന്റെ സഹായത്തോടെയാണ് ചെയ്തത്. കൂടാതെ 2.2 ദശലക്ഷം ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നത് ശസ്ത്രക്രീയ മുഖേനെയാണ്. 0.8 ദശലക്ഷം മറ്റുമാര്‍ഗങ്ങളും ഉപയോഗിക്കുന്നുണ്ട്. അതേസമയം സര്‍ക്കാര്‍ ആശുപത്രിയിലെ ഗര്‍ഭഛിദ്ര കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ഇതില്‍ സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.

1980 കളിലും 90 കളിലുമായി 5 ശതമാനമെന്ന തോതിലായിരുന്നു ഇത്തരത്തിലുള്ള ഭ്രൂണഹത്യ മരണമെങ്കില്‍ ഇപ്പോള്‍ അത് 20 ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്. പരസ്പര സമ്മതത്തോടെ  ഗര്‍ഭണികളാവുന്ന കുട്ടികളും പീഡനത്തിനിരയായി ഗര്‍ഭണികളാവുന്ന കുട്ടികളും സ്ത്രീകളും ഗര്‍ഭഛിത്രം നടത്താന്‍  അംഗീകാരമില്ലാത്ത സ്ഥാപങ്ങളിലാണ് ചെന്നെത്തുന്നത്.

2008ലെ ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം  രാജ്യത്ത് നടന്ന  ഗര്‍ഭഛിത്രങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നുള്ളതാണ്. നിയമ വിധേയമല്ലാത്ത 90 ലക്ഷത്തോളം ഗര്ഭഛിത്രങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ടെന്നാണ് 1995ല്‍ ഫോര്‍ഡ് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്.

'ചന്നം പിന്നം പെയ്യുന്ന മഴ
വരാന്തയില്‍ അങ്ങിങ്ങു ചില രോഗികളും ബന്ധുക്കളും
വിളറിയ മുഖത്തോടെ ആ യുവതി ഡോക്ടറുടെ മുറിയിലേക്ക് പ്രവേശിച്ചു.
നിരാശ നിഴലിക്കുന്ന കണ്ണുകള്‍, അവരാകെ അസ്വസ്ഥയായിരുന്നു
ഇരിക്കൂ, മനസ്സിലെ ആലസ്യം മുഖത്ത് കാണിക്കാതെ ഡോക്ടര്‍ പറഞ്ഞു
ഡോക്ടര്‍, ഞാനാകെ വിഷമത്തിലാണ്.  അത് എങ്ങിനെ പറയണമെന്ന് എനിക്കറിയില്ല
എന്തു പറ്റി? ആകാംക്ഷയോടെ ഡോക്ടര്‍ ചോദിച്ചു
ഡോക്ടര്‍, ഞാന്‍ വീണ്ടും.. ഗര്‍ഭിണിയായിരിക്കുന്നു
ഓ.. അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടു. ഒരു പുന്ചിരിയോടെ ഡോക്ടര്‍ പറഞ്ഞു
അതല്ല ഡോക്ടര്‍..
എന്റെ ആദ്യത്തെ കുഞ്ഞിനു ഒരു വയസ്സുപോലും തികഞ്ഞിട്ടില്ല
അതിനെന്താ? ഡോക്ടര്‍ ആശ്ചര്യം പൂണ്ടു
അതിന് മുന്‌പേ മറ്റൊരു കുഞ്ഞു കൂടി..
ആ യുവതിയുടെ വാക്കുകള്‍ക്കു പതിവിലേറെ തിടുക്കമുണ്ടായിരുന്നു
ഉടനെ ഒരു പ്രസവം ഞാന്‍ ആഗ്രഹിക്കുന്നില്ല, ഡോക്ടര്‍.
അല്‍പ സമയം ഡോക്ടര്‍ ചിന്തയിലാണ്ടു.
ആ യുവതി ഡോക്ടറുടെ മറുപടിക്കായി കാത് കൂര്‍പ്പിച്ചു.
നിശബ്തത മുറിച്ചു കൊണ്ടു ഡോക്ടര്‍ പറഞ്ഞു 'നിങ്ങളുടെ പരിപൂര്‍ണ സഹകരണമുണ്ടെങ്കില്‍ നമുക്കൊരു കാര്യം ചെയ്യാം. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനെ നശിപ്പിക്കുന്നത് ഒരു പക്ഷെ  അത് മാതാവിനും ഇനിയുണ്ടാവാനിടയുള്ള കുഞ്ഞുങ്ങളെയും ദോഷമായി ബാധിക്കും. അതിനാല്‍ നമുക്കു ആദ്യത്തെ കുഞ്ഞിനെയങ്ങ് വധിച്ചു കളയാം. 

ഡോക്ടര്‍ മുഖമുയര്‍ത്തി  ആ സ്ത്രീയിലേക്ക് നോക്കി.
അവളുടെ മുഖം വിളറി വെളുത്തു, കോപം കൊണ്ടു അവള്‍ വിറക്കുന്നുണ്ടായിരുന്നു. താങ്കള്‍ക്കെന്താ ഭ്രാന്ത് പിടിച്ചോ? അവള്‍ ഇരിപ്പിടത്തില്‍ നിന്നും ചാടിയെഴുന്നേറ്റു.

എന്റെ കുഞ്ഞിനെ കൊല്ലണം എന്ന് പറയാന്‍ താങ്കള്‍ക്കെങ്ങനെ മനസ്സു വന്നു?
ശാന്തതയോടെ ഡോക്ടര്‍ പറഞ്ഞു: സഹോദരി,  ഏത് കുഞ്ഞിനെ നശിപ്പിച്ചാലും  അത് പാപം  തന്നെയാണ്  എന്ന് ആദ്യം മനസ്സിലാക്കുക.
പിന്നെ ഒരു നിമിഷം പോലും ആ യുവതി അവിടെ നിന്നില്ല.....

ഭ്രൂണഹത്യയെക്കുറിച്ചു ഒരു ഓണ്‌ലൈന്‍ മാധ്യമത്തില്‍ വന്ന കഥയാണിത്. ഈ കഥ നമ്മെ ആഴത്തില്‍ ചിന്തിപ്പിക്കുന്നുണ്ട്. തന്റെ കുഞ്ഞിനെ നശിപ്പിക്കാന്‍ വേണ്ടി വന്ന സ്ത്രീയോട് ഡോക്ടര്‍ പറയുന്ന വാക്കുകള്‍ യാഥാര്‍ത്തത്തിന്റെ  തീയാളലായി സ്ത്രീയില്‍ പതിക്കുന്നു.. കാലഘട്ടത്തിന്റെ ഗര്‍ഭപാത്രത്തിത്തിലേക്ക് ആശയം കൊണ്ടും വാക്കുകള്‍ കൊണ്ടും വിരല്‍ ചുണ്ടുകയാണ് ഈ കഥ..

ഇന്നിന്റെ തിളപ്പില്‍ തിളച്ചു പൊന്തിയ മനുഷ്യരില്‍  മനുഷ്യത്വമെന്ന വികാരം 
അശേഷം നഷ്ടപ്പെട്ടിരിക്കുന്നു.

ഭൂലോകത്തിന്റെ സൗന്ദര്യം കാണാത്ത ലോകത്ത് നിന്ന് ആസ്വദിക്കാനുള്ള കഴിവ് ദൈവം ജീവന്റെ തുടിപ്പിന് നല്‍കുമ്പോള്‍, മനുഷ്യന്റെ സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി ദൈവം നല്‍കിയ ജീവനെ തല്ലിക്കെടുത്തുന്നത് ജീവന്‍ നിഷേധിക്കല്‍ തന്നെയാണ്.

ലോകത്തിലെ തന്നെ മാറ്റിമറിക്കാന്‍ പ്രാപ്തമാക്കുന്ന ഒരു ജീവനെ ആയിരിക്കാം ഒരു പക്ഷെ നമ്മള്‍ ഇല്ലാതാക്കുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ അമ്മയുടെ ഗര്ഭാശയത്തില്‍ നിന്നു തന്നെ ഇടം നഷ്ടപ്പെടുന്ന കുഞ്ഞുങ്ങള്‍... തനിക്കുള്ള ഇടം സ്വന്തം മാതാപിതാക്കള്‍ തന്നെ നഷ്ടപ്പെടുത്തുമ്പോള്‍ ഇതിനെ കൊലപാതകം എന്നല്ലാതെ മറ്റെന്ത് വിളിക്കണം.. സ്വന്തം കുഞ്ഞിനെ അദി ദാരുണമായി വധിക്കുന്നവര്‍..

ആരാണ്  നമുക്ക് ആര് ജീവിക്കണമെന്നും, മരിക്കണമെന്നും വിധിക്കാനുള്ള അധികാരം നല്‍കിയത്. ??

നമ്മള്‍ വന്ന വഴികളിലൂടെ മറ്റൊരു ജീവന്‍ വരുമ്പോള്‍ നമ്മള്‍ ഭയപ്പെടേണ്ട ആവശ്യമുണ്ടോ? ദൈവം ജീവന്‍ നല്‍കുന്നതോടൊപ്പം പ്രത്യേക കഴിവും ഒപ്പം നല്‍കുന്നുണ്ട്. ചിന്തയുടെ ശക്തി തന്നെയാണ് ഒരാളെ എന്നല്ല, 'ലോകത്തെ തന്നെ മാറ്റിമറിക്കുന്നത്'..

ഓര്‍ക്കുക, നിങ്ങളവസാനിപ്പിക്കുന്നത് ചിലപ്പോള്‍ ലോകത്തെ തന്നെ മാറ്റി മറിക്കാന്‍ പോകുന്ന ഒരു വ്യക്തിയെ ആയിരിക്കാം.